08 December Friday

പിതൃത്വ തർക്കം ; ഡിഎൻഎ പരിശോധന 
അനിവാര്യമെങ്കിൽമാത്രം : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023


കൊച്ചി
പിതൃത്വത്തിൽ സംശയമുള്ള എല്ലാ കേസിലും ഡിഎൻഎ പരിശോധനയ്‌ക്ക്‌ ഉത്തരവിടാനാകില്ലെന്ന്‌ ഹൈക്കോടതി. അനിവാര്യമായ, അപൂർവവും അസാധാരണവുമായ കേസുകളിൽമാത്രമേ ഡിഎൻഎ അടക്കമുള്ള ശാസ്‌ത്രീയ പരിശോധനകൾക്ക്‌ ഉത്തരവിടാവൂ. പിതൃത്വം പൂർണമായി നിഷേധിക്കുന്ന സാഹചര്യമുണ്ടാകണം. സംശയത്തിന്റെ അടിസ്ഥാനത്തിൽമാത്രം ഉത്തരവിടരുതെന്നും കോടതി വ്യക്തമാക്കി.

പിതൃത്വപരിശോധനയ്‌ക്ക്‌ ഉത്തരവിടണമെന്ന്‌ ആവശ്യം തള്ളിയ പറവൂർ കുടുംബകോടതി വിധിക്കെതിരെ യുവാവ് നൽകിയ അപ്പീൽ തള്ളിയാണ്‌ ജസ്‌റ്റിസ്‌ എ ബദറുദീന്റെ ഉത്തരവ്‌.

വിദേശത്ത്‌ ജോലി ചെയ്‌തിരുന്ന ഹർജിക്കാരൻ 2004ലാണ്‌ വിവാഹിതനായത്‌. രണ്ടുതവണ ഭാര്യയെ വിദേശത്ത്‌ കൊണ്ടുപോയി. 2005 ഫെബ്രുവരി 12 മുതൽ മെയ്‌ 12 വരെ ഇരുവരും ഒമാനിൽ താമസിച്ചിരുന്നു.  2006ൽ ഇവർക്ക്‌ കുഞ്ഞ്‌ ജനിച്ചു. മാനസികപ്രശ്‌നങ്ങളുള്ള ഭാര്യയുമായി ശാരീരികബന്ധത്തിന്‌ സാധ്യതയില്ലാത്തതിനാൽ ഇരുവരും പിന്നീട്‌ വേർപിരിഞ്ഞു. ഇതിനുശേഷം കുട്ടിയുടെ പിതൃത്വത്തിൽ സംശയമുന്നയിച്ച യുവാവ്‌, ഡിഎൻഎ പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പറവൂർ കുടുംബകോടതിയെ സമീപിച്ചു. കുട്ടിക്ക്‌ ജീവനാംശം നൽകാതിരിക്കാനാണ്‌ പിതൃത്വത്തിൽ സംശയമുന്നയിക്കുന്നതെന്നും ഹർജി തള്ളണമെന്നും എതിർകക്ഷിയും വാദിച്ചു. 

ഗർഭധാരണസമയത്ത്‌ ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്ന്‌ ഹർജിക്കാരൻ പറയുന്നില്ലെന്ന്‌ കുടുംബകോടതി നിരീക്ഷിച്ചു. മാത്രമല്ല, കുട്ടിയുടെ പിതൃത്വം പൂർണമായും നിഷേധിക്കുന്നുമില്ല. സംശയംമാത്രമാണുള്ളത്‌ എന്നതിനാൽ ഡിഎൻഎ പരിശോധനയ്‌ക്ക്‌ ഉത്തരവിടാനാകില്ലെന്നും വിലയിരുത്തി. ഇതിനെതിരെയായിരുന്നു ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top