25 April Thursday

മയക്കുമരുന്ന്‌ വിൽപ്പനയെച്ചൊല്ലി തർക്കം ; തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


കൊച്ചി
മയക്കുമരുന്ന് വിൽപ്പനയെ തുടർന്നുണ്ടായ തർക്കത്തിനിടെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കോതമംഗലം സ്വദേശി ജ്യുവൽ ജയിംസിനെ (20) അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിന് ജ്യുവലിനെതിരെ സൗത്ത് പൊലീസ് കേസെടുത്തു. ബുധൻ ഉച്ചയ്ക്ക് പനമ്പിള്ളിനഗർ ഷോപ്പിങ് കോംപ്ലക്‌സിനുസമീപത്താണ് സംഭവം.
ലഹരിവിൽപ്പനയെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ഇതിനിടെ ജ്യുവൽ എതിരെ നിന്നയാളെ തോക്കുകൊണ്ട് തലയ്‌ക്കിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ പിറവം സ്വദേശി ഷെൽട്ടൻ ഷാജി (27) എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു മാസംമുമ്പേ നടന്ന മയക്കുമരുന്ന് വിൽപ്പനയെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. കൊടൈക്കനാലിലായിരുന്നു മയക്കുമരുന്ന് ഇടപാട്. ‘മാജിക് മഷ്‌റൂം' എന്നറിയപ്പെടുന്ന ലഹരിപദാർഥത്തിനായി ജ്യുവലിന് ഷെൽട്ടൻ പണം നൽകുകയും ഡീൽ നടക്കുകയും ചെയ്തു. ഇത് ഇഷ്ടപ്പെട്ട് ഷെൽട്ടൻ വീണ്ടും പണം നൽകി തനിക്ക് മാജിക് മഷ്‌റൂം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പിന്നീട് ജ്യുവൽ നൽകിയില്ല. പണം തിരികെ നൽകാത്തതിനെ തുടർന്ന്‌ ഷെൽട്ടൻ ജ്യുവലിനെ ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ ഷെൽട്ടനെ വകവരുത്താൻ ജ്യുവൽ തീരുമാനിച്ചു. മറ്റൊരു ഫോൺ നമ്പർ സംഘടിപ്പിച്ച് യുവതിയെന്ന വ്യാജേന ചാറ്റ് ചെയ്ത് ഷെൽട്ടനെ പനമ്പിള്ളിനഗറിലെത്തിക്കുകയായിരുന്നു.

രണ്ടാളും പരസ്പരം കണ്ടതോടെ വീണ്ടും മയക്കുമരുന്നിന്റെ വിൽപ്പനയുടെ കാര്യംപറഞ്ഞ് തർക്കമായി. ഇതിനിടെ ജ്യുവൽ കൈയിൽ കരുതിയ തോക്ക് ചൂണ്ടി. ഭയന്നോടിയ ഷെൽട്ടനെ പിറകെച്ചെന്ന് തലയ്ക്ക് തോക്കുകൊണ്ട് ഇടിക്കുകയും ചെയ്തു. നാട്ടുകാർ ഷെൽട്ടനെ ആശുപത്രിയിലേക്ക് മാറ്റുകയും ജ്യുവലിനെ തടഞ്ഞുവയ്‌ക്കുകയുമായിരുന്നു. പ്രതിയുടെ കൈയിലുണ്ടായിരുന്നത് എയർ പിസ്റ്റളാണെന്ന് പൊലീസ് കണ്ടെത്തി. ഇതാരാണ് കൈമാറിയതെന്ന് അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും ലഹരിമാഫിയയുമായുള്ള ബന്ധവും അന്വേഷിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top