03 December Sunday

കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലി 
തൃക്കാക്കരയിൽ കോൺഗ്രസ് ലീഗ് തമ്മിലടി തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023


തൃക്കാക്കര
കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലി തൃക്കാക്കരയിലെ കോൺഗ്രസ്–-മുസ്ലിംലീഗ് കൗൺസിലർമാർ തമ്മിലുള്ള പോർവിളി രണ്ടാംദിവസവും തെരുവിൽ തുടർന്നു. വിഷയം ചർച്ചചെയ്യാനായി വ്യാഴം രാവിലെ നഗരസഭയിൽ അധ്യക്ഷ സ്റ്റിയറിങ്‌ കമ്മിറ്റി വിളിച്ചിരുന്നു. തർക്കം നടക്കുന്ന സ്ഥലത്ത് ഉച്ചയ്ക്ക്‌ ഭരണസമിതി പരിശോധന നടത്തണമെന്ന്‌ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, വൈസ് ചെയർമാൻ ലീഗിലെ പി എം യൂനസ് പ്രദേശം സന്ദർശിക്കാൻ തയ്യാറായില്ല. തുടർന്ന് ഭരണസമിതി സ്ഥലത്ത് എത്തിയില്ല.

ഇതിനിടെ പകൽ രണ്ടിന് നഗരസഭാ ഉദ്യോഗസ്ഥരെയും കരാറുകാരെയും കൂട്ടി കൗൺസിലർ ഷാജി വാഴക്കാല സ്ഥലത്തെത്തി നിർമാണസ്ഥലത്ത് കുറ്റിയടിക്കാൻ ശ്രമിച്ചത് കൗൺസിലർ സജീനയും കുടുംബവും തടഞ്ഞു. തുടർന്ന് ഇരു കൗൺസിലർമാരുടെയും അനുയായികൾ തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് എത്തിയാണ് ഇരുകൂട്ടരെയും അനുനയിപ്പിച്ചത്.

വാഴക്കാല ഇല്ലത്തുമുകളിൽ (28–--ാംവാർഡ്) ഇരുപതോളം പ്രദേശവാസികൾ മോട്ടോർവച്ച് കുടിവെള്ളം എടുക്കുന്ന പൊതുകിണറിന് അരികിലായി മൈക്രോലെവൽ കുടിവെള്ളടാങ്ക് നിർമിക്കുന്നതിനെച്ചൊല്ലിയാണ് കൗൺസിലർമാർ തമ്മിലുള്ള പോര് നടക്കുന്നത്. തൊട്ടടുത്ത 35–-ാംവാർഡിലെ മുസ്ലിംലീഗിലെ കൗൺസിലർ സജീനയുടെയും ഭർത്താവിന്റെയും ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ അരികിലായാണ് ടാങ്ക് വരുന്നത്.
നിയമവിരുദ്ധമായി 28–--ാംവാർഡ് കൗൺസിലർ ഷാജി വാഴക്കാല തങ്ങളുടെ കെട്ടിടത്തിന് ഭീഷണിയാകുംവിധം ടാങ്ക്‌ നിർമാണം നടത്തുന്നു എന്നാണ് സജീനയുടെയും കുടുംബത്തിന്റെയും ആരോപണം. ഇതുസംബന്ധിച്ച് സജീന ഹൈക്കോടതിയിൽ നൽകിയ ഹർജി വാദം കേൾക്കാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top