20 April Saturday

സൂറത്ത്‌ സ്‌റ്റേഷനിലെ അപകടം ; സിദ്ധാർഥിനായി കൈകോർത്ത്‌ മലയാളിസമൂഹം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022



കൊച്ചി
സൂറത്ത് റെയിൽവേ സ്റ്റേഷനിലുണ്ടായ ട്രയിൻ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൈരളി ചാനൽ ലേഖകൻ തൃപ്പൂണിത്തുറ ഇരുമ്പനം പട്ടേരി മനയിൽ സിദ്ധാർഥ് കെ ഭട്ടതിരി (25) അപകടനില തരണംചെയ്‌തു. കാലുകൾ അറ്റുപോയനിലയിൽ സൂറത്തിലെ മഹാവീർ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ധാർഥിന്‌ തിങ്കളാഴ്‌ചയും അടിയന്തര ശസ്‌ത്രക്രിയകൾ നടത്തി. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച്‌ തുടർശസ്‌ത്രക്രിയകൾ വേണ്ടിവരും.  വെന്റിലേറ്ററിലാണുള്ളത്‌.

സൂറത്തിലെ മലയാളി സമാജത്തിന്റെയും കൈരളി ഡൽഹി ബ്യൂറോയുടെയും അടിയന്തര ഇടപെടലിലാണ്‌ സിദ്ധാർഥിന്‌ മികച്ച ചികിത്സ ലഭിച്ചത്‌. റെയിൽവേ പൊലീസ്‌ സിദ്ധാർഥിനെ അടുത്തുള്ള ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ്‌ എത്തിച്ചത്‌. അപകടമുണ്ടായ ഉടനെ സിദ്ധാർഥ്‌ അമ്മയെ വിളിച്ച്‌ വിവരം പറഞ്ഞിരുന്നു. സൂറത്ത്‌ റെയിൽവേ സ്‌റ്റേഷനിൽവച്ച്‌ തനിക്ക്‌ വലിയൊരു അപകടം പറ്റി എന്നുമാത്രമാണ്‌ പറഞ്ഞത്‌. വീട്ടുകാർ തിരിച്ചുവിളിച്ചെങ്കിലും പിന്നീട്‌ സിദ്ധാർഥിനെ ഫോണിൽ കിട്ടിയില്ല. അവർ കൈരളിയുടെ ഡൽഹി പ്രതിനിധി പി ആർ സുനിലിനെ വിളിച്ചു. സുനിൽ തിരുവനന്തപുരത്തായിരുന്നെങ്കിലും അഹമ്മദാബാദിലും സൂറത്തിലുമുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. 

സൂറത്ത്‌ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ ലഭിച്ച വിവരമനുസരിച്ച്‌ അവർ മെഡിക്കൽ കോളേജിലെത്തുമ്പോർ സിദ്ധാർഥിനെ ആശുപത്രി വരാന്തയിൽ കിടത്തിയിരിക്കുകയായിരുന്നു. കൂടുതലായൊന്നും ചെയ്യാനില്ലെന്നാണ്‌ ആശുപത്രി അധികൃതർ പറഞ്ഞത്‌. ഇതിനിടെ മലയാളി സമാജം പ്രവർത്തകരും സ്ഥലത്തെത്തി. സിദ്ധാർഥിനെ ഉടൻ മഹാവീർ ആശുപത്രിയിലേക്ക്‌ മാറ്റാൻ ശ്രമമാരംഭിച്ചു. മഹാവീറിൽ നിരവധി മലയാളി ഡോക്‌ടർമാരും നഴ്‌സുമാരുമുണ്ട്‌. വൈകാതെ ഡോക്‌ടറുമായെത്തിയ ആംബുലൻസിൽ സിദ്ധാർഥിനെ മഹാവീറിലെത്തിച്ചു.  മുറിവിലൂടെ അതിനകം ഏഴു യൂണിറ്റോളം രക്തം വാർന്നുപോയി. ഞായറാഴ്‌ചയോടെ 23 യൂണിറ്റ്‌ രക്തം കയറ്റി. സമാജം പ്രവർത്തകരും എസ്‌എഫ്‌ഐ പ്രവർത്തകരും ഉൾപ്പെടെ രക്തദാനത്തിന്‌ എത്തി. വരുംദിവസങ്ങളിലെ ആവശ്യത്തിന്‌ 17 യൂണിറ്റ്‌ രക്തം ശേഖരിച്ചുവച്ചിട്ടുമുണ്ട്‌. അപകടസ്ഥലത്തുതന്നെ കാലുകൾ അറ്റനിലയിലായിരുന്നതിനാൽ വലതുകാൽ മുട്ടിന്‌ മുകളിലും ഇടതുകാൽ മുട്ടിന്‌ താഴെയും അടിയന്തര ശസ്‌ത്രക്രിയയിലൂടെ നീക്കി. അപകടമുണ്ടായി ആദ്യമണിക്കൂറുകളിൽമാത്രമാണ്‌ സിദ്ധാർഥ്‌ അബോധാവസ്ഥയിലായിരുന്നത്‌. നിലവിൽ വെന്റിലേറ്ററിലാണെങ്കിലും കാണാനെത്തുന്നവർക്ക്‌ സന്ദേശങ്ങൾ എഴുതി നൽകുന്നുണ്ട്‌.

ശനിയാഴ്‌ച വൈകിട്ട്‌ 3.45ഓടെയായിരുന്നു അപകടം. ബിസ്‌കറ്റ്‌ വാങ്ങി തിരിച്ചെത്തുമ്പോൾ ഓടിത്തുടങ്ങിയ ട്രയിനിലേക്ക്‌ കയറാൻ ശ്രമിച്ചതാണ്‌. പിടിത്തംകിട്ടാതെ പ്ലാറ്റ്‌ഫോമിനും ട്രയിനിനുമിടയിലേക്ക്‌ പതിക്കുകയായിരുന്നു. സിദ്ധാർഥിന്റെ മാതാപിതാക്കളായ വി കെ കൃഷ്‌ണനും സുധയും ചില ബന്ധുക്കളും ആശുപത്രിയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top