19 April Friday

കണ്ടയ്‌ൻമെന്റ്‌ സോണുകളിൽ നിയന്ത്രണം കർശനമാക്കും ; സ്വകാര്യ ആശുപത്രികളെയും ഉപയോഗിക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


രോഗബാധ കൂടുന്നതിനാൽ  കണ്ടയ്‌ൻമെന്റ്‌ സോണുകളിൽ നിയന്ത്രണം കർശനമാക്കാൻ മുഖ്യമന്ത്രി ജില്ലാ ഭരണകേന്ദ്രങ്ങൾക്ക്‌‌ നിർദേശം നൽകി. കണ്ടയ്‌ൻമെന്റ്‌ സോണുകളിൽ ഒരു ഇളവും നൽകില്ല. പുറത്തുനിന്ന്‌ വരുന്നവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി വാർഡ്‌, തദ്ദേശഭരണസ്ഥാപന സമിതികൾ ഫലപ്രദമായി ഇടപെടണം. വാർഡ്‌ സമിതികളുടെ സഹായത്തിന്‌ വളന്റിയർമാരെയും ഉപയോഗിക്കാം.    ജില്ലാ കലക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  

ഇന്നത്തെ തോതിൽ രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ ഗുരുതരമായ സാഹചര്യമായിരിക്കും നേരിടേണ്ടിവരിക. ഗൗരവം തിരിച്ചറിയണം. രോഗം സമ്പർക്കത്തിലൂടെ പടരുന്നത് തടയുക എന്നതാണ് ഇനി നമ്മുടെ മുമ്പിലുള്ള പ്രധാന കടമ. പുറത്തുനിന്ന്‌ വരുന്ന ചിലരിൽ രോഗം ഉണ്ടാകുമെന്ന് നമുക്കറിയാം. എന്നാൽ, മറ്റുള്ളവരിലേക്ക്‌ അത് പടരാതിരിക്കാൻ നാടാകെ ഒന്നിച്ചുനിൽക്കണം. 

നിരീക്ഷണം ഫലപ്രദമായി കൊണ്ടുപോവുക എന്നത് ഇതിൽ പ്രധാനമാണ്. പുറത്തുനിന്ന്‌ വന്നവർ നിശ്ചിത ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടത് നാടിന്റെതന്നെ ചുമതലയായി കാണണം. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങരുത്.    ചുരുക്കം സ്ഥലങ്ങളിൽ വാർഡ് തല സമിതികൾ ഉദ്ദേശിച്ച രീതിയിൽ സജീവമല്ലെന്ന പ്രശ്നമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പഞ്ചായത്ത്തല സമിതികൾ ഫലപ്രദമായി ഇടപെടണം. പഞ്ചായത്ത്തല സമിതികളുടെ പ്രവർത്തനം ജില്ലാതല സമിതികൾ തുടർച്ചയായി പരിശോധിക്കണം. ബ്ലോക്ക് പഞ്ചായത്തിനും നല്ല നിലയിൽ കാര്യങ്ങൾ നിർവഹിക്കാൻ കഴിയും.

സ്വകാര്യ ആശുപത്രികളെയും ഉപയോഗിക്കും
പുതിയ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന് സ്വകാര്യ ആശുപത്രികളുമായും സഹകരിക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. ഐഎംഎയുടെ പിന്തുണ ഇതിനുണ്ട്‌.  എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവർത്തന സന്നദ്ധതയുള്ള ഡോക്ടർമാരുടെ ലിസ്റ്റ് ഉണ്ടാകും. അത് ഡിഎംഒ തയ്യാറാക്കി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും. ചികിത്സ ആവശ്യമുള്ളവർക്ക് ഡോക്ടർമാരുടെ വിവരങ്ങൾ നൽകണം. രോഗിയെ ഡോക്ടർക്ക് കാണണമെന്നുണ്ടെങ്കിൽ യാത്രാസൗകര്യം ഏർപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top