തിരുവനന്തപുരം
സഹകരണമേഖല തകർക്കാനും സിപിഐ എം നേതാക്കളെ അഴിമതിക്കാരായി ചിത്രീകരിക്കാനും ഭീഷണിയടക്കമുള്ള മാർഗങ്ങളിലൂടെ കള്ളത്തെളിവുണ്ടാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന ശ്രമങ്ങൾക്ക് വഴങ്ങില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കരുവന്നൂർ ബാങ്കിലുണ്ടായ പ്രശ്നങ്ങളിൽ ശക്തമായ നടപടി സർക്കാരെടുത്തു. ആർക്കും പണം നഷ്ടമാകാതിരിക്കാനുള്ള സംവിധാനമുണ്ടാക്കി. എന്നാൽ ഇഡി ഇതിൽ ഇടപെട്ട് ബിജെപിയുടെ രാഷ്‌ട്രീയ ലക്ഷ്യം നിറവേറ്റുന്നതിനാണ് ശ്രമിക്കുന്നത്.
പാർടി സംസ്ഥാന കമ്മിറ്റിയംഗവും മുൻമന്ത്രിയുമായ എ സി മൊയ്തീന്റെ വീട് റെയ്ഡ് ചെയ്തു, ചോദ്യം ചെയ്തു. ഒരു തെളിവും കിട്ടിയില്ല. തെളിവുണ്ടാക്കുന്നതിനുള്ള ഹീനശ്രമമാണ് പിന്നീട് നടത്തിയത്. മൊയ്തീൻ ചാക്കിൽ കെട്ടി പണവുമായി പോകുന്നത് കണ്ടുവെന്ന് പറയണമെന്നും അല്ലെങ്കിൽ പുറംലോകം കാണിക്കില്ലെന്നുമുള്ള ഭീഷണിയാണ് ചോദ്യം ചെയ്യുന്ന വേളയിൽ സാക്ഷികളോട് ചെയ്യുന്നത്. കൗൺസിലർ പി ആർ അരവിന്ദാക്ഷൻതന്നെ ഇക്കാര്യം പുറത്തുപറഞ്ഞു, പരാതിയും കൊടുത്തു. എന്തും ചെയ്യാനുള്ള അധികാരം ഉണ്ടെന്നാണ് ഇഡി പ്രചരിപ്പിക്കുന്നത്.
ജനനംമുതൽ മരണംവരെ വിവിധ രീതിയിൽ സഹായം ചെയ്യുന്ന സഹകരണമേഖല തകർന്നാൽ കേരളത്തിന് വലിയ ആഘാതമാകും. കേന്ദ്രസർക്കാർ അമിത് ഷായുടെ നേതൃത്വത്തിൽ ഈ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ്. സുപ്രീംകോടതിയുടെ ഇടപെടലിലാണ് ഇതുവരെ പിടിച്ചുനിന്നത്. നോട്ട് നിരോധനം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ സംസ്ഥാന സർക്കാർ നൽകിയ ഉറപ്പിന്മേലാണ് സഹകരണമേഖലയിൽ ജനങ്ങൾ വിശ്വാസമർപ്പിച്ച് ഉറച്ചുനിന്നത്. സഹകരണ മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെ പാർടി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുമുണ്ട്. ഇടതുപക്ഷത്തിനും സഹകരണ പ്രസ്ഥാനത്തിനുമെതിരായ നീക്കമാണ് ഇഡി നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സഹകരണ മേഖലയുൾപ്പെടെ രംഗത്തുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..