02 May Thursday

നവകേരളത്തിന് അടിത്തറയിട്ടത് ഇ എം എസും എ കെ ജിയും : ഡോ. ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


മൂവാറ്റുപുഴ
രാജ്യത്തെ വികസന സൂചികയിലെല്ലാം കേരളം  മുന്നിലെത്തിയതിനുപിന്നിൽ ഇ എം എസും എ കെ ജിയും അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പരിശ്രമങ്ങളുണ്ടെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഐക്യകേരളം എന്തായിരിക്കണമെന്ന ഇ എം എസിന്റെ  നിർദേശങ്ങളിൽനിന്നാണ് ഇന്നത്തെ കേരളത്തിലേക്കുള്ള മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ് പഠന ഗവേഷണകേന്ദ്രം മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച ഇ എം എസ്–-എ കെ ജി അനുസ്മരണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളസമൂഹത്തിന്റെ മാറ്റങ്ങൾക്കുവേണ്ടി നിലകൊള്ളുമ്പോൾത്തന്നെ ഇ എം എസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾ അവരുടെ സമുദായത്തിലും  പരിഷ്‌കരണത്തിനായി പ്രവർത്തിച്ചു. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിൽ സജീവമായ ജനങ്ങളെ ഇടതുപക്ഷത്തേക്ക്‌ കൊണ്ടുവന്നു. തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിക്കാൻ എ കെ ജിയും പി കൃഷ്ണപിള്ളയുമുണ്ടായിരുന്നു. കേരളത്തിൽ സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ, ആരോഗ്യമേഖലകൾ ഏറ്റെടുത്തത് ഇടതുപക്ഷമാണ്. എല്ലാവിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി  സംവാദങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും  പുതിയൊരു കേരളം സൃഷ്ടിക്കാനുള്ള മറ്റൊരു തുടക്കമായിരുന്നു ജനകീയാസൂത്രണം. തുടർന്ന് കേരള പഠനകോൺഗ്രസ് തുടങ്ങിയതും വലിയൊരു മാറ്റത്തിന് വേദിയായി. കേരളത്തിൽ അഭ്യസ്തവിദ്യരുടെ വരുമാനം വർധിപ്പിക്കാൻ തൊഴിലുകളുണ്ടാക്കുന്ന മേഖലകൾ കണ്ടെത്തണം. ഇതിന്‌ നിക്ഷേപമുണ്ടാക്കണമെന്നും കേരളത്തെ മുന്നോട്ടുനയിക്കാൻ ഇടതുപക്ഷത്തിന്റെ അജൻഡ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ അധ്യക്ഷനായി. പഠന ഗവേഷണകേന്ദ്രം ഡയറക്ടർ സി ബി ദേവദർശനൻ സ്വാഗതം പറഞ്ഞു.  പ്രസിഡന്റ്‌ സി എൻ മോഹനൻ, സെക്രട്ടറി സി എം ദിനേശ്‌മണി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ആർ അനിൽകുമാർ, പുഷ്പ ദാസ്, ജില്ലാ കമ്മിറ്റി അംഗം പി എം ഇസ്മയിൽ, മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ്, ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top