16 April Tuesday

ബിജെപി സഹായിച്ച്‌ കിട്ടിയ ഭൂരിപക്ഷം ; മരാമത്ത്‌ സമിതി അധ്യക്ഷസ്ഥാനം കോൺഗ്രസ്‌ പങ്കിടും

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


കൊച്ചി
കൊച്ചി നഗരസഭയിൽ ബിജെപിയുടെ സഹായത്തോടെ ഭൂരിപക്ഷം കിട്ടിയ സ്ഥിരംസമിതിയുടെ അധ്യക്ഷസ്ഥാനം പങ്കിടാൻ ധാരണയുണ്ടാക്കി കോൺഗ്രസ്‌. സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സഹായം തേടിയിട്ടില്ലെന്ന്‌ ആവർത്തിക്കുന്നതിനിടെയാണ്‌ അവരുടെ വോട്ടോടെ ഭൂരിപക്ഷം നേടിയ പൊതുമരാമത്ത്‌ സ്ഥിരംസമിതിയിലെ അധ്യക്ഷസ്ഥാനം പങ്കിടാൻ ധാരണയുണ്ടാക്കിയത്‌. കോൺഗ്രസിനല്ല ആർഎസ്‌പിക്കാണ്‌ തങ്ങൾ വോട്ടുനൽകിയതെന്നാണ്‌ ബിജെപി പിന്നീട്‌ പറഞ്ഞത്‌. എന്നാൽ, ആർഎസ്‌പി അംഗം ജയിച്ച്‌ ഭൂരിപക്ഷം കിട്ടിയ സമിതി അധ്യക്ഷസ്ഥാനം പങ്കിടുന്നതോടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയുമായുണ്ടാക്കിയ രഹസ്യധാരണ കൂടുതൽ വ്യക്തമായി. ശനിയാഴ്‌ചയാണ്‌ അധ്യക്ഷരെ തെരഞ്ഞെടുക്കുന്നത്‌.

അതേസമയം അധ്യക്ഷസ്ഥാനം കോൺഗ്രസുമായി പങ്കിടാനുള്ള തീരുമാനത്തെ ആർഎസ്‌പി അംഗീകരിച്ചിട്ടില്ല. ബിജെപി വോട്ട്‌ വാങ്ങിയില്ലെന്ന്‌ പരസ്യമായി പറഞ്ഞവർ അവരുടെ വോട്ടിലൂടെ കിട്ടിയ അധ്യക്ഷസ്ഥാനത്തിന്‌ അവകാശവാദമുന്നയിക്കേണ്ടെന്നാണ്‌ ആർഎസ്‌പിയുടെ പക്ഷം. എന്നാൽ യുഡിഎഫിന്റെകൂടി വോട്ടുള്ളതിനാലാണ്‌ ആർഎസ്‌പിക്ക്‌ വിജയിക്കാനായതെന്നാണ്‌ കോൺഗ്രസിന്റെ വാദം. ശനിയാഴ്‌ച നടക്കുന്ന അധ്യക്ഷരുടെ തെരഞ്ഞെടുപ്പിൽ മരാമത്ത്‌ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്ക്‌ സുനിത ഡിക്‌സണ്‌ യുഡിഎഫ്‌ വോട്ടുചെയ്യും. ഒരു വർഷത്തിനുശേഷം സുനിത ഒഴിയണമെന്നാണ്‌ ധാരണ. തുടർന്ന്  രണ്ടുവർഷംവീതം കോൺഗ്രസിന്റെ രണ്ട്‌ വനിതാ കൗൺസിലർമാർ അധ്യക്ഷസ്ഥാനം പങ്കിടും.

മരാമത്ത്‌ സ്ഥിരംസമിതിയിലേക്ക്‌ ബിജെപിയുടെ അഞ്ച്‌ വോട്ട്‌ ഉൾപ്പെടെ 37 വോട്ടുകളാണ്‌ ആർഎസ്‌പി കൗൺസിലർ സുനിത ഡിക്‌സൺ നേടിയത്‌. മത്സരിച്ച  യുഡിഎഫ്‌ ഘടകകക്ഷി സ്ഥാനാർഥികൾക്കെല്ലാം ബിജെപി വോട്ടുനൽകി. മരാമത്ത്‌ സമിതിയിലേക്ക്‌ എൽഡിഎഫിന്റെ ഒരു വോട്ട്‌ അസാധുവായതോടെയാണ്‌ സുനിത വിജയിച്ചത്‌. ബിജെപി വോട്ടില്ലായിരുന്നെങ്കിൽ സുനിതയ്‌ക്ക്‌ 32 വോട്ട്‌ മാത്രമാണ്‌ കിട്ടുക. എൽഡിഎഫിന്‌ ഒരു വോട്ട്‌ അസാധുവായപ്പോഴും 36 പേരുടെ ഭൂരിപക്ഷമുണ്ടായിരുന്നു. ബിജെപി വോട്ടോടെ മറ്റു മൂന്നു സമിതികളിലേക്ക്‌ യുഡിഎഫ്‌ എൽഡിഎഫിനൊപ്പം ഭൂരിപക്ഷം നേടിയിരുന്നു. അത്‌ പിന്നീട്‌ നറുക്കിലൂടെ എൽഡിഎഫിന്‌ കിട്ടി. കോൺഗ്രസുമായുണ്ടാക്കിയ ധാരണപ്രകാരം ബിജെപിക്ക്‌ ഭൂരിപക്ഷം നേടാനായ നികുതി അപ്പീൽ സ്ഥിരംസമിതിയിലേക്ക്‌ ഉൾപ്പെടെ എല്ലാ സമിതി അധ്യക്ഷസ്ഥാനത്തേക്കും മത്സരിക്കാനും വെള്ളിയാഴ്‌ച ചേർന്ന യുഡിഎഫ്‌ നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്‌.  കോൺഗ്രസിന്‌ സ്ഥിരംസമിതി അധ്യക്ഷസ്ഥാനമില്ലാത്ത നഗരഭരണമായിരിക്കും ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top