20 April Saturday

റെയിൽവേ ടിക്കറ്റ് റദ്ദാക്കാൻ 3 മാസം സാവകാശം ; അന്താരാഷ്‌ട്ര വിമാന സർവീസ്‌ നിർത്തി

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020


മുഴുവൻ യാത്രാ ട്രെയിൻ സർവീസ്‌ നിർത്തിയ സാഹചര്യത്തിൽ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങാൻ മൂന്നുമാസം സാവകാശം. ജൂൺ 21 നകം ടിക്കറ്റ് പാസഞ്ചർ റിസർവേഷൻ കേന്ദ്രത്തിൽ ഹാജരാക്കി മുഴുവൻ തുകയും തിരികെ വാങ്ങാം. 21 മുതൽ സ്റ്റേഷനുകളിൽനിന്ന് ബുക് ചെയ്ത പേപ്പർ ടിക്കറ്റുകൾക്കാണ് ഇളവ്. ഇ–- ടിക്കറ്റുകൾ റദ്ദാക്കുന്ന രീതിക്ക് നിലവിൽ മാറ്റമില്ല.

റിസർവേഷൻ കൗണ്ടർ തുറന്ന ശേഷം 139 എന്ന നമ്പറിൽ വിളിച്ച് പിഎൻആർ നമ്പർ നൽകി രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ ലഭിക്കുന്ന ഒടിപി നമ്പരുമായി എത്തി പണം തിരികെ വാങ്ങാം. ചരക്കുവണ്ടി സർവീസ് നടത്തുന്ന സാഹചര്യത്തിൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങളെ റെയിൽവേ സ്റ്റേഷനിലേക്ക് കടത്തിവിടില്ല.

വിമാനങ്ങളില്ല, കരിപ്പൂർ ശൂന്യം
യാത്രക്കാരില്ലാതെ കരിപ്പൂർ വിമാനത്താവളം ഞായറാഴ്‌ച ശൂന്യമായി. പുലർച്ചെ മൂന്നിന്‌ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഷാർജ, ഇത്തിഹാദ്‌ എയർവെയ്‌സിന്റെ അബുദാബി വിമാനങ്ങൾ സർവ്വീസ് നടത്തി. വിമാനത്താവളത്തിൽ നിന്ന്‌ ഷാർജ വിമാനം മുംബൈയിലേക്കും പോയി. അമ്പതിൽതാഴെ യാത്രക്കാർമാത്രമാണ് ഗൾഫ് നാടുകളിൽനിന്നെത്തിയത്. കരിപ്പൂരിൽ പൂർണതോതിൽ സർവീസ്‌ നിലയ്ക്കുന്നത്‌ ഇതാദ്യം. വിമാനത്താവളത്തിന്റെ എല്ലാ മേഖലയും സ്തംഭിച്ചു. തിങ്കളാഴ്ചമുതൽ അന്താരാഷ്ട്ര സർവീസുകൾക്കൊപ്പം ആഭ്യന്തര സർവീസും നിലയ്‌ക്കും. വിമാനത്താവളത്തിലെ ടെർമിനലിനകത്തും പുറത്തുമുള്ള കച്ചവടസ്ഥാപനങ്ങൾ ഭാഗികമായേ പ്രവർത്തിച്ചുള്ളൂ. ഗൾഫിൽനിന്നെത്തിയവർ ആരോഗ്യ വകുപ്പിന്റെ പരിശോധന പൂർത്തിയാക്കിയാണ് വീടുകളിലേക്കുപോകുന്നത്‌.

അന്താരാഷ്‌ട്ര വിമാന സർവീസ്‌ നിർത്തി
ഞായറാഴ്‌ച രാവിലെ 9.20ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിന്റെ യാത്രയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള രാജ്യാന്തര സർവീസ് നിർത്തി. 

28 വരെയാണ് രാജ്യാന്തര സർവീസ് നിർത്തിയത്. അവസാനമായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്നതും ദുബായിൽനിന്നുള്ള  എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരാണ്. ഇവരെ ആംബുലൻസുകളിൽ വീടുകളിലെത്തിച്ചു. ആഭ്യന്തര സർവീസ് തുടരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top