തിരുവനന്തപുരം
ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടിൽ അന്വേഷണം നേരിടുന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ സാമ്പത്തിക ഉറവിടം പരിശോധിക്കാനൊരുങ്ങി വിജിലൻസ്. ആദ്യഘട്ടത്തിൽ കുഴൽനാടന്റെ സാമ്പത്തിക ഉറവിടവും ഭൂമിയിടപാടുകളുടെ രേഖകളുമാകും പരിശോധിക്കുക. ആവശ്യമെങ്കിൽ കുഴൽനാടനെ ചോദ്യം ചെയ്യും. എറണാകുളം റെയ്‌ഞ്ച് വിജിലൻസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥരെ അടുത്ത ദിവസം തീരുമാനിക്കും.
അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് സമയപരിധിക്കുള്ളിൽ സർക്കാരിന് നൽകണമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഒന്നര മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും തുടർനടപടികൾ നിർദേശിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബിനാമി ഇടപാടിലൂടെ ആറ് കോടിയോളം വിലമതിക്കുന്ന 1.14 ഏക്കർ ഭൂമിയും റിസോർട്ടും ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ സ്വന്തമാക്കിയെന്നതാണ് കേസിനാസ്‌പദമായ സംഭവം. മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് കുഴൽനാടൻതന്നെ സത്യവാങ്‌മൂലത്തിൽ വെളിപ്പെടുത്തിയ റിസോർട്ടും വസ്തുവകകളുമാണ് 1.92 കോടി രൂപയ്‌ക്ക് കുഴൽനാടന്റെയും കൂട്ടരുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്. 15.4 ലക്ഷം രൂപ മുദ്രവില ചുമത്തി രജിസ്ട്രേഷനും നടത്തിയെടുത്തു. ഇതുവഴി യഥാർഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി വൻ തുകയും വെട്ടിച്ചു.
മാത്യു കുഴൽനാടൻ, ഭൂമി വാങ്ങാൻ ഒപ്പമുണ്ടായിരുന്നവർ, ബിനാമികളെന്ന് സംശയിക്കുന്നവർ തുടങ്ങിയവരുടെയെല്ലാം സാമ്പത്തിക ഉറവിടവും ഇടപാടുകളും പരിശോധനയ്‌ക്ക് വിധേയമാക്കും. മാത്യു കുഴൽനാടൻ, ടോം സാബു, ടോണി സാബു എന്നിവരുടെ പേരിൽ 2021 മാർച്ചിൽ ഭൂമിയും റിസോർട്ടും വാങ്ങിയത്. അനധികൃതമായി നിർമിച്ച കെട്ടിടം ആധാരത്തിൽ ഉൾപ്പെടുത്തിയാൽ രജിസ്ട്രേഷന് തടസ്സമാകുമെന്ന് മനസ്സിലാക്കിയായിരുന്നു ഇത് മറച്ചുവച്ചത്. ഇതിലൂടെ 60 ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പ് നടപ്പാക്കിയതായാണ് കണക്കാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..