18 April Thursday

കടുത്ത പരീക്ഷണങ്ങളിലും പതറാത്ത സമരനായകൻ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


തിരുവനന്തപുരം  
കടുത്ത പരീക്ഷണങ്ങൾക്കുമുന്നിലും പതറാതെ ജനങ്ങളെ നയിക്കാൻ കരുത്തനായ സമരനായകനായിരുന്നു എ കെ ജിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു. പാവങ്ങൾക്ക് വേണ്ടി ഇടവേളകളില്ലാതെ പോരാടിയ അതുല്യ ജീവിതമായിരുന്നു എ കെ ജിയുടേതെന്നും പിണറായി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. 

എ കെ ജിയുടെ തണലിൽ സംഘടനാ പ്രവർത്തനം നടത്തിയ അനുഭവങ്ങളും അദ്ദേഹം പങ്കിട്ടു.  ജനങ്ങൾ അതിക്രമം നേരിടുന്നിടത്തേക്ക്‌ ഓടിയെത്തി പ്രതിരോധത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതാണ്‌ എ കെ ജിയുടെ പ്രകൃതം. കണ്ണൂർ തോലമ്പ്ര തൃക്കടാരിപ്പൊയിലിൽ എഴുപതുകളുടെ തുടക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ തുടർച്ചയായി അക്രമമുണ്ടായി.  പൊറുതിമുട്ടിയ നാട്ടുകാർക്ക് പ്രതിഷേധിക്കാനുള്ള അവസരവും അധികാരികൾ നിഷേധിച്ചു. പ്രതിസന്ധി മറികടക്കാൻ പ്രദേശത്ത്‌ എ കെ ജി പ്രസംഗിക്കണമെന്ന് പാർടി തീരുമാനിച്ചു.

പൊതുയോഗസ്ഥലത്ത്‌ ഹർത്താലായിരുന്നു. യോഗം മുടക്കാൻ  കോൺഗ്രസുകാർ കടകളടപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭീകരാവസ്ഥയുണ്ടാക്കി. അസുഖബാധിതനായതിനാൽ അവിടെ വെറുതെ വന്നിരിക്കുകയേയുള്ളൂ, ഞങ്ങൾ പ്രസംഗിക്കണമെന്നായിരുന്നു എ കെ ജി യുടെ നിർദേശം. അൽപ്പമെന്തെങ്കിലും സംസാരിക്കണമെന്ന് നിർബന്ധിച്ചിട്ടും സുശീല ഗോപാലനൊപ്പമെത്തിയ അദ്ദേഹം വഴങ്ങിയില്ല. എ കെ ജി എത്തി നിമിഷങ്ങൾക്കുള്ളിൽ അവിടെ വലിയ ജനക്കൂട്ടമായി. കാര്യങ്ങൾ ചോദിച്ചറിഞ്ഞ എ കെ ജി ക്ഷുഭിതനായി. നേരത്തെ പറഞ്ഞതെല്ലാം മറന്ന്  പ്രസംഗം ആരംഭിച്ചു. തോലമ്പ്രയുടെ ചരിത്രവും കമ്യൂണിസ്റ്റ്‌ പാർടിയുടെ കരുത്തും വിശദീകരിച്ച്‌  വികാരതീവ്രമായ പ്രസംഗം. മൈക്കിന് മുന്നിൽ നിൽക്കാൻപോലും കഴിയുന്നില്ലെന്ന്‌ പറഞ്ഞ എ കെ ജിയെയല്ല,  കടുത്ത പരീക്ഷണങ്ങളിലും പതറാത്ത സമരനായകനെയാണ് അവിടെ കണ്ടത്. പ്രസംഗം അവസാനിപ്പിച്ച് എ കെ ജി ഇരിക്കുമ്പോൾ പിന്നെ പ്രസംഗത്തിനുള്ള സമയമോ വിഷയമോ അവശേഷിച്ചിരുന്നില്ല. അതായിരുന്നു എ കെ ജി. ഒരിക്കലെങ്കിലും ആ സാന്നിധ്യം അനുഭവിച്ചവർ ഒരിക്കലും മറക്കാത്ത നേതൃരൂപമായിരുന്നു എ കെ ജി യെന്നും മുഖ്യമന്ത്രി കുറിപ്പിൽ അനുസ്മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top