10 May Friday

ഒടുവിൽ നട്ടുച്ചയ്‌ക്ക്‌ ‘തീമഴ’ ; പൂരം വെടിക്കെട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


തൃശൂർ
ഇന്നും  പൊട്ടുമോ.... ജനം ആശങ്കയിലായിരുന്നു.  പൊട്ടുമെന്ന്‌ പ്രതീക്ഷിച്ചിരിക്കെ വില്ലനായി ചാറ്റൽമഴ, പക്ഷേ, മഴ വഴിമാറി  മാനം തെളിഞ്ഞു. ഒടുവിൽ പൊട്ടി.  നട്ടുച്ചയ്‌ക്ക്‌  വാനിൽനിന്ന്‌ തീമഴ  പെയ്‌തിറങ്ങി.  തേക്കിൻകാട് അഗ്നികുണ്ഡമായി. ഇരുവിഭാഗത്തിന്റെയും  മുഖ്യവെടിക്കെട്ടുതീർന്നതും നിമിഷങ്ങൾക്കകം വീണ്ടും മഴ പെയ്‌തിറങ്ങി.  പത്തുദിവസമായുള്ള തൃശൂരിന്റെ നെഞ്ചിലെ തീമാറി. 

തൃശൂർ പൂരത്തിന്റെ ഭാഗമായി  മെയ്‌ 11ന്‌ പുലർച്ചെ നടക്കേണ്ട  വെടിക്കെട്ടാണ്‌ മൂന്നുതവണ മാറ്റിയശേഷം വെള്ളിയാഴ്‌ച പകൽ നടത്തിയത്‌.  വൈകിട്ട്‌  നാലിന്‌ വെടിക്കെട്ട്‌  നടത്താനായിരുന്നു ധാരണ. എന്നാൽ, രാവിലെ മാനം തെളിഞ്ഞതോടെ ഒന്നരയോടെ പൊട്ടിക്കാൻ തീരുമാനിച്ചു.  ഇതിനിടെ വീണ്ടും ചാറ്റൽമഴ ആശങ്കയുണർത്തി. ഒടുവിൽ പകൽ  2.05ന്‌ പാറമേക്കാവ്‌ ആദ്യവെടിപൊട്ടിച്ചു. 2.12നായിരുന്നു കൂട്ടപ്പൊരിച്ചൽ.   അരമണിക്കൂറിനുശേഷം 2. 47ന്‌ തിരുവമ്പാടി തീ കൊളുത്തി. നാലുമിനിറ്റാണ്‌ നീണ്ടതെങ്കിലും കൂട്ടപ്പൊരിച്ചിലിൽ നഗരം വിറച്ചു.    

കത്തിപ്പടർന്ന ഓലപ്പടക്കത്തിനിടയിൽ   കുഴിമിന്നലുകൾ ഇടകലർത്തിയുള്ള അഗ്നിവർഷമായിരുന്നു  ഇരുവിഭാഗവും  ആദ്യം ഒരുക്കിയത്‌. ഒടുവിൽ കുഴിമിന്നലുകൾ കൂട്ടത്തോടെ പൊട്ടിയതോടെ  തേക്കിൻകാടിനു മുകളിൽ അഗ്നിവർഷമായി. ഭൂമി പിളരുംപോലെയായി. കെട്ടിടങ്ങളെല്ലാം വിറച്ചു.     അമിട്ടുകൾ പൊട്ടിവിരിഞ്ഞ്‌ ഗുളികപ്പൂവുകൾ സ്വർണം വിതറിയെങ്കിലും പകലായതിനാൽ അഗ്നിനൃത്തം കാണാനായില്ല.   വെടിക്കെട്ട്‌ കഴിഞ്ഞയുടൻ മഴ ആർത്തലച്ച്‌ പെയ്‌തു. വീണ്ടും മഴ മാറിയതോടെയാണ്‌ അമിട്ടുകൾ വിരിഞ്ഞത്‌. 

തിരുവമ്പാടി വിഭാഗത്തിന്‌ ആദ്യമായി,  വനിതയായ കുണ്ടന്നൂർ   ഷീന സുരേഷാണ്‌ വെടിക്കെട്ട്‌ ഒരുക്കിയത്‌. പാറമേക്കാവിനുവേണ്ടി  മറ്റത്തൂർ പാലാട്ടി കൂനത്താൻ വർഗീസുമാണ്‌ വെടിക്കെട്ട്‌ ഒരുക്കിയത്‌. പെസോ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു വെടിക്കെട്ട്‌.  മന്ത്രി കെ രാജൻ, കലക്ടർ ഹരിത വി കുമാർ, കമീഷണർ ആർ ആദിത്യ എന്നിവരുടെ നേതൃത്വത്തിൽ വൻ സുരക്ഷയൊരുക്കിയാണ്‌ വെള്ളിയാഴ്‌ച പൊട്ടിച്ചത്‌. ജനങ്ങളെ സ്വരാജ്‌ റൗണ്ടിേലേക്ക്‌ പ്രവേശിപ്പിച്ചിരുന്നില്ല. റൗണ്ടിൽ ബാരിക്കേഡുകൾ വച്ച്‌ തടഞ്ഞിരുന്നു.  കാത്തിരുന്ന വെടിക്കെട്ട്‌ കഴിഞ്ഞതോടെ ജില്ലാ ഭരണകേന്ദ്രവും പൊലീസും ദേവസ്വങ്ങളും ആശ്വാസത്തിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top