25 April Thursday

എ കെ ജി സെന്റർ ബോംബാക്രമണം : ഒരു യൂത്ത്‌ കോൺഗ്രസ്‌ നേതാവിനുകൂടി പങ്ക്‌

സുജിത്‌ ബേബിUpdated: Saturday Sep 24, 2022


തിരുവനന്തപുരം
എ കെ ജി സെന്ററിലേക്ക്‌ സ്ഫോടകവസ്തു എറിഞ്ഞതിൽ  ഒരു യൂത്ത്‌കോൺഗ്രസ്‌ നേതാവിനുകൂടി പങ്കുണ്ടെന്ന്‌ അന്വേഷകസംഘം. ഉന്നതനേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാളാണ്‌  പ്രതിയായ യൂത്ത്‌കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിനെ രക്ഷപ്പെടാൻ സഹായിച്ചതെന്ന്‌ പൊലീസ്‌ പറയുന്നു.  കോൺഗ്രസ്‌ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ്‌ ആക്രമണം നടന്നതെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കേസിലെ പുതിയ വഴിത്തിരിവ്‌.

അറസ്റ്റിലായ ജിതിൻ അന്വേഷണത്തോട്‌ സഹകരിക്കുന്നില്ല. ചോദ്യങ്ങൾക്ക്‌ കൃത്യമായി മറുപടിയും നൽകുന്നില്ല. കഞ്ചാവ്‌ കേസിൽ കുടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌ കുറ്റസമ്മതം നടത്തിച്ചതെന്ന്‌ വൈദ്യപരിശോധനയ്‌ക്ക്‌ ഹാജരാക്കുന്നതിനിടെ  ജിതിൻ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. കേസിലെ പ്രധാന തൊണ്ടിമുതലായ സ്കൂട്ടറും ആക്രമണസമയത്ത്‌ ധരിച്ച വസ്ത്രവും ഷൂസും എവിടെയെന്ന്‌ ഇയാൾ ഇനിയും വ്യക്തമാക്കിയിട്ടില്ല. കെപിസിസി നേതൃത്വമാണ്‌ പ്രതിക്ക്‌ പിന്തുണയേകുന്നതെന്ന്‌ പൊലീസ്‌ കരുതുന്നു. പിടിയിലാകുമെന്ന്‌ ഉറപ്പായ പ്രതി തൊണ്ടിമുതലുകൾ നശിപ്പിക്കാനുള്ള സാധ്യതയും അന്വേഷകസംഘം തള്ളുന്നില്ല.

അതേസമയം, ആക്രമണത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന്‌ കരുതുന്ന മറ്റ്‌ ചില യൂത്ത്‌കോൺഗ്രസ്‌ നേതാക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്‌. ഇവരുടെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിക്കുകയാണ്‌ പൊലീസ്‌.

4 ദിവസം കസ്റ്റഡിയിൽ
എ കെ ജി സെന്ററിനു നേർക്ക്‌ സ്‌ഫോടകവസ്‌തു എറിഞ്ഞതിന്‌ അറസ്റ്റിലായ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിനെ നാല്‌ ദിവസം പൊലീസ്‌ കസ്റ്റഡിയിൽ വിട്ടു. വെള്ളി രാവിലെ വൈദ്യപരിശോധനയ്‌ക്കുശേഷമാണ്‌ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതി (മൂന്ന്‌) പ്രതി ജിതിനെ കസ്റ്റഡിയിൽ വിട്ടത്‌. വ്യാഴാഴ്‌ചയാണ്‌ ഇയാളെ  ക്രൈംബ്രാഞ്ച്‌ പ്രത്യേക സംഘം അറസ്റ്റ്‌ ചെയ്‌തത്‌.

സ്ഫോടനം നടത്തിയിട്ടില്ലെന്ന പ്രതിഭാഗം വാദം കോടതിയിൽ പ്രോസിക്യൂഷൻ എതിർത്തു. ഇതോടെ ആരെയും ലക്ഷ്യമിട്ടല്ല എറിഞ്ഞതെന്നും  സ്ഫോടകവസ്തു  മതിലിന്‌ പുറത്താണ്‌ പതിച്ചതെന്നതിനാൽ എ കെ ജി സെന്ററിനു നേരെ ആക്രമണം നടന്നതായി പറയാൻ സാധിക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. നിരോധിത രാസവസ്തു അടങ്ങിയ സ്ഫോടകവസ്തുവാണ്‌ എറിഞ്ഞതെന്നും കൂടുതൽ തെളിവെടുപ്പ്‌ ആവശ്യമാണെന്നും പ്രോസിക്യൂഷനും വാദിച്ചു. 

കൂട്ടുപ്രതിയായ കാറിൽ രക്ഷപ്പെടാൻ സഹായിച്ചയാളെ പിടികൂടാൻ വിവരങ്ങൾ പ്രതിയിൽനിന്ന്‌ ശേഖരിക്കേണ്ടതുണ്ടെന്നും ആക്രമണസമയത്ത്‌ സഞ്ചരിച്ച സ്കൂട്ടർ, ധരിച്ച വസ്ത്രം, ഷൂസ്‌ എന്നിവ പ്രതിയുടെ സാന്നിധ്യത്തിൽ കണ്ടെത്തേണ്ടതുണ്ടെന്നും അസി. പബ്ലിക്‌ പ്രോസിക്യൂട്ടർ വി എം ഉമ അറിയിച്ചു. തുടർന്ന്‌, വിശദമായ അന്വേഷണം അന്വേഷണ ഏജൻസിയുടെ ഉത്തരവാദിത്വമാണെന്ന്‌ പരാമർശിച്ചാണ്‌ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്‌.  എ കെ ജി സെന്ററടക്കമുള്ള സ്ഥലങ്ങളിൽ പ്രതിയെ  അടുത്ത ദിവസം തെളിവെടുപ്പിനെത്തിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top