25 April Thursday

സുരേന്ദ്രൻ തെറിക്കും; അപ്രതീക്ഷിത നീക്കത്തിനായി കേന്ദ്രനേതൃത്വം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022


തിരുവനന്തപുരം
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടിലും പാർടി അടിക്കടി പിന്നോട്ടു പോകുന്ന അവസ്ഥയിലും രോഷംപൂണ്ട്‌ ദേശീയനേതൃത്വം. രണ്ടാഴ്ചമുമ്പ്‌ തിരുവനന്തപുരത്ത്‌ എത്തിയ അമിത്‌ ഷാ ഇക്കാര്യം മറച്ചുവച്ചില്ല. സ്വകാര്യ സന്ദർശനത്തിന്‌ ചെന്ന സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കാണാൻ അമിത്‌ ഷാ വിസമ്മതിച്ചു. ബിജെപിയുടെ വിവിധ പരിപാടികൾക്കായി ഈയാഴ്‌ച കേരളത്തിലെത്തുന്ന ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേരളത്തിന്റെ ചുമതലയുള്ള പുതിയ പ്രഭാരി പ്രകാശ്‌ ജാവ്‌ദേക്കറും നേതൃയോഗങ്ങൾ വിളിച്ചിട്ടുണ്ട്‌. ഈ വിധം സംസ്ഥാന ഘടകത്തിന്‌ മുന്നോട്ടുപോകാനാകില്ലെന്നാണ്‌ ദേശീയനേതാക്കൾ നൽകിയിട്ടുള്ള സൂചന. വ്യാഴാഴ്ച പ്രകാശ് ജാവ്ദേക്കറും ഞായറാഴ്‌ച ജെ പി നദ്ദയും കൊച്ചിയിലെത്തും.

സുരേന്ദ്രനെയും സംഘത്തെയും കണ്ണടച്ച്‌ പിന്തുണയ്ക്കുന്ന പ്രഭാരി സി പി രാധാകൃഷ്ണനെ മാറ്റി പ്രകാശ്‌ ജാവ്‌ദേക്കർക്ക്‌ ചുമതല നൽകിയതിനു പിന്നിൽ കൃത്യമായ അജൻഡ കേന്ദ്ര നേതൃത്വത്തിനുണ്ട്‌.  തിരുവനന്തപുരത്ത്‌ ബിജെപി അനുഭാവികളായ പൗരപ്രമുഖരെയും മാധ്യമപ്രവർത്തകരെയും അമിത്‌ ഷാ നേരിൽ വിളിച്ച്‌ അഭിപ്രായം ആരാഞ്ഞു. കേരളത്തിലെ ബിജെപി വളരാത്തതിന്റെ കാരണങ്ങളാണ്‌ ചർച്ച ചെയ്തത്‌. കൊച്ചിയിൽ തന്റെ പൊതുയോഗത്തിന്‌ ആള്‌ കുറഞ്ഞത്‌ ദേശീയ കോർ കമ്മിറ്റിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ റിപ്പോർട്ട്‌ ചെയ്തിരുന്നു.

ദക്ഷിണേന്ത്യൻ കൗൺസിലിനെത്തിയപ്പോഴാണ്‌ അമിത്‌ ഷായെ കാണാൻ സുരേന്ദ്രൻ കോവളത്തെ ഹോട്ടലിൽ എത്തിയത്‌. ഏറെനേരം കാത്തിരുന്ന്‌  മടങ്ങുകയായിരുന്നു. ആർജിസിബിയിൽ സുരേന്ദ്രന്റെ മകന്റ അനധികൃത നിയമന വാർത്ത പുറത്തുവന്നതും അമിത്‌ ഷായെ ചൊടിപ്പിച്ചിരുന്നു.

നേതൃമാറ്റം ഉടൻ വേണമെന്ന്‌ സുരേന്ദ്രവിരുദ്ധർ ആഗ്രഹിക്കുന്നുണ്ടെങ്കിലും പാർടിയിൽ പ്രവർത്തിച്ച്‌ പരിചയമില്ലാത്ത ‘സ്റ്റാർ പദവി’ ഉള്ളവരെ കൊണ്ടുവരാനുള്ള നീക്കത്തോട്‌ എല്ലാ ഗ്രൂപ്പുകൾക്കും വിയോജിപ്പാണ്‌. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ്‌ ബിജെപി ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം. ഇപ്പോൾ കേരളത്തിലെത്തിയ ആർഎസ്‌എസ്‌ സർസംഘ്‌ ചാലക്‌ മോഹൻ ഭാഗവതും തൃശൂരിലും ഗുരുവായൂരിലും പ്രമുഖരെ കണ്ട്‌ ചർച്ച നടത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top