19 April Friday
ജോഡോ യാത്ര കണ്ടെയ്‌നറുകൾ എത്തി

നഗരം കുരുങ്ങി; 
ദേശീയപാതയും സ്‌തംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

ഫോട്ടോ: മനു വിശ്വനാഥ്


കൊച്ചി
ഭാരത്‌ ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക്‌ താമസിക്കാൻ എത്തിച്ച പ്രത്യേക കണ്ടെയ്‌നറുകൾ റോഡിലിറങ്ങിയതോടെ ചൊവ്വാഴ്‌ച എറണാകുളം നഗരം ഗതാഗതക്കുരുക്കിലായി. വൈകിട്ട്‌ കളമശേരിയിൽനിന്ന്‌ ആലുവയിലെ പൊതുസമ്മേളന നഗരിവരെ കണ്ടെയ്‌നറുകൾ പൊതുപ്രകടനമായി നീങ്ങിയതോടെ ദേശീയപാത പൂർണമായി സ്‌തംഭിച്ചു. വഴിതിരിച്ചുവിട്ട റോഡുകളിൽ വാഹനങ്ങൾ നിരങ്ങി നീങ്ങിയതോടെ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി.

പനങ്ങാട്‌ കുഫോസ്‌ ഗ്രൗണ്ടിൽ ചൊവ്വാഴ്ച രാത്രി നിർത്തിയിട്ട കണ്ടെയ്‌നറുകളിലാണ്‌ രാഹുൽ ഗാന്ധിയും ഒപ്പമുള്ളവരും താമസിച്ചത്‌. 60 കണ്ടെയ്‌നറാണ്‌ നഗരത്തിലെത്തിച്ചത്‌. തിരുവനന്തപുരത്ത്‌ യാത്രയ്ക്കിടെ കണ്ടെയ്‌നറുകളിൽ ഉറങ്ങുമെന്ന്‌ അറിയിച്ചശേഷം രാഹുലും നേതാക്കളും  ഹോട്ടലുകളിൽ അന്തിയുറങ്ങിയത്‌ വിവാദമായിരുന്നു. അതിനാൽ എറണാകുളത്ത്‌ കണ്ടെയ്‌നറിലാണ്‌ ചൊവ്വാഴ്ച രാത്രി ചെലവഴിച്ചത്‌. ലക്ഷങ്ങൾ ചെലവിട്ടാണ്‌ കണ്ടെയ്‌നർ ലോറികൾ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടൽ മുറിക്ക്‌ സമാനമാക്കിയത്‌.


 

ബുധൻ രാവിലെ 6.30ന്‌ കുമ്പളം ടോൾ പ്ലാസയിൽനിന്ന്‌ യാത്ര ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക്‌ ആരംഭിച്ചു. ദേശീയപാതയുടെ ഒരുവശത്തെ ഗതാഗതം ജാഥയ്ക്കായി തടഞ്ഞായിരുന്നു ഗതാഗതക്രമീകരണം. ജാഥയിൽ പങ്കെടുക്കാൻ എത്തിയവർ റോഡുകൾ കീഴടക്കിയതോടെ വിവിധ ആവശ്യങ്ങൾക്ക്‌ നഗരത്തിലെത്തിയവർ കുടുങ്ങി. വൈറ്റില, കുണ്ടന്നൂർ, പാലാരിവട്ടം, ഇടപ്പള്ളി ജങ്‌ഷനുകളിൽ വൻ ഗതാഗതക്കുരുക്കായി.

വൈകിട്ട്‌ അഞ്ചിന്‌ ഇടപ്പള്ളിയിൽനിന്ന്‌ ആലുവയിലേയ്ക്ക്‌ യാത്ര ആരംഭിച്ചതോടെ ദേശീയപാതയിൽ സ്ഥിതി രൂക്ഷമായി. ദേശീയപാതയിൽ പ്രവേശിക്കാനാകാതെ കുസാറ്റ്‌ റോഡ്‌, സീപോർട്ട്‌–-എയർപോർട്ട്‌ റോഡ്‌ എന്നിവിടങ്ങളിലും വാഹനങ്ങൾ കുടുങ്ങി. ആലുവയിൽനിന്ന്‌ കളമശേരി, പാലാരിവട്ടം, എറണാകുളം ഭാഗത്തെത്താൻ പൈപ്പുലൈൻ റോഡിനെയാണ്‌ പലരും ആശ്രയിച്ചത്‌. ഇതോടെ ഇവിടെയും ഗതാഗതക്കുരുക്കുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top