29 March Friday
രക്ഷപ്പെട്ടത്‌ കരാർ വാഹനത്തിൽ

ടീഷർട്ടിട്ട്‌ ഫെയ്‌സ്‌ബുക്കിൽ
 ; കൈയോടെ പൊക്കി പൊലീസ്‌

സുജിത് ബേബിUpdated: Friday Sep 23, 2022

സ്ഫോടകവസ്തു എറിഞ്ഞ സമയത്ത് ധരിച്ച ടീഷർട്ടിട്ട് ജിതിൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ


തിരുവനന്തപുരം  
കറുത്ത നിറത്തിലുള്ള പ്രത്യേക ബ്രാൻഡ്‌ ടീഷർട്ട്‌, വുഡ്‌ലാൻഡിന്റെ ഡൂപ്ലിക്കേറ്റ്‌ ഷൂസ്‌. പ്രതി ജിതിനെ കുടുക്കിയത്‌ കേട്ടാൽ നിസ്സാരമെന്നു തോന്നുന്ന ‘വലിയ തെളിവു’കൾ. പ്രതി സഞ്ചരിച്ച വാഹന നമ്പർ തിരിച്ചറിയാനാകാതെ പോയതോടെ സംഭവസമയത്ത്‌ ഇയാൾ ധരിച്ചിരുന്ന പ്രത്യേക ബ്രാൻഡ്‌ ടീഷർട്ടിന്റെ പിറകെ പോയ പൊലീസിന്‌ കൃത്യം വഴി തെളിഞ്ഞു. ഫോറൻസിക്‌ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മേയിൽ പുറത്തിറക്കിയ മോഡൽ ടീഷർട്ടാണെന്ന്‌ വ്യക്തമായി. വസ്ത്രശാലയുടെ പട്ടം ശാഖയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ ജിതിനടക്കം 12 പേരാണ്‌ മെയ്‌ മുതൽ ജൂലൈ ഒന്നുവരെ ഈ മോഡൽ ടീഷർട്ട്‌ വാങ്ങിയത്‌. എല്ലാവരെയും ചോദ്യം ചെയ്‌തു. അക്രമം നടന്ന ജൂൺ 30ന്‌ രാത്രി ജിതിന്റെ മൊബൈൽ ഫോൺ മാത്രമാണ്‌ എ കെ ജി സെന്റർ ടവർലൊക്കേഷൻ പരിധിയിലുണ്ടായിരുന്നത്‌. അതിനിടെ ഇതേ ടീഷർട്ട്‌ ധരിച്ച ചിത്രം ജിതിൻ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചതും  നിർണായക വഴിത്തിരിവായി. ഇവ ഒന്നാണെന്ന്‌ ഫോറൻസിക്‌ വിഭാഗം കണ്ടെത്തി. അതോടൊപ്പം ഷൂ വാങ്ങിയ കടയിലെ ദൃശ്യങ്ങളിലും ജിതിനെ കണ്ടെത്തി.

 

ജിതിനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ സംഭവസമയം ഉപയോഗിച്ചിരുന്ന ഫോൺ ഫോർമാറ്റ്‌ ചെയ്‌തശേഷം മറിച്ച്‌ വിറ്റിരുന്നു. നിലവിലെ ഫോണിലെ വിവരങ്ങളും നശിപ്പിച്ചിരുന്നു. ഇത്‌ സംശയം ബലപ്പെടുത്തി. തുടർന്ന്‌ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചശേഷമാണ്‌ കസ്റ്റഡിയിലെടുത്തത്‌. ഫോണുകൾ ഫോറൻസിക്‌ സയൻസ്‌ ലാബിൽ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. വാട്‌സാപ്‌, ഫോൺവിളി വിശദാംശങ്ങൾ കണ്ടെത്തുന്നതോടെ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ തെളിയിക്കാനാകുമെന്ന്‌ അന്വേഷക സംഘം കരുതുന്നു.

കോൺഗ്രസ്‌ ഉന്നത നേതൃത്വത്തിന്റെ അറിവോടെ, എ കെ ജി സെന്ററിലേക്ക്‌ സ്‌ഫോടകവസ്‌തു എറിയാൻ തീരുമാനിച്ചപ്പോൾ തെളിവിന്റെ കണികയില്ലെന്നുറപ്പിച്ചാണ്‌ പ്രതി കരുക്കൾ നീക്കിയതെന്ന്‌ ഇതിൽനിന്ന്‌ വ്യക്തം.

രക്ഷപ്പെട്ടത്‌ കരാർ വാഹനത്തിൽ
എ കെ ജി സെന്ററിലേക്ക്‌ സ്‌ഫോടകവസ്‌തു എറിഞ്ഞശേഷം യൂത്ത്‌കോൺഗ്രസ്‌ നേതാവ്‌ ജിതിൻ മടങ്ങിയത്‌ കെഎസ്‌ഇബിയുടെ ബോർഡ്‌ പതിച്ച കാറിൽ. കെഎസ്‌ഇബി ബോർഡ്‌ പതിച്ച വാഹനം പൊലീസ്‌ പരിശോധിക്കില്ലെന്ന ധൈര്യമാണ്‌ കരാർ വ്യവസ്ഥയിൽ ഓടുന്ന കാർ ഉപയോഗിക്കാൻ ജിതിനെ പ്രേരിപ്പിച്ചത്‌.

ഗൗരീശപട്ടത്തുനിന്നാണ്‌ ജിതിൻ ഈ കാറിൽ കയറിയത്‌. സംഭവ ദിവസം രാത്രി 11.25ന്‌ സ്കൂട്ടർ ഗൗരീശപട്ടത്ത്‌ എത്തിയതിനു പിന്നാലെയാണ്‌ ടൊയോട്ട എറ്റിയോസ്‌ കാറും ഇതുവഴി വന്നത്‌. ജിതിന്റെ ഉടമസ്ഥതയിലുള്ള കാറാണെന്ന്‌ വ്യക്തമായതോടെ കാര്യങ്ങൾ എളുപ്പമായി. കാർ ഓടിച്ചയാളെക്കുറിച്ച്‌  ജിതിൻ വെളിപ്പെടുത്തിയിട്ടില്ല.

പഴുതടച്ച
 അന്വേഷണം
എ കെ ജി സെന്ററിലേയ്ക്ക് സ്‌ഫോടകവസ്‌തു എറിഞ്ഞതിൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയത്‌ ശാസ്ത്രീയമായ അന്വേഷണം.  അന്വേഷണത്തിൽ കൈകടത്താതെയും പക്വമായ ഇടപെടലോടെയും സിപിഐ എം നേതൃത്വവും വിഷയം കൈകാര്യം ചെയ്‌തു.
പൊലീസ്‌ സേനാംഗങ്ങളെ വിവിധ സംഘങ്ങളായി തിരിച്ചാണ്‌ അന്വേഷണം മുന്നോട്ട്‌ നീങ്ങിയത്‌. ഒരു സംഘം കൃത്യത്തിന്‌ ഉപയോഗിച്ച വാഹനത്തെപ്പറ്റിയാണ്‌ അന്വേഷിച്ചത്‌. രണ്ടാം സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മൂന്നാം സംഘം ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും നാലാം സംഘം വിവിധ സംഘടനകളുടെ ഹിറ്റ്‌ ഗ്രൂപ്പുകളെക്കുറിച്ചും അഞ്ചാം സംഘം സ്ഫോടകവസ്‌തുവിന്റെ ഉറവിടത്തെക്കുറിച്ചുമാണ്‌ അന്വേഷിച്ചത്‌.

പ്രതി ഉപയോഗിച്ച സ്കൂട്ടർ തിരിച്ചറിയാൻ വാഹന നിർമാണരംഗത്തെ വിദഗ്‌ധരുടെ സഹായവും തേടി. ഹോണ്ട ഡിയോ മോഡൽ ചാരനിറത്തിലുള്ള സ്കൂട്ടറാണ്‌ പ്രതി ഉപയോഗിച്ചതെന്ന്‌ വ്യക്തമായി. പ്രതിയുടെ ഷർട്ടും ഷൂവുമെല്ലാം അന്വേഷകസംഘം പരിശോധിച്ചു. ഇതിനൊപ്പം പ്രതി വിറ്റൊഴിവാക്കിയ ഫോണും ആഗസ്ത്‌ എട്ടിന്‌ വാങ്ങിയ പുതിയ ഫോണും പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ അസി. പബ്ലിക്‌ പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി പൊലീസ്‌ നടപടികൾ കോടതിയിൽ വിശദീകരിച്ചു. 

സംസ്ഥാനത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ പാർടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ ആക്രമിക്കപ്പെട്ടിട്ടും അതിനെ നിസ്സാരമായി കാണാനാണ്‌ ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിച്ചത്‌. സംഭവത്തെ പക്വമായി കൈകാര്യം ചെയ്യാൻ സിപിഐ എം നേതൃത്വത്തിനായി. മികച്ച രീതിയിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലടക്കം വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്‌ ഇതേനിലപാടാണ്‌ വിശദീകരിച്ചത്‌.

പ്രതി പിടിയിലായതോടെ പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചാരണങ്ങളെ തുറന്നുകാട്ടാനായെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഒരാളാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ കരുതുന്നില്ലെന്നും മുഴുവനാളുകളെയും പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 

കഞ്ചാവ്‌, വധശ്രമം കേസുകളിലെ പ്രതി

ജിതിൻ കൊടുംക്രിമിനൽ
എ കെ ജി സെന്ററിലേക്ക്‌ സ്‌ഫോടകവസ്‌തു എറിഞ്ഞ കേസിൽ ക്രൈംബ്രാഞ്ച്‌ അറസ്റ്റുചെയ്‌ത യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ വി ജിതിൻ  എസ്‌എഫ്‌ഐ നേതാവിനെ വധിക്കാൻ ശ്രമിച്ചതടക്കമുള്ള നിരവധി കേസിൽ പ്രതി. 2016ലും 2019ലും എസ്‌എഫ്‌ഐ കഴക്കൂട്ടം ഏരിയ പ്രസിഡന്റ്‌ ആദർശിനെ വധിക്കാൻ ശ്രമിച്ചു. 2016ൽ ഡിവൈഎഫ്‌ഐ കൊലത്തുകര യൂണിറ്റ്‌ പ്രസിഡന്റ്‌ ആർ ബി ഷായെ ആക്രമിച്ചതിനും ഇയാളുടെ പേരിൽ കേസുണ്ട്‌. 2013ൽ കുളത്തൂർ സ്വദേശികളായ യുവാക്കൾ ആത്മഹത്യ ചെയ്‌തതിനു പിന്നിൽ ജിതിനാണെന്ന വിവരവും പുറത്തുവന്നിരുന്നു. കുളത്തൂരിലെ ശ്രീജിത്തും നിധീഷുമാണ്‌ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്‌.  കുളത്തൂർ ജങ്‌ഷനിൽ ജിതിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ പ്രവർത്തകരുടെ സംഘം ഇരുവരെയും മർദിച്ചിരുന്നു. പിന്നീട്‌ ജിതിന്റെ മാലയും പണവും മോഷ്ടിച്ചതായി യുവാക്കൾക്കെതിരെ കേസ്‌ നൽകി. കള്ളക്കേസിലും മർദനത്തിലും മനംനൊന്ത്‌ ഇവർ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

2017ൽ കഞ്ചാവ്‌ കേസിൽ ജിതിനെ പിടികൂടിയിരുന്നു. യൂത്ത്‌ കോൺഗ്രസ്‌ ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിന്‌ കോൺഗ്രസിന്റെ ഉന്നതനേതാക്കളുമായി അടുത്തബന്ധമുണ്ട്‌. ജില്ലയിൽ കോൺഗ്രസ്‌ നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ മുഖ്യആസൂത്രകനും നടത്തിപ്പുകാരനുമാണ്‌. റിയൽ എസ്‌റ്റേറ്റ്‌ ഇടപാടുമുണ്ട്‌. ജിതിന്റെ നിയന്ത്രണത്തിലുള്ള ലോഡ്‌ജ്‌ കേന്ദ്രീകരിച്ചാണ്‌ ആസൂത്രണം. ഷാഫി പറമ്പിൽ, ചാണ്ടി ഉമ്മൻ, എം എ വാഹീദ്‌, ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല ഉൾപ്പെടെയുള്ള  ഉന്നതനേതാക്കൾ ലോഡ്‌ജിൽ എത്തി ഇയാളെ കണ്ടിട്ടുണ്ട്‌.

കുളത്തൂർ എൻഎസ്‌എസ്‌ ലൈബ്രറിക്ക്‌ സമീപം കൃഷ്‌ണവിലാസം വീട്ടിലാണ്‌ താമസം. അച്ഛൻ വിനയകുമാർ കൊലക്കേസ്‌ പ്രതിയാണ്‌. മോഷണക്കേസിലെ പ്രതിയായിരുന്നു അമ്മ ജിജി. ടെക്‌നോപാർക്കിലെ കംപ്യൂട്ടർ മോഷ്ടിച്ചതിനും ജീവനക്കാരികളെ ശല്യപ്പെടുത്തിയതിനും ചേട്ടൻ നിധിന്റെ പേരിലും കേസുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top