20 April Saturday
കളമശേരിയിൽ ബഹുജനറാലി

ജോഡോ യാത്രയിലെ സവർക്കർ ചിത്രം : കോൺഗ്രസ്‌ 
ബിജെപിയാകുന്നതിന് ഉദാഹരണം : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022


കളമശേരി
കോൺഗ്രസ്‌ പടിപടിയായി ബിജെപിയാകുന്നതിന്റെ ഉദാഹരണമാണ്‌ ഭാരത്‌ ജോഡോ യാത്രയുടെ പ്രചാരണ ഫ്ലക്സിൽ സവർക്കറുടെ ചിത്രം വന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

സ്വാതന്ത്ര്യ സമരസേനാനികൾക്കൊപ്പം സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത്‌ യാദൃച്ഛികമല്ല. വർഗീയതയും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന കേന്ദ്രനയങ്ങൾക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം കളമശേരിയിൽ സംഘടിപ്പിച്ച ബഹുജനറാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ അധികാരവും കേന്ദ്രത്തിനുകീഴിലെത്തിച്ച്‌ ഫെഡറൽ സംവിധാനങ്ങളെ തകർക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. ജിഎസ്‌ടി ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ അതിന്റെ ഭാഗമാണ്‌. കേന്ദ്രത്തിന്റെ മുതലാളിത്ത നയത്തിൽ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്നു. അതിനു ബദലാണ്‌ കേരള മോഡൽ. എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയോടെ ജീവിക്കാനാകുന്ന സാഹചര്യമാണ്‌ കേരളത്തിലുള്ളത്‌.

തെറ്റായ കേന്ദ്രനയങ്ങളെ ചെറുത്ത്‌ കേരളത്തെ മുന്നോട്ടുനയിക്കുകയാണ്‌ സിപിഐ എമ്മും എൽഡിഎഫും. ബിജെപിയുടെ നയങ്ങൾക്കെതിരെ പ്രക്ഷോഭം ഉയർത്താൻ കോൺഗ്രസിനു കഴിയുന്നില്ല. ജനാധിപത്യശക്തികളെ ഒരുമിച്ചുനിർത്തി അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന്‌ ഇറക്കിയില്ലെങ്കിൽ രാജ്യം അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി കെ പരീത്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്‌ ശർമ, കെ ചന്ദ്രൻപിള്ള, സി എം ദിനേശ്‌മണി, ഗോപി കോട്ടമുറിക്കൽ, എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം പി പത്രോസ്‌, എം സി സുരേന്ദ്രൻ, സി ബി ദേവദർശനൻ, പുഷ്പ ദാസ്, ടി സി ഷിബു, ആർ അനിൽകുമാർ, ഏരിയ സെക്രട്ടറി കെ ബി വർഗീസ്‌, ടി ടി രതീഷ്‌ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top