01 December Friday
യുഡിഎഫിനും ബിജെപിക്കും ഒരേ നിലപാട്‌

കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രശ്രമം: ഇ പി ജയരാജൻ

സ്വന്തം ലേഖകൻUpdated: Friday Sep 22, 2023


തിരുവനന്തപുരം
എൽഡിഎഫ്‌ സർക്കാരുകളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന്‌ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഈ സർക്കാരുകൾക്കു കീഴിൽ സംസ്ഥാനം നേടിയ പുരോഗതിയെ യുഡിഎഫും ബിജെപിയും ഒരുപോലെ ഭയക്കുന്നു. കേന്ദ്രത്തിലെ അധികാരം ദുർവിനിയോഗം ചെയ്‌ത്‌ കേരള വികസനം തടയാൻ ബിജെപി ശ്രമിക്കുന്നു. നാടിന്റെ വികസനത്തിന് തുരങ്കംവയ്‌ക്കുന്ന അതേ സമീപനംതന്നെയാണ്‌ യുഡിഎഫിന്റേതും. കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനയ്‌ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽഡിഎഫ് രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏഴു വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ വികസന പരിപാടികൾക്കും തടസ്സം സൃഷ്ടിക്കാനാണ്‌ ഇരു കൂട്ടരും ശ്രമിച്ചത്‌. കോവിഡ്‌കാലത്ത്‌ അനാവശ്യ ഭയപ്പാടുകൾ  പ്രചരിപ്പിക്കാൻ ശ്രമിച്ചു. പ്രളയകാലത്ത്‌ വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ല. അതിനെ ന്യായീകരിക്കാൻ യുഡിഎഫ്‌ നേതാക്കളും മടിച്ചില്ല.

കോവിഡ്‌ കാലത്ത്‌ ജീവനക്കാർക്കും അധ്യാപകർക്കും സർക്കാർ ശമ്പളം ഉറപ്പാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശമ്പളത്തിൽനിന്ന്‌ ചെറിയ ഭാഗം മാറ്റിവയ്‌ക്കണമെന്ന്‌ അഭ്യർഥിച്ച്‌ ഇറക്കിയ ഉത്തരവ്‌ കത്തിച്ചാണ്‌ യുഡിഎഫ്‌ ആഘോഷിച്ചത്‌. അതിനെ ന്യായീകരിക്കാൻ ബിജെപി നേതാക്കളും മടിച്ചില്ല.  

സംസ്ഥാനത്തിന്റെ അർഹതപ്പെട്ട സാമ്പത്തിക അവകാശങ്ങൾ ഉറപ്പിക്കാൻ എൽഡിഎഫ്‌ സമരമുഖത്താണ്‌. കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കുവേണ്ടിയാണ്‌ എൽഡിഎഫ്‌ സമരം ചെയ്യുന്നത്‌. ഈ പ്രശ്‌നത്തിൽ കേന്ദ്ര സർക്കാരിന്‌ സംയുക്ത നിവേദനം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ അഭ്യർഥനപോലും മാനിക്കാത്ത യുഡിഎഫ്‌ എംപിമാർ ആരുടെ താൽപ്പര്യമാണ്‌ സംരക്ഷിക്കുന്നതെന്ന്‌ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും ഇ പി പറഞ്ഞു.

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം:രാജ്‌ഭവനു മുന്നിൽ പ്രതിഷേധമിരമ്പി
കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനയ്‌ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽഡിഎഫ് നേതൃത്വത്തിൽ രാജ്ഭവനുമുന്നിൽ വൻ പ്രതിഷേധമുയർത്തി. സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്മാറണമെന്ന്‌ ആവശ്യപ്പെട്ട്‌ സംഘടിപ്പിച്ച സത്യഗ്രഹം എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്‌തു.

എൽഡിഎഫ് സംസ്ഥാന, -ജില്ലാ നേതാക്കളും തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് പ്രവർത്തകരും പങ്കെടുത്തു.

കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി സംസ്ഥാനത്തെ ഞെരുക്കുന്ന നടപടികളിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, മാത്യു ടി തോമസ്‌ എംഎൽഎ, സ്റ്റീഫൻ ജോർജ്‌, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മാങ്കോട്‌ രാധാകൃഷ്‌ണൻ, പി സി ചാക്കോ, രാമചന്ദ്രൻ കടന്നപ്പള്ളി, എം വിജയകുമാർ, ഇ ചന്ദ്രശേഖരൻ, വറുഗീസ്‌ ജോർജ്‌, കാസിം ഇരിക്കൂർ, ബിനോയ്‌ ജോസഫ്‌, വാമനപുരം പ്രകാശ്‌ കുമാർ, പൂജപ്പുര രാധാകൃഷ്‌ണൻ, കെ പി മോഹനൻ എംഎൽഎ, ഫിറോസ്‌ലാൽ, ഡോ. നീലലോഹിത ദാസ്‌, ഉഴമലയ്‌ക്കൽ വേണുഗോപാൽ, സഹായദാസ്‌, ആട്ടുകാൽ അജി, പാളയം രാജൻ, എൻ എം നായർ, സൺ റഹീം, തമ്പാനൂർ രാജീവ്‌, പോത്തൻകോട്‌ വിജയൻ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top