20 April Saturday

പ്രമേയം സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാൻ : ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ വികസനവും ജനങ്ങളുടെ താൽപ്പര്യവും സംരക്ഷിക്കാനാണ്‌ സിഎജി റിപ്പോർട്ടിലെ അന്യായമായ പരാമർശങ്ങൾ തള്ളണമെന്ന പ്രമേയം അവതരിപ്പിച്ചതെന്ന്‌ ധനമന്ത്രി  ടി എം തോമസ്‌ ഐസക്‌. വമ്പൻ ധനസമാഹരണത്തിനൊരുങ്ങുന്ന കിഫ്‌ബിക്ക്‌ സിആൻഡ്‌എജി റിപ്പോർട്ടിലെ പരമാർശങ്ങൾ പ്രതികൂലമായി ബാധിക്കും. വിശ്വാസത്തിന്റെ പേരിലാണ്‌ ഈ വായ്പ എടുക്കുന്നത്‌. എന്നാൽ,  മസാല ബോണ്ട്‌ ഭരണഘടനാ വിരുദ്ധമാണെന്നതുൾപ്പെടെയുള്ള പ്രതികൂല പരാമർശങ്ങൾ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഡെമോക്ലീസിന്റെ വാൾ പോലെ ഈ പരാമർശങ്ങൾ കിഫ്‌ബിയുടെ തലയ്ക്കുമേൽ തൂങ്ങിക്കിടക്കും. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിനുമേൽ നടന്ന ചർച്ചയ്ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കിഫ്‌ബിയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്‌. കിഫ്‌ബി തകർന്നാൽ സംസ്ഥാനത്തിന്റെ വികസനം മുടങ്ങും. പിന്നെ ജനതാൽപ്പര്യം സംരക്ഷിക്കാനാകില്ല. സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിനും  അവരുടെ ഏജൻസികൾക്കുമുള്ള മുന്നറിയിപ്പാണ്‌ ഈ പ്രമേയം. സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന സന്ദേശംകൂടിയാണ്‌ ഇത്‌. ഇതിലൂടെ നിയമസഭയുടെ അവകാശം സർക്കാർ സംരക്ഷിച്ചു.

സിആൻഡ്‌എജി ഡിക്ടറ്റീവ്‌ ഇൻസ്‌പെക്ടറല്ല. സർക്കാരിന്റെ പണം ചട്ടങ്ങളും നിയമങ്ങൾക്കുമനുസരിച്ച്‌ വിനിയോഗിക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കാനാണ്‌ ഈ ഉദ്യോഗസ്ഥൻ. അല്ലാതെ രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും ജയിംസ്‌ മാത്യു പറഞ്ഞു.

   സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്‌. ഇത്‌ അംഗീകരിക്കാനാകില്ലെന്നും വീണ ജോർജ്‌ പറഞ്ഞു.
മറ്റ്‌ ഏജൻസികളെപ്പോലെ സിആൻഡ്‌ എജിയെയും സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നു. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്ന കാര്യം മറക്കരുതെന്ന്‌ എ എൻ ഷംസീർ പറഞ്ഞു. കിഫ്‌ബിയെയും കേരളത്തെയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്‌. ഇതിന്‌ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നു. ഈ ഭീഷണിക്കു മുന്നിൽ ഓച്ചാനിച്ചുനിൽക്കാൻ തയ്യാറല്ലെന്ന്‌ എം സ്വരാജ്‌ പറഞ്ഞു.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെ സി ജോസഫ്‌, വി ഡി സതീശൻ, എം  കെ മുനീർ, ഒ രാജഗോപാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top