26 April Friday

കുർബാനത്തർക്കം ; മാധ്യസ്ഥ്യം വഹിക്കാൻ
 സർക്കാരിന്‌ ബാധ്യതയില്ലെന്ന്‌ കർദിനാൾ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


കൊച്ചി
സിറോ മലബാർ സഭയിലെ ഏകീകൃത കുർബാനത്തർക്കത്തിൽ മാധ്യസ്ഥ്യം വഹിക്കാൻ സർക്കാരിനോ ചീഫ്‌ സെക്രട്ടറിക്കോ നിയമപരമായ ബാധ്യതയില്ലെന്ന്‌ വ്യക്തമാക്കി  കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സത്യവാങ്മൂലം. കുർബാനത്തർക്കം സിറോ മലബാർ സഭയുടെ വിശ്വാസപരമായ കാര്യമാണ്‌. അതുപരിഹരിക്കാൻ സർക്കാർ മാധ്യസ്ഥ്യം വഹിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ ഹർജി നിലനിൽക്കില്ലെന്നും അതിന്‌ ചീഫ് സെക്രട്ടറിയെ നിർബന്ധിക്കാൻ ഹൈക്കോടതിക്ക് നിയമപരമായി കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.  
സംഘർഷാവസ്ഥയെത്തുടർന്ന് അടച്ച എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കാൻ  ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ സർക്കാരിന്‌ നിവേദനം നൽകിയിരുന്നു. ഇതിൽ നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്ന ഹർജിയിലാണ്‌ വിദശീകരണം നൽകിയത്‌. ബസിലിക്ക ഇടവക അംഗങ്ങളായ ആന്റണി ജോസഫ്, ടോണി ജോസഫ് എന്നിവരാണ്‌ ഹർജി നൽകിയത്‌. പള്ളി തുറക്കുന്നതിൽ ഒത്തുതീർപ്പിന് സാധ്യതയുണ്ടോയെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി നേരത്തേ ചോദിച്ചിരുന്നു. കോടതി നിർദേശിച്ചതിനെത്തുടർന്നാണ്‌ സത്യവാങ്‌മൂലം നൽകിയത്‌.

ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കുന്നതിൽ വിയോജിപ്പില്ല. പള്ളികൾക്ക് ബാധകമായ ആരാധനാ നിയമങ്ങളുണ്ടാക്കാനും തീരുമാനമെടുക്കാനുമുള്ള അധികാരം സുന്നഹദോസിനാണെന്നും സുന്നഹദോസ്‌ തീരുമാനിച്ചതും മാർപ്പാപ്പ അംഗീകരിച്ചതുമായ കാര്യങ്ങളിൽ മാധ്യസ്ഥ്യ ചർച്ചയോ കൂടിയാലോചനയോ സാധ്യമല്ലെന്നും വിശദീകരണത്തിൽ പറയുന്നു. ഈ ആരാധനാക്രമം പാലിക്കാൻ  ബിഷപ്പുമാർക്കും പുരോഹിതർക്കും ബാധ്യതയുണ്ട്‌. എറണാകുളം–-അങ്കമാലി അതിരൂപതയിലെ ചില ഇടവകകളിലൊഴികെ എല്ലായിടത്തും ഏകീകൃത കുർബാന  നടപ്പാക്കിയിട്ടുണ്ട്‌. സുന്നഹദോസിന്റെ തീരുമാനം അട്ടിമറിക്കാനാണ്‌ ഇത്തരത്തിൽ ഹർജി നൽകിയിട്ടുള്ളതെന്നും വിശദീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top