16 April Tuesday

ഒഴുകി, പിഴവില്ലാതെ ; പെരിയാർ തീരത്തിന്‌ ആശ്വാസം

സ്വന്തം ലേഖകൻUpdated: Thursday Oct 21, 2021

ആലുവ മണപ്പുറത്ത് പെരിയാറിലെ ബുധനാഴ്‌ചത്തെ ജലനിരപ്പ്



കൊച്ചി
ഇടുക്കി അണക്കെട്ടിൽനിന്നുള്ള വെള്ളം ജില്ലാ അതിർത്തിയായ നേര്യമംഗലം കടന്ന്‌ പെരിയാറിലൂടെ ആലുവയിലെത്തിയത്‌ ബുധനാഴ്‌ച പുലർച്ചെ ഒന്നോടെ. ആറുമണിക്കൂർമുമ്പേ ഇടമലയാറിൽനിന്ന്‌ എത്തിയ വെള്ളത്തിന്‌ പിന്നാലെ ഇടുക്കി അണക്കെട്ടിൽനിന്നുള്ള വെള്ളവും തുടർന്നുള്ള മണിക്കൂറുകളിൽ കായലിലേക്ക്‌ ഒഴുകി. മംഗലപ്പുഴയിലും ആലുവപ്പുഴയിലും കാലടിപ്പുഴയിലും കരകളിൽ ചെറിയ അനക്കംപോലും സൃഷ്ടിച്ചില്ല. ജില്ലയിലെ ജലനിർഗമന മാർഗങ്ങളുടെ തൽസ്ഥിതിയും വേലിയേറ്റ, ഇറക്ക സാധ്യതകളും മഴ മാറിനിന്നതിന്റെ അനുകൂലാവസ്ഥയും വിലയിരുത്തിയുള്ള പിഴവില്ലാത്ത ആസൂത്രണവും കൃത്യമായ നിർവഹണവുമാണ്‌ ദൗത്യത്തെ വിജയത്തിലെത്തിച്ചത്‌.

ഇടമലയാർ, ഇടുക്കി അണക്കെട്ടുകൾ തുറക്കുന്നതിനുമുമ്പേ ചെറുതോണിമുതൽ വരാപ്പുഴ പാലംവരെ വിവിധ നദികളിലെ ജലനിരപ്പ്‌ നിരീക്ഷിച്ച്‌, നൂറോളം ജലസേചനവകുപ്പ്‌ ഉദ്യോഗസ്ഥരെ സജ്ജരാക്കിയിരുന്നു. അവർ മണിക്കൂറുകളുടെ ഇടവേളയിൽ വിവരങ്ങൾ കൺട്രോൾ റൂമിൽ അറിയിച്ചു. ചൊവ്വ രാവിലെ ആറോടെ തുറന്ന ഇടമലയാർ അണക്കെട്ടിൽനിന്നുള്ള വെള്ളം വൈകിട്ട്‌ നാലരയോടെ ആലുവയിലെത്തുമെന്നാണ്‌ കണക്കാക്കിയത്‌. പകൽ 11.45 മുതൽ വൈകിട്ട്‌ അഞ്ചുവരെ വേലിയിറക്കമാണ്‌. വൈകിട്ട്‌ നാലോടെ പുഴകളിലെ ജലനിരപ്പ്‌  കുറഞ്ഞു. പ്രതീക്ഷിച്ച സമയത്തുതന്നെ ജില്ലാതിർത്തി കടന്ന്‌ ഇടമലയാറിൽനിന്നുള്ള വെള്ളം പെരിയാറിലൂടെ വൈകിട്ട്‌ ആറോടെ വരാപ്പുഴ പാലം കടന്ന്‌ കായലിൽ പതിച്ചു. അസാധാരണ മഴ പെയ്‌താൽ വെള്ളത്തിനടിയിലാകുന്ന ആലുവ മണപ്പുറത്ത്‌ ഈ സമയം കാൽ നനയാനുള്ള വെള്ളംപോലും കയറിയില്ലെന്നത്‌ ആശ്വാസമായി. ചാനൽ വാർത്തകൾകണ്ട്‌ പെരിയാറിൽ വെള്ളം പൊങ്ങുന്നതുകാണാൻ നൂറുകണക്കിനാളുകൾ മണിക്കൂറുകളോളം മണപ്പുറത്തുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top