29 March Friday

പാരാമെഡിക്കൽ വിദ്യാഭ്യാസവും രജിസ്ട്രേഷനും ; 4 ബോർഡ്‌ രൂപീകരിക്കണമെന്ന്‌ നിർദേശം

സ്വന്തം ലേഖികUpdated: Wednesday Mar 22, 2023



തിരുവനന്തപുരം
പാരാമെഡിക്കൽ കോഴ്‌സുകളെ ഒരുകുടക്കീഴിൽ എത്തിക്കുന്ന കേരള സംസ്ഥാന അലൈഡ് ആൻഡ്‌ ഹെൽത്ത് കെയർ കൗൺസിലിനുള്ള ചട്ടങ്ങൾ ആരോഗ്യവകുപ്പ്‌ പുറപ്പെടുവിച്ചു. പാരാമെഡിക്കൽ കോഴ്‌സുകൾ പഠിച്ചവർക്കുള്ള രജിസ്‌ട്രേഷൻ ഇനിമുതൽ കൗൺസിൽ മുഖേനയായിരിക്കും. കേരളത്തിന്‌ പുറത്തുപഠിച്ചവർക്കും ഇതോടെ അംഗീകാരം ലഭിക്കും.

പാരാമെഡിക്കൽ മേഖലയ്ക്കായി അണ്ടർ ഗ്രാജ്വേറ്റ്‌ അലൈയ്‌ഡ്‌ ആൻഡ്‌ ഹെൽത്ത്കെയർ എഡ്യൂക്കേഷൻ ബോർഡ്‌, പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ അലൈയ്‌ഡ്‌ ആൻഡ്‌ ഹെൽത്ത്കെയർ എഡ്യൂക്കേഷൻ ബോർഡ്‌, അലൈയ്‌ഡ്‌ ആൻഡ്‌ ഹെൽത്ത്‌കെയർ പ്രൊഫഷൻസ്‌ അസെസ്‌മെന്റ്‌ ആൻഡ്‌ റെയ്റ്റിങ്‌ ബോർഡ്‌, അലൈയ്‌ഡ്‌ ആൻഡ്‌ ഹെൽത്ത്‌കെയർ പ്രൊഫഷൻസ്‌ എത്തിക്സ്‌ ആൻഡ്‌ രജിസ്‌ട്രേഷൻ ബോർഡ്‌ എന്നിവയ്ക്ക്‌ കൗൺസിൽ രൂപം നൽകും. മേഖലകളിൽ ബിരുദാനന്തര ബിരുദവും അനുഭവസമ്പത്തുമുള്ളവരെയായിരിക്കണം ബോർഡുകളുടെ പ്രസിഡന്റുമാരായും അംഗങ്ങളായും തീരുമാനിക്കേണ്ടത്‌.

കൗൺസിലിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്ത്‌ പുതിയ അലൈയ്‌ഡ്‌ ആൻഡ്‌ ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപിക്കാനും ചട്ടത്തിൽ പറയുന്നു. കേരള ആരോഗ്യസർവകലാശാലയുടെ മേൽനോട്ടത്തിലാകണം ഇത്‌  പ്രവർത്തിക്കേണ്ടത്‌. മെഡിക്കൽ കോളേജിന്റെയോ സർവകലാശാലയുടെയോ സമീപത്താകണം സ്ഥാപനം ആരംഭിക്കാൻ. പഠനത്തിനും ഇന്റേൺഷിപ് സൗകര്യത്തിനും ആശുപത്രി സൗകര്യവുമുണ്ടാകണമെന്ന്‌ ചട്ടം വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷമാണ്‌ ‘ദി കേരള സ്റ്റേറ്റ് അലൈഡ് ആൻഡ്‌ ഹെൽത്ത് കെയർ കൗൺസിൽ’ രൂപീകരിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയത്‌. 2021ലെ നാഷണൽ കമീഷൻ ഫോർ അലൈഡ് ആൻഡ്‌ ഹെൽത്ത് കെയർ പ്രൊഫഷൻസ് നിയമം അനുസരിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജ് എംഎൽടി അസോസിയറ്റ് പ്രൊഫസർ എം അബ്ദുന്നാസിർ അധ്യക്ഷനായി നാലംഗ കൗൺസിൽ രൂപീകരിച്ചത്‌. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ സെക്രട്ടറിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top