19 April Friday

ഡോ. സിസ തോമസിന്റെ നിയമനം ; ഗവർണർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു

സ്വന്തം ലേഖകൻUpdated: Tuesday Nov 22, 2022


തിരുവനന്തപുരം
സാങ്കേതിക സർവകലാശാലാ വൈസ്‌ ചാൻസലറുടെ ചുമതലയിൽ ഡോ. സിസ തോമസിനെ നിയമിച്ച നടപടിയിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കുന്നു. സംസ്ഥാന സർക്കാരിനായി ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഫയൽ ചെയ്‌ത കേസിൽ എതിർകക്ഷിയായ ഗവർണർ ഹൈക്കോടതിയിൽ നൽകിയ പ്രസ്‌താവന വിസി ചുമതലക്കാരനെ നിശ്ചയിച്ചതിലെ നിയമലംഘനവും വ്യക്തിതാൽപ്പര്യവും  വ്യക്തമാക്കുന്നു. സാങ്കേതിക സർവകാലാശാലാ നിയമവും യുജിസി നിയന്ത്രണങ്ങളും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെ വിധികളുടെയും ലംഘനമാണ്‌ പ്രസ്‌താവനയിലുള്ളത്‌.

വിസി ചുമതല വഹിക്കുന്ന ആളിന്‌ പ്രൊഫസർ പദവിയിൽ 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണമെന്നാണ്‌ യുജിസി വ്യവസ്ഥ. കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഡോ. സിസ തോമസിന്റെ വ്യക്തിവിവര സാക്ഷ്യപത്രപ്രകാരം എട്ടേമുക്കാൽ വർഷത്തെ പ്രൊഫസർ പരിചയമേയുള്ളൂ. 1991 ജൂൺ 20നാണ്‌ ഇവർ ലക്‌ചററായത്‌. സാങ്കേതിക സർവകലാശാലയിൽ 2018 നവംബർ ഏഴിനു നൽകിയ സാക്ഷ്യപത്രത്തിൽ ഏഴുവർഷത്തെ പ്രൊഫസർ പ്രവൃത്തിപരിചയമാണ്‌ അവകാശപ്പെടുന്നത്‌. 2016 ജൂൺ ഒന്നിനാണ്‌ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചത്‌. സാങ്കേതിക സർവകലാശാലയിൽ 2019 മാർച്ച്‌ ഏഴുമുതൽ അധ്യാപനമേഖലയിലില്ല. ദിവസങ്ങൾക്കുമുമ്പ്‌ പ്രിയ വർഗീസ്‌ കേസിലെ ഹൈക്കോടതി വിധിക്കും സുപ്രീംകോടതിയുടെ മൂന്നിലേറെ വിധികൾക്കും എതിരാണ്‌ ഈ നിയമനമെന്ന്‌ വ്യക്തം. 

സിസ തോമസിന്‌ എട്ട്‌ ഗവേഷക വിദ്യാർഥികളെ നേടാൻ കഴിഞ്ഞതായി ഗവർണർ അവകാശപ്പെടുന്നു. യുജിസി നിബന്ധനകൾ അനുസരിച്ച്‌ പ്രൊഫസർക്ക്‌ ഇത്രയും വിദ്യാർഥികളെ ശുപാർശ ചെയ്യാനാകും. എന്നാൽ, ഇതിൽ ഒരാളെങ്കിലും ഗവേഷകപ്രബന്ധം അവതരിപ്പിച്ചതായോ, ഗവേഷണബിരുദം ലഭിച്ചതായോ അവകാശപ്പെടുന്നില്ല.

കെ വി ജയരാജ്‌ ഉൾപ്പെടെയുള്ളവർക്കെതിരെ കല്യാണി മതിവനൻ (2015 മാർച്ച്‌ 31), ഗുജറാത്ത്‌ സർക്കാരിനെതിരെ ഗംഭിർധൻ കെ ഗാധ്‌വി  (2022 മാർച്ച്‌ മൂന്ന്‌), അനിന്ധ്യ സുന്ദർദാസിനും മറ്റുള്ളവർക്കുമെതിരെ പശ്ചിമ ബംഗാൾ സർക്കാർ (2022) ഉൾപ്പെടെ കേസുകളിൽ മതിയായ യോഗ്യത ഇല്ലാത്തതിനാൽ വിസിമാരെ ഒഴിവാക്കിയ നടപടി സുപ്രീംകോടതിയും അംഗീകരിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top