29 March Friday

പിറവത്ത് കോൺഗ്രസ് 
യോഗത്തിൽ കൂട്ടത്തല്ല്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022


പിറവം
പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ സംഘർഷവും കൂട്ടത്തല്ലും. തിങ്കൾ വൈകിട്ട് നാലിനാണ്‌ സംഭവം. പിറവം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യണമെന്ന് ഐ വിഭാഗം ആവശ്യം ഉന്നയിച്ചതോടെയാണ് തർക്കം ഉണ്ടായത്. തുടർന്ന് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കസേരകൊണ്ടുള്ള അടിയിൽ ചില നേതാക്കൾക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ഡിസിസി സെക്രട്ടറിമാരായ കെ ആർ പ്രദീപ്കുമാർ, റീസ് പുത്തൻവീടൻ, ബ്ലോക്ക് പ്രസിഡ​ന്റ് വിത്സൺ കെ ജോൺ, മണ്ഡലം പ്രസിഡ​ന്റ് ഷാ ഇലഞ്ഞിമറ്റം, തോമസ് മല്ലിപ്പുറം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. മണ്ഡലം സെക്രട്ടറി അനിത സജി ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂട്ടത്തല്ലി​ന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മണീട് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽനിന്ന്‌ എത്തിയവരാണ് പ്രശ്നങ്ങൾക്ക് തുടക്കംകുറിച്ചത്. നഗരസഭാപ്രദേശം ഉൾപ്പെടുന്ന കമ്മിറ്റിയിൽ പുറത്തുനിന്ന്‌ ആളെയിറക്കി പ്രശ്നം ഉണ്ടാക്കുകയായിരുന്നെന്ന് എ ഗ്രൂപ്പ് പറയുന്നു. തർക്കത്തെത്തുടർന്ന് കമ്മിറ്റി നിർത്തിവച്ചു. ഐ ഗ്രൂപ്പി​ന്റെ പരാതിയിൽ കെപിസിസി എക്സിക്യൂട്ടീവ് അംഗവും മുൻ നഗരസഭാ അധ്യക്ഷനുമായ സാബു കെ ജേക്കബ്ബിനെതിരെ അച്ചടക്ക നടപടിക്കായി ഡിസിസി പ്രസിഡ​ന്റ് മുഹമ്മദ് ഷിയാസ് നോട്ടീസ് നൽകിയതും പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി. ഐ ഗ്രൂപ്പ് നേതാവായ ബ്ലോക്ക് കോൺഗ്രസ് പ്രസിഡ​ന്റ് വിത്സൺ കെ ജോൺ 15 വർഷം പ്രസിഡ​ന്റായിരുന്ന പിറവം റൂറൽ ബാങ്കിലെ ഭരണം കഴിഞ്ഞമാസം സഹകരണ സംരക്ഷണമുന്നണി പിടിച്ചിരുന്നു. ഭരണം നഷ്ടപ്പെടാൻ കാരണം എ ഗ്രൂപ്പ് ആണെന്ന ഐ വിഭാഗത്തി​ന്റെ പരാതിയിലാണ് സാബു കെ ജേക്കബ്ബിന്‌ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top