17 April Wednesday

ഇന്ധന വിലക്കുറവ് : ‘ഒരു രൂപ’ തട്ടിയത് എണ്ണക്കമ്പനികള്‍

സന്തോഷ്‌ ബാബുUpdated: Monday May 23, 2022


കൊച്ചി
പെട്രോൾ വിലക്കുറവിൽ സംസ്ഥാനത്ത് കിട്ടാതെപോയ ‘ഒരുരൂപ’ എവിടെയെന്ന് എണ്ണക്കമ്പനികൾ വെളിപ്പെടുത്തണമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ ആവശ്യപ്പെട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകാലത്ത് സംസ്ഥാന സർക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കാൻ നടത്തിയ ആസൂത്രിതനീക്കമാണ് ഇന്ധനവിലയുടെ കാര്യത്തിൽ നുണ പ്രചരിപ്പിക്കുന്നതിനുപിന്നിലെന്നും മന്ത്രി ‘ദേശാഭിമാനി’യോട് പറഞ്ഞു.

കേന്ദ്രം നികുതി കുറച്ച ഉടൻതന്നെ കേരളം നികുതി കുറച്ചു. എന്നാൽ, സർക്കാരിനെ കുറ്റപ്പെടുത്തുന്ന സ്വരത്തിൽ ഒരുരൂപ കാണാനില്ല എന്നനിലയ്ക്കാണ് ചില മാധ്യമങ്ങളിൽ വാർത്ത വന്നത്. സംസ്ഥാനം 30.08 ശതമാനമാണ് പെട്രോളിന് നികുതി വാങ്ങുന്നത്. അതുപ്രകാരം 10.41 രൂപ കുറയുമെന്നു കരുതിയെങ്കിലും 9.48 രൂപയാണ് കുറഞ്ഞത്.  93 പൈസ വ്യത്യാസത്തിന് കാരണം എണ്ണക്കമ്പനികളാണെന്നാണ് ജിഎസ്ടി വകുപ്പിന്റെ കണക്കുകൾ പറയുന്നത്.

കേന്ദ്രം നിരക്ക് കുറച്ചപ്പോൾത്തന്നെ എണ്ണക്കമ്പനികൾ പെട്രോളിന്റെ അടിസ്ഥാനവിലയിൽ  79 പൈസ വർധിപ്പിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുപകരം വില കൂട്ടാൻ അനുവദിക്കാത്ത തരത്തിൽ നടപടി കേന്ദ്രം സ്വീകരിക്കണമായിരുന്നു. അതിന്‌ തയ്യാറാകാതിരുന്നതാണ്‌ ജനങ്ങൾക്ക് കിട്ടേണ്ടതിൽനിന്ന്‌ 93 പൈസ തട്ടിയെടുത്തത്. കൂട്ടിയ അടിസ്ഥാനവിലയ്ക്കൊപ്പം മറ്റു നികുതികൾകൂടി ചേർന്നാണ് വ്യത്യാസം വന്നിരിക്കുന്നത്.

കേന്ദ്ര നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനികൾ നികുതിവാങ്ങി സംസ്ഥാന സർക്കാരിന് അടയ്ക്കുകയാണ്. ഇതിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാകില്ല.  സംസ്ഥാനവും കേന്ദ്രവും ഒരു നികുതിനിരക്ക് തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ചേ ഉദ്യോ​ഗസ്ഥർക്ക് നികുതി പിരിക്കാനാവൂ.  ഇക്കാര്യം മറച്ചുപിടിച്ച്, കേന്ദ്രം ചെയ്യുന്നതിനും ബോധപൂർവം സംസ്ഥാനത്തെ കുറ്റപ്പെടുത്തുകയാണ്. നിയമപ്രകാരം കേരള സർക്കാർ നിശ്ചയിച്ച നികുതി എണ്ണക്കമ്പനികൾ തന്നാൽ മതി. ഡീസലിന് പ്രതീക്ഷിച്ച കുറവ് ലഭിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി.

ജിഎസ്ടിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സംസ്ഥാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാണ്‌. ഈ വിധിയുടെകൂടി പിൻബലത്തിൽ കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ അടിച്ചേൽപ്പിക്കലുകൾക്കെതിരെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ തുടർന്നും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top