08 June Thursday

മാലിന്യസംസ്‌കരണ നിയമം
ലംഘിച്ചാൽ ശിക്ഷ കടുക്കും ; പ്രവർത്തന മാർഗരേഖാ ഭേദഗതി ഉത്തരവായി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


തിരുവനന്തപുരം   
മാലിന്യസംസ്‌കരണ നിയമലംഘനങ്ങളിൽ കർശന നടപടിക്കായി ജില്ലകളിൽ രൂപീകരിക്കുന്ന എൻഫോഴ്‌സ്‌മെന്റ്‌ സെക്രട്ടറിയറ്റിനും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾക്കുമുള്ള  പ്രവർത്തന മാർഗരേഖ  ഭേദഗതി ചെയ്‌തു. മിന്നൽ പരിശോധനയിലൂടെ ഉടൻപിഴ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്‌ത്‌ വാഹനങ്ങൾ പിടിച്ചെടുക്കാനും ഉത്തരവിലൂടെ സ്‌ക്വാഡുകൾക്ക്‌ അധികാരം ലഭിക്കും.  ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ്‌ സെക്രട്ടറിയറ്റ്‌ പ്രവർത്തിക്കും. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർകോട്‌ ജില്ലകളിൽ ഓരോന്നും മറ്റിടങ്ങളിൽ രണ്ട് സ്‌ക്വാഡ് വീതവുമാണ്‌ ഉണ്ടാകുക. സ്‌ക്വാഡിൽ തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥനും ശുചിത്വമിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസറും പരിശോധന സ്ഥലത്തെ പൊലീസ്‌ ഉദ്യോഗസ്ഥനും ഉണ്ടാകും. ഒരേ സ്‌ക്വാഡിൽ ആറുമാസത്തിലധികം ഒരാൾക്ക്‌ പ്രവർത്തിക്കാനാകില്ല. സ്‌ക്വാഡ്‌ പുനർവിന്യസിക്കേണ്ടത്‌ തദ്ദേശ ജോയിന്റ്‌ ഡയറക്ടർ ചെയർമാനും ശുചിത്വമിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ  നോഡൽ ഓഫീസറുമായ സെക്രട്ടറിയറ്റാണ്‌.

മാലിന്യം പൊതുനിരത്തിലോ ജലസ്രോതസ്സുകളിലോ തള്ളിയാൽ  ഉടൻ പിഴയുൾപ്പെടെ നടപടി സ്വീകരിക്കും. അറവ്–-വിൽപ്പന കേന്ദ്രങ്ങളിൽ സ്‌ക്വാഡ് പരിശോധന നടത്തും. വാണിജ്യ/വ്യാപാര/വ്യവസായ ശാലകൾ, ഹോട്ടലുകൾ, സ്ഥാപനങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ മാലിന്യസംസ്‌കരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സ്‌ക്വാഡുകൾ ഉറപ്പുവരുത്തണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ക്വാഡിനുള്ള ചെലവുകൾ ശുചിത്വമിഷൻ മുഖേന നൽകും.

പ്രചാരണ ബോർഡുകളിൽ ജാഗ്രതവേണം
നിരോധിത പിവിസി, ഫ്‌ളക്‌സ്‌, പോളിസ്റ്റർ, നൈലോൺ ക്ലോത്ത്, പ്ലാസ്റ്റിക്‌ കലർന്ന തുണി, പേപ്പർ തുടങ്ങിയവയിൽ പ്രചാരണ ബോർഡുകളും ഹോർഡിങ്ങുകളും ബാനറുകളും ഷോപ്പ് ബോർഡുകളും സ്ഥാപിക്കുന്നില്ലെന്ന് സ്‌ക്വാഡ് ഉറപ്പാക്കും. പുനഃചംക്രമണം സാധ്യമായ 100 ശതമാനം കോട്ടൻ/പേപ്പർ/പോളി എത്തിലീൻ എന്നിവയിൽ ‘പിവിസി ഫ്രീ റീസൈക്ലബിൾ' ലോഗോയും പ്രിന്റിങ്‌ യൂണിറ്റിന്റെ പേരും നമ്പറും പതിച്ചേ ബോർഡുകൾ സ്ഥാപിക്കാവൂ. ഇല്ലെങ്കിൽ പരസ്യം നൽകിയവർക്കും പ്രിന്റ്‌ ചെയ്‌തവർക്കും  പിഴ ചുമത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top