26 April Friday

ചാൻസലർ പദവി : മലക്കംമറിഞ്ഞ്‌ ഗവർണർ

പ്രത്യേക ലേഖകൻUpdated: Tuesday Nov 22, 2022


തിരുവനന്തപുരം
സർവകലാശാലകളിലെ ചാൻസലർ പദവി കേരള പിറവിമുതൽ ഗവർണർക്കാണെന്നും അതുകൊണ്ട്‌ പദവി ഒഴിയില്ലെന്നുമുള്ള ആരിഫ്‌ മൊഹമ്മദ്‌ഖാന്റെ പുതിയ നിലപാട്‌ മലക്കംമറിച്ചിൽ. 10 മാസത്തോളമായി പറഞ്ഞുകൊണ്ടിരുന്നത്‌ സർക്കാർ എപ്പോൾ പറയുന്നുവോ അപ്പോൾ ഒഴിഞ്ഞുതരാം എന്നായിരുന്നു. ചാൻസലർ പദവിയിൽനിന്ന്‌ ഗവർണറെ നീക്കാൻ സർക്കാർ ഓർഡിനൻസ്‌ കൊണ്ടുവരികയും നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന്‌ വാർത്ത വരികയും ചെയ്ത സാഹചര്യത്തിലാണ്‌ മലക്കംമറിച്ചിൽ. മാധ്യമങ്ങളോട്‌ ആദ്യം ഒന്നു പറഞ്ഞ്‌, പിന്നീട്‌ തെല്ലും മടിയില്ലാതെ അത്‌ മാറ്റിപ്പറയുന്നത്‌ ഗവർണറുടെ പതിവായിട്ടുണ്ട്‌.

2021 ഡിസംബർ ആദ്യം ചാൻസലർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച്‌ ഗവർണർ രണ്ടു പ്രാവശ്യം സർക്കാരിന്‌ കത്ത്‌ നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്‌ ചെയർമാൻ ഡോ. രാജൻ ഗുരുക്കൾക്കും കത്ത്‌ കൈമാറി. സർവകലാശാലകളിലെ അമിത രാഷ്‌ട്രീയ ഇടപെടൽ എന്നായിരുന്നു ഗവർണർ കാരണം പറഞ്ഞത്‌. എന്നാൽ, കണ്ണൂർ, കാലടി സർവകലാശാലകളിൽ താൽപ്പര്യപ്രകാരം നിയമനം നടത്താൻ കഴിയാത്തതാണ്‌ ക്ഷോഭത്തിന്‌ കാരണമെന്നത്‌ പിന്നീട്‌ പുറത്തുവന്നു.

ഒഴിയാൻ കത്ത്‌ നൽകിയപ്പോഴൊന്നും ഗവർണറെ മാറ്റുന്നത്‌ സർക്കാർ ആലോചിച്ചിരുന്നില്ല. സർവകലാശാലകളിലെ കാര്യങ്ങൾ സ്വതന്ത്രമായും സുതാര്യമായും മുന്നോട്ടുപോകുന്നതിലായിരുന്നു സർക്കാരിന്റെ ശ്രദ്ധ. എന്നാൽ, സംഘപരിവാർ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാനും ഉന്നത വിദ്യാഭ്യാസമേഖലയെ മുന്നോട്ടു നയിക്കുന്ന പദ്ധതികൾ പൊളിക്കുന്ന നീക്കങ്ങൾ തുടങ്ങിയതോടെയുമാണ്‌ ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കാൻ തീരുമാനിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top