25 April Thursday

കേന്ദ്ര നികുതിയിളവ്‌ പ്രഖ്യാപന തട്ടിപ്പ്‌ ; നേട്ടം എണ്ണക്കമ്പനികൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


തിരുവനന്തപുരം
പെട്രോൾ–- ഡീസൽ നികുതിയിൽ നേരിയ കുറവ്‌ വരുത്തി കേന്ദ്രസർക്കാർ നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നത്‌ എണ്ണക്കമ്പനികൾക്ക്‌. നികുതി കുറച്ചെന്ന പ്രഖ്യാപനത്തിന്റെ മറവിൽ അടിസ്ഥാന വില പതിയെ ഉയർത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു കേന്ദ്രം.  ഇതുവഴി നികുതിയിളവിന്റെ ആനുകൂല്യം എണ്ണക്കമ്പനികൾക്ക്‌ നൽകലാണ്‌ കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

പെട്രോളിന്റെ അടിസ്ഥാന വില 79 പൈസ ഉയർത്തിയാണ്‌ കഴിഞ്ഞ ദിവസം എണ്ണക്കമ്പനികൾ ഈ തട്ടിപ്പ്‌ നടത്തിയത്‌. ഈ വർധനയ്‌ക്ക്‌‌ ആനുപാതിക നികുതിയും ഡീലർ കമീഷൻ വർധനയും ചേരുന്നതോടെ 93 പൈസയാണ്‌ കേരളത്തിൽ ഉപയോക്താവിന്‌ നഷ്ടമായത്‌. 10.41 രൂപയുടെ ആനുകൂല്യം ലഭിക്കേണ്ടിടത്ത്‌ 9.48 രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ.

കഴിഞ്ഞ നവംബർ നാലിന്‌ പെട്രോളിന്റെ സെൻട്രൽ എക്‌സൈസ്‌ ഡ്യൂട്ടി അഞ്ചു രൂപയും ഡീസലിന്റേത്‌ 10 രൂപയും കുറച്ചു. സംസ്ഥാന സർക്കാർ ആനുപാതിക നികുതിയിളവും അനുവദിച്ചതോടെ കേരളത്തിൽ പെട്രോളിന്‌ ലിറ്ററിന്‌ 104.17ഉം ഡീസലിന്‌ 91.42 രൂപയും ആയി. അഞ്ച്‌ ആഴ്‌ചയോളം ഇതേ നില തുടർന്നു. ഡിസംബർ 11ന്‌ അഞ്ച്‌ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ പൂർത്തിയായതോടെ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ അടിസ്ഥാന വില ഉയർത്താൻ തുടങ്ങി.

ശനിയാഴ്‌ച പുതിയ നികുതിയിളവ്‌ പ്രഖ്യാപിക്കുമ്പോൾ പെട്രോൾ വില ലിറ്ററിന്‌ 117.19ഉം ഡീസലിന്‌ 103.94 രൂപയുമായിരുന്നു. നാലര മാസത്തിനുള്ളിൽ ഉയർത്തിയത്‌ പെട്രോളിന്‌ 13.02ഉം ഡീസലിന്‌ 12.52രൂപയും. പെട്രോളിന്റെ വിലക്കയറ്റം നികുതിയിളവിന്റെ ഇരട്ടി കടന്നപ്പോൾ ഡീസലിനാകട്ടെ കുറച്ച നികുതിയിലേറെ കൂട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top