25 April Thursday
അഗ്രോ ഫുഡ്‌ പ്രൊസസിങ്‌ മേഖലയിൽമാത്രം 21,609 സംരംഭം ,ഗാർമെന്റ്‌, ടെക്‌സ്‌റ്റൈൽ രംഗത്ത്‌ 13,596

വ്യവസായ കേരളത്തിന്റെ പുതുചരിത്രം

പ്രത്യേക ലേഖകൻUpdated: Sunday Jan 22, 2023



കൊച്ചി
വീൽചെയറിൽ ഇരുന്നും വ്യവസായചക്രം തിരിച്ച തൃശൂർ നടത്തറയിലെ രൂപക്‌ മുതൽ ഒരു ജില്ലയ്‌ക്ക്‌ ഒരു ഉൽപ്പന്നം എന്ന സർക്കാർപദ്ധതി അറിഞ്ഞ്‌ പൈനാപ്പിൾ ഫാക്ടറി തുടങ്ങുന്ന  കംപ്യൂട്ടർ എൻജിനിയർ മാരിയോ വരെ. കഴുത്തിലെ മാലയും കാതിലെ കമ്മലും വീട്ടിലെ നീക്കിയിരിപ്പും ബാങ്ക്‌ വായ്‌പയുമൊക്കെ സ്വരുക്കൂട്ടി വ്യവസായരംഗത്തേക്ക്‌ കാലെടുത്തുവച്ചവർ. 

1,24,249 സംരംഭകരെ പ്രതിനിധാനംചെയ്‌ത്‌ കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ അവർ പതിനായിരംപേർ ഒത്തുചേർന്നപ്പോൾ കേരളചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക മഹാസംഗമമായി. കേരളത്തിൽ ഒന്നും നടക്കില്ലെന്ന പതിവുപല്ലവിക്ക്‌ മറുപടിയാണ്‌ ഈ സാക്ഷ്യമുഖങ്ങൾ എന്ന, സംഗമം ഉദ്‌ഘാടനംചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ സദസ്സ്‌ ഒന്നടങ്കം കൈയടിയോടെ സ്വീകരിച്ചു.

ഒരുവർഷം ഒരുലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭകവർഷം, 245–-ാംദിവസം ലക്ഷ്യം കൈവരിച്ച്‌ 1,24,249 സംരംഭവും 7533.71 കോടി രൂപയുടെ നിക്ഷേപവും 2,67,823 തൊഴിലവസരവുമായി മുന്നേറുന്നതിന്റെ സാക്ഷ്യമായിരുന്നു സംഗമം. തുടർന്നും സംരംഭകർക്കൊപ്പം സർക്കാരുണ്ടെന്ന പ്രഖ്യാപനമാണ്‌ ഈ സംഗമമെന്ന്‌ ചടങ്ങിൽ അധ്യക്ഷനായിരുന്ന വ്യവസായമന്ത്രി പി രാജീവും പറഞ്ഞു. സ്‌കെയിൽ അപ്പ്‌ പദ്ധതിയുടെ സർവേ ഉദ്‌ഘാടനവും കൈപ്പുസ്‌തക പ്രകാശനവും റവന്യുമന്ത്രി കെ രാജൻ, കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎയ്‌ക്ക്‌ നൽകി നിർവഹിച്ചു. എംഎൽഎമാരായ ആന്റണി ജോൺ, പി വി ശ്രീനിജിൻ, ചീഫ്‌ സെക്രട്ടറി വി പി ജോയി, വ്യവസായ -വാണിജ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ എ പി എം മുഹമ്മദ്‌ ഹനീഷ്‌, സുമൻ ബില്ല, വ്യവസായവകുപ്പ്‌ ഡയറക്ടർ എസ്‌ ഹരികിഷോർ എന്നിവരും സംസാരിച്ചു.

ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായസംരംഭകരെ സഹായിക്കുന്നതിന്‌ എംഎസ്‌എംഇ ക്ലിനിക് സംഗമത്തിന്റെ മുഖ്യ ആകർഷണമായി. വ്യവസായവകുപ്പിന്റെ തീം പവിലിയനും കേന്ദ്ര–-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും ഉൾപ്പെടെ 100 സ്‌റ്റാളുകൾ നിരന്ന പ്രദർശനവും സംഗമത്തിനെത്തിയവർക്ക്‌ സഹായകമായി.

പുതു അധ്യായം: 
മന്ത്രി കെ രാജൻ
കേരളചരിത്രത്തിലെ പുതു അധ്യായമാണ്‌ ഒരുവർഷം ഒരുലക്ഷം സംരംഭം എന്ന പദ്ധതിയെന്ന്‌ റവന്യുമന്ത്രി കെ രാജൻ. വ്യവസായവും വികസനവും കോടിക്കണക്കിന്‌ രൂപ ആസ്‌തിയുള്ളവർമാത്രം മുന്നോട്ടുവയ്‌ക്കേണ്ട ആശയമല്ലെന്ന്‌ തെളിയിച്ചു. വികസനം മാനവികതയിലൂന്നി മുന്നോട്ട്‌ കൊണ്ടുപോകാൻ പഠിപ്പിക്കുകയാണ്‌ സർക്കാർ. കേരളം ലോകത്തിനുമുന്നിൽ അവതരിപ്പിച്ച മാതൃകയാണ്‌ പദ്ധതിയെന്നും രാജൻ പറഞ്ഞു. സംരംഭക മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top