26 April Friday

1 വർഷം 1 കോടി ഫയൽ ; ഇ ഗവേണൻസില്‍ ചരിത്രമെഴുതി ഐഎല്‍ജിഎംഎസ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


തിരുവനന്തപുരം
ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈനിൽ സേവനമൊരുക്കുന്ന ഐഎൽജിഎംഎസ് വഴി കൈകാര്യംചെയ്തത് ഒരു കോടിയിലേറെ ഫയൽ. 2022 ഏപ്രിൽ നാലിനാണ്‌ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലേക്കും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ്‌ സിസ്റ്റം വഴിയുള്ള സേവനം വ്യാപിപ്പിച്ചത്. ഒരുവർഷത്തിന്‌ രണ്ടാഴ്ച ബാക്കിനിൽക്കെയാണ് നേട്ടം  സ്വന്തമാക്കിയത്. ബുധൻ ഉച്ചവരെ 1,00,05,051 ഫയൽ ഐഎൽജിഎംഎസ് വഴി കൈകാര്യംചെയ്തു.  ഇവയിൽ 89.13 ലക്ഷവും (89.08 ശതമാനം) തീർപ്പാക്കി. 264 സേവനം ഐഎൽജിഎംഎസ് വഴി  ലഭിക്കുന്നുണ്ട്‌. അഭിമാനകരമായ നേട്ടമാണ് ഇ ഗവേണൻസ് രംഗത്ത് കേരളം കൈവരിച്ചതെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. നേട്ടത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഐഎൽജിഎംഎസ് രൂപകൽപ്പന ചെയ്ത ഇൻഫർമേഷൻ കേരള മിഷനെയും മന്ത്രി അഭിനന്ദിച്ചു.

സിറ്റിസൺ സർവീസ് പോർട്ടൽ വഴി ലഭിച്ചത് 14.43 ലക്ഷം അപേക്ഷയാണ്. ഇതിൽ 13.13 ലക്ഷം ഫയലും (91.01 ശതമാനം) തീർപ്പാക്കി. പഞ്ചായത്ത് ഓഫീസിൽ വരാതെതന്നെ സേവനമെല്ലാം ലഭ്യമാകുന്ന രീതിയിലാണ് ഐഎൽജിഎംഎസ് സംവിധാനം. citizen.lsgkerala.gov.in വെബ്സൈറ്റിലൂടെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്.

നഗരസഭകളിൽ കെ സ്‌മാർട്ട്‌ 
ഏപ്രിൽ 22 മുതൽ
നഗരസഭകളിലെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാനുള്ള പ്ലാറ്റ്ഫോം കെ സ്‌മാർട്ട്‌  ഏപ്രിൽ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  ജനന-മരണ രജിസ്ട്രേഷൻ, വ്യാപാര ലൈസൻസ്, പൊതുപരാതി പരിഹാരസംവിധാനം എന്നിവ ആദ്യഘട്ടത്തിൽ കെ സ്‌മാർട്ടിൽ ലഭ്യമാകും. നവംബർ ഒന്നിന് പൂർണതോതിലും പ്രവർത്തിപ്പിക്കാനാകും.  എല്ലാ സേവനവും മൊബൈൽ ആപ്പിലും ലഭ്യമാകും.

പരാതികൾക്കും നിവേദനങ്ങൾക്കും ഇ മെയിലിൽ മറുപടി
സർക്കാരിന്‌ ജനങ്ങൾ നൽകുന്ന പരാതികളിലും നിവേദനങ്ങളിലും ഇ മെയിൽവഴി മറുപടി നൽകാൻ സംവിധാനം. ഇ ഓഫീസ്‌ സംവിധാനത്തിലൂടെ പൊതുജനങ്ങളുമായുള്ള ആശയവിനിമയം സുഗമമാക്കാൻ ഇന്റർ/ഇൻട്രാ ഓഫീസ് കമ്യൂണിക്കേഷൻസ് നടപ്പാക്കാനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. ഇ -മെയിൽ ഐഡി ലഭ്യമാണെങ്കിൽ അപേക്ഷകൾക്കും നിവേദനങ്ങൾക്കും ഇ- ഓഫീസ് സംവിധാനം വഴി അംഗീകാരം നൽകാനും മറുപടി ലഭ്യമാക്കാനും വകുപ്പുകൾക്ക് നിർദേശം നൽകി.  ഇന്റർ ഓഫിസ് കമ്യൂണിക്കേഷൻ സംവിധാനത്തിലൂടെ മറുപടി വേഗത്തിലും എളുപ്പത്തിലും ജനങ്ങൾക്ക് നേരിട്ട് ഇ മെയിൽ വഴി ലഭ്യമാക്കും. പരാതി പരിഹാര അദാലത്തുകളിലും മറ്റും നൽകുന്ന അപേക്ഷകളിലും നേരിട്ടും ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും നൽകുന്ന അപേക്ഷകളിലും ജനങ്ങൾ ഇ മെയിൽ വിലാസം രേഖപ്പെടുത്തണം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top