20 April Saturday

ഉക്രെയ്‌ൻ : കേന്ദ്ര ഇടപെടലും
 കേസും ഇഴയുന്നു ; മടങ്ങിയവരുടെ തുടർപഠനം വഴിമുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023



കോഴിക്കോട്‌
യുദ്ധത്തെ തുടർന്ന്‌ ഉക്രെയ്‌നിലെ പഠനം നിർത്തി അയൽരാജ്യങ്ങളിലെ സർവകലാശാലകളിൽ ചേർന്ന  ഇന്ത്യയിലെ മെഡിക്കൽ വിദ്യാർഥികളുടെ ട്രാൻസ്‌ക്രിപ്‌റ്റ്‌  ആൻഡ്‌ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ്‌ സംബന്ധിച്ച്‌ അനിശ്ചിതത്വം. ‘ഓപ്പറേഷൻ ഗംഗ’യിൽ കേന്ദ്ര സർക്കാർ തിരികെയെത്തിച്ചവരുടെ പഠനമാണ്‌ അവതാളത്തിലായത്‌. യുദ്ധം നീളുന്നതിനാൽ മറ്റ്‌ യൂറോപ്യൻ രാജ്യങ്ങളിൽ  പഠനം പൂർത്തിയാക്കാൻ ഉക്രെയ്‌ൻ അനുമതി നൽകിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരോ നാഷണൽ മെഡിക്കൽ കമീഷനോ ഇക്കാര്യത്തിൽ ഉറപ്പുനൽകാത്തതാണ്‌ ദുരിതമാകുന്നത്‌.

പുതുതായി പ്രവേശനം നേടിയ സർവകലാശാലകളിൽ ആറുമാസത്തിനകം ട്രാൻസിസ്റ്റ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയാൽ മതിയെന്നായിരുന്നു അറിയിപ്പ്‌. സർട്ടിഫിക്കറ്റും മാർക്ക്‌ ഷീറ്റും ഉൾപ്പെടെ ഹാജരാക്കാതെ  പ്രവേശനം അനുവദിക്കാൻ സർവകലാശാലകൾ വിസമ്മതിക്കുന്നു. താളംതെറ്റിയ ഉക്രെയ്‌നിലെ സർവകലാശാലകളിൽനിന്ന്‌ സർട്ടിഫിക്കറ്റ്‌ എപ്പോൾ കിട്ടുമെന്നതിൽ വ്യക്തതയില്ല. 

ട്രാൻസിസ്റ്റ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കാൻ ആറുമാസമെങ്കിലും  ലഭിക്കുമെന്ന്‌ വാഗ്‌ദാനംചെയ്താണ്‌ ഏജൻസികൾ വിദ്യാർഥികളെ സമീപിച്ചത്‌. എട്ടുമുതൽ 15 ലക്ഷം രൂപവരെ മുടക്കിയാണ്‌ ആദ്യ  സെമസ്റ്ററുകൾക്ക്‌ പ്രവേശനം നേടിയത്‌. എൻഎംസിയുടെ പുതിയ ഭേദഗതിയിൽ  2021  നവംബർ 18 മുതൽ വിദേശത്തുപോയി പഠിക്കുന്നവരുടെ തുടർപഠനം സംബന്ധിച്ച്‌ പരാമർശമില്ല.

ഉക്രെയ്‌നിലെ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികളിൽ ചെറിയ ശതമാനം മാത്രമാണ്‌ മറ്റ്‌ രാജ്യങ്ങളിൽ ചേർന്നത്‌. ഇന്ത്യയിൽ തുടർപഠനം ഒരുക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതിയിൽനിന്ന്‌ അനുകൂലവിധി പ്രതീക്ഷിക്കുകയാണ്‌ ഭൂരിഭാഗവും.  ഉക്രെയ്‌നിലേക്ക്‌ തിരിച്ചുവരരുത് എന്ന ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് ഉണ്ടെങ്കിലും ഗത്യന്തരമില്ലാതെ  നൂറുകണക്കിന്‌ വിദ്യാർഥികൾ  മടങ്ങി. ഇതിൽ കൂടുതലും അവസാനവർഷ വിദ്യാർഥികളാണ്.  ഇന്ത്യയിൽ തുടരുന്നവർ ഓൺലൈൻ വഴിയാണ്‌ പഠനം. ഓൺലൈൻ ക്ലാസ്‌ കോഴ്‌സിന്റെ ഭാഗമാക്കണമെന്നതും സുപ്രീംകോടതിയിൽ വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

തിരിച്ചടവ്‌ പ്രയാസമാവുമെന്ന്‌ പറഞ്ഞ്‌ പല ബാങ്കുകളും മറ്റ്‌ സർവകലാശാലകളിൽ പഠനം തുടരുന്നതിന്‌ വായ്‌പ ട്രാൻസ്ഫർ ചെയ്യാൻ തയ്യാറാവുന്നില്ല.  ഇന്ത്യയിൽ തുടർപഠനം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഘടനയാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ഏഴ്‌ മാസമായിട്ടും കേസിൽ തീരുമാനമായിട്ടില്ല. എൻഎംസി ചട്ടപ്രകാരം ഒറ്റ സ്ഥാപനത്തിൽ കോഴ്‌സ്‌ പൂർത്തിയാക്കണം.  ഇത്‌ ഭേദഗതിചെയ്യണമെന്ന ആവശ്യം എൻഎംസി കോടതിയിൽ എതിർത്തു. ഇതര രാജ്യങ്ങളിൽ പഠനം തുടരാൻ അനുവദിക്കാമെന്നാണ്‌ എൻഎംസിയുടെ വാദം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top