28 March Thursday

സിനിമാനിർമാണം പുനരാരംഭിക്കുന്നു; മുൻഗണന മുടങ്ങിപ്പോയ സിനിമകൾ പൂർത്തിയാക്കുന്നതിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 23, 2020

കൊച്ചി > പുതിയ സിനിമകളുടെ നിർമാണത്തിന്‌ അനുമതി നൽകാൻ ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ തീരുമാനിച്ചു. നിർമാണച്ചെലവ്‌ പകുതിയാക്കാനുള്ള തീരുമാനത്തോട്‌ താരസംഘടനയും സാങ്കേതികപ്രവർത്തകരുടെ സംഘടനയും സഹകരിക്കാൻ സന്നദ്ധമായതിനെ തുടർന്നാണ്‌ നിർമാണം പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ എം രഞ്ജിത്‌ പറഞ്ഞു. നിർമാണത്തിന്റെ വിവിധ ഘട്ടത്തിൽ മുടങ്ങിപ്പോയ 66 സിനിമകൾ പൂർത്തിയാക്കുന്നതിനാകും മുൻഗണന.

ആഗസ്‌ത്‌ ഒന്നുമുതൽ പുതിയ ചിത്രങ്ങളുടെ ചിത്രീകരണം തുടങ്ങും. പുറംവാതിൽ ചിത്രീകരണമില്ലാതെ, പരമാവധി 50 പേർമാത്രം പങ്കെടുത്ത്‌ കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ചിത്രീകരണം. അസോസിയേഷന്‌ സമർപ്പിക്കുന്ന പുതിയ ചിത്രങ്ങളുടെ വിപണനസാധ്യത പരിശോധിച്ചായിരിക്കും ചിത്രീകരണത്തിന്‌ അനുമതി നൽകുക.

കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ സിനിമ ചിത്രീകരിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയെങ്കിലും പുതിയ സിനിമകളൊന്നും ആരംഭിക്കാനായില്ല. താരപ്രതിഫലം ഉൾപ്പെടെ വെട്ടിക്കുറയ്‌ക്കണമെന്ന  നിർമാതാക്കളുടെ ആവശ്യത്തിൽ സമവായത്തിലെത്താൻ വൈകിയതാണ്‌ കാരണം. താരസംഘടനയും സാങ്കേതികപ്രവർത്തകരുടെ സംഘടനയും പിന്നീട്‌ സഹകരണം ഉറപ്പുനൽകി. ഇതിനിടെ നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തിനെതിരെ ലിജോ ജോസ്‌ പെല്ലിശേരിയും ആഷിക്‌ അബുവും ഉൾപ്പെടെ ഏതാനും സംവിധായകർ രംഗത്തെത്തിയിരുന്നു. പുതിയ ടൈറ്റിലുകളുടെ രജിസ്‌ട്രേഷൻ തുടർന്നപ്പോൾ അസോസിയേഷൻ അത്‌ തൽക്കാലം നിർത്തിവയ്‌ക്കുകയും ചെയ്‌തു.

സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെടുത്തി മലയാളസിനിമാ മേഖലയ്‌ക്കെതിരെ നടക്കുന്ന പ്രചാരണം ഇപ്പോൾത്തന്നെ കടുത്ത പ്രതിസന്ധിയിലായ വ്യവസായത്തെ തകർക്കുമെന്ന്‌ അസോസിയേഷൻ യോഗം വിലയിരുത്തി. നികുതികളൊടുക്കി നിയമാനുസൃതമാണ്‌ തങ്ങളുടെ പ്രവർത്തനമെന്നും അനധികൃത മാർഗങ്ങൾ ആശ്രയിക്കുന്നവരെ നിയമത്തിനുമുന്നിൽ എത്തിക്കാൻ എല്ലാ പിന്തുണയും നൽകാനും അസോസിയേഷൻ യോഗം തീരുമാനിച്ചു. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ നാലുമാസമായി സിനിമാനിർമാണം പൂർണസ്‌തംഭനത്തിലാണ്‌. നാലുമാസത്തിലേറെയായി തിയറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top