18 April Thursday
എസ്‌ടി വിഭാഗത്തിൽനിന്ന്‌ 500 ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസർ

വനാശ്രിത ഗോത്രവിഭാഗങ്ങളെ 
മുഖ്യധാരയിൽ എത്തിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറുന്നു.



തിരുവനന്തപുരം
വനാശ്രിത പട്ടികവർഗവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര വന ദിനാചരണവും സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റുവഴി വനസംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസർ) നിയമിക്കപ്പെട്ട 500 വനാശ്രിത പട്ടികവർഗവിഭാഗക്കാർക്ക് സ്വീകരണം നൽകുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പട്ടികവർഗവിഭാഗങ്ങളുടെ തനതു സംസ്‌കാര രീതികൾ സംരക്ഷിച്ചും പരമ്പരാഗത അറിവും കർമശേഷിയും ഉപയോഗപ്പെടുത്തിയും വനത്തെ സംരക്ഷിക്കുന്നതിനാണ് കാടിനെ അറിയുന്നവരെ സർക്കാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാക്കുന്നത്. ഭൗതിക സാഹചര്യങ്ങൾ പരിഷ്‌കരിക്കുകയും സാമൂഹ്യനീതി ഉറപ്പാക്കുകയും ചെയ്യുന്നതിന്‌ ആക്കം കൂട്ടും. കാട്ടുതീ പ്രതിരോധം, ഇക്കോ ടൂറിസം, ചെറുകിട വനവിഭവ ശേഖരണം, ഔഷധ സസ്യക്കൃഷി മുതലായ രംഗങ്ങളിൽ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തവും സേവനവും സംസ്ഥാനത്തിന് മുതൽക്കൂട്ടാണ്. പങ്കാളിത്ത വനപരിപാലന പദ്ധതി ഗുണഭോക്താക്കൾ വനാശ്രിത പട്ടികവർഗവിഭാഗമാണ്. ഇവരുടെ കർമശേഷി ഉപയോഗപ്പെടുത്തുന്നതിനൊപ്പം അവർക്ക് ഇത്തരം പ്രവർത്തനങ്ങളിലൂടെ ജീവനോപാധി ഉറപ്പാക്കാൻ ഉപകരിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്‌–- മുഖ്യമന്ത്രി പറഞ്ഞു.
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റുവഴി  ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിക്കപ്പെടുന്ന വനാശ്രിത പട്ടികവർഗ വിഭാഗക്കാർക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി. 

ചടങ്ങിൽ വനം-മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. പങ്കാളിത്ത വനപരിപാലനം- 25 വർഷം എന്നതിന്റെ മുദ്ര, അരണ്യം വനദിന പ്രത്യേക പതിപ്പ് എന്നിവയുടെ പ്രകാശനവും ആര്യനാട് ബി സനകന് 25,000 രൂപയും മെമന്റോയുമടങ്ങുന്ന തിരുവനന്തപുരം ജില്ലയിലെ വനമിത്ര പുരസ്‌കാര വിതരണവും മന്ത്രി നിർവഹിച്ചു. പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മന്ത്രി കെ രാധാകൃഷ്ണൻ ഉപഹാരം സമ്മാനിച്ചു. കാവുകൾക്കുള്ള ധനസഹായ വിതരണം മന്ത്രി ആന്റണി രാജു നിർവഹിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top