17 April Wednesday

സിഎജിയുടെ വാദം വിവരക്കേട് : ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020


മസാലാബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന വാദത്തിന് പിൻബലം നൽകാൻ ഭരണഘടന ചൂണ്ടിക്കാട്ടി സിഎജി ഉന്നയിക്കുന്ന വാദങ്ങളെ വിവരക്കേടുമാത്രമായേ പരിഗണിക്കാനാകൂവെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌.

മസാലാ ബോണ്ട്‌ ഭരണ ഘടനയുടെ ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റിൽ ഇനം 37 ന്റെ ലംഘനമാണെന്ന നിഗമനത്തിലാണ്‌ സിഎജി എത്തിയിട്ടുള്ളത്‌. ഇത്‌ ഞെട്ടിപ്പിക്കുന്നതാണ്‌. ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റിലെ ഇനം 37 പ്രകാരം വിദേശ വായ്‌പ എടുക്കാനുള്ള അവകാശം കേന്ദ്രത്തിനു മാത്രമാണെന്നാണ്‌ സിഎജി പറഞ്ഞുവയ്‌ക്കുന്നത്‌. ഇത് കേൾക്കുമ്പോൾ ആരുമൊന്ന് പകച്ചു പോകും.

ഭരണഘടനയുടെ ആർട്ടിക്കിൾ 246  പ്രകാരമാണ് ഏഴാം പട്ടിക ഉണ്ടായിട്ടുള്ളത്. യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നീ മൂന്നു  ലിസ്റ്റുകളാണ് ഏഴാം പട്ടികയിലുള്ളത്. പാർലമെന്റിനുമാത്രം നിയമം നിർമിക്കാവുന്ന വിഷയങ്ങൾ ഏതൊക്കെ എന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നതാണ്  ഒന്നാം പട്ടിക. രണ്ടാം പട്ടികയിൽ പെടുത്തിയിട്ടുള്ളത് സംസ്ഥാന നിയമസഭകൾക്ക് നിയമം നിർമിക്കാവുന്ന വിഷയങ്ങളും. ആർട്ടിക്കിൾ 246 പറയുന്ന വ്യവസ്ഥകൾക്ക്‌ അനുസരിച്ച് രണ്ടു കൂട്ടർക്കും നിയമ നിർമാണ അധികാരമുള്ള വിഷയങ്ങളാണ്‌ മൂന്നാം പട്ടികയിൽ.

ഓരോ വിഷയത്തിലും ആർക്കാണ് നിയമ നിർമാണ അധികാരമെന്നത് ഏഴാം ഷെഡ്യൂൾ പട്ടികപ്പെടുത്തിയിരിക്കുന്നു. ഒന്നാം ലിസ്റ്റിൽ ഇനം 37 അനുസരിച്ച്‌ വിദേശ വായ്‌പ സംബന്ധമായ നിയമം ഉണ്ടാക്കാൻ പാർലമെന്റിനുമാത്രമാണ് അധികാരം. ഇതിനെ, വിദേശ വായ്‌പയെടുക്കാൻ  കേന്ദ്ര സർക്കാരിനുമാത്രമേ കഴിയൂവെന്ന്‌ വ്യാഖ്യാനിക്കാനാണ്‌ സിഎജിയുടെ ശ്രമം–- തോമസ്‌ ഐസക്‌ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top