25 April Thursday

ഓർമയിൽ മുജീബ്‌ റഹ്‌മാനും ഷിഹാബുദ്ദീനും; രക്തസാക്ഷി കുടുംബത്തിൽനിന്ന്‌ പ്രചാരണത്തിന്‌ ആവേശമായി ജഫ്രീന

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

പൊന്നാനി > ഉള്ളുലയുന്ന വേദനയിലും എട്ടാം ക്ലാസ്സുകാരി ജഫ്രീന എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ സജീവമാണ്‌. 13 വർഷം മുമ്പ്‌ ഉപ്പയുടെ സഹോദരൻ മുജീബ്‌ റഹ്‌മാനെയും അഞ്ച്‌ വർഷം മുമ്പ്‌ മറ്റൊരു സഹോദരൻ ഷിഹാബുദ്ദീനെയും ആർഎസ്‌എസ്‌ ക്രിമിനലുകൾ വെട്ടിയരിഞ്ഞതാണ്‌. രണ്ട്‌ കൊലപാതകങ്ങളുണ്ടായ കുടുംബത്തിൽനിന്നാണ്‌ തളരാത്ത മനസ്സുമായി ജഫ്രീന മതിലുകളിൽ എഴുതിയും കത്രികചിഹ‌്നം വരച്ചും പോസ്റ്റർ പ്രചാരണം നടത്തിയും പ്രവർത്തകർക്ക് ആവേശമാവുന്നത്‌. പൊന്നാനി പുഴമ്പ്രം മതിലകത്ത് ഹാജ മൊയ്നുദീന്റെ മകളായ ജഫ്രീന തൃക്കാവ് ഗവ. ഹയർ സെക്കന്‍ഡറി സ‌്കൂളിലെ എട്ടാംക്ലാസ‌് വിദ്യാർഥിനിയാണ്‌.

തൃശൂർ പാവറട്ടിയിലെ മുല്ലശേരി തിരുനെല്ലൂർ മതിലകത്ത് വീട്ടിൽനിന്ന‌് ഏഴുവർഷംമുമ്പാണ‌് ജഫ്രീനയുടെ കുടുംബം പൊന്നാനിയിലേക്ക‌് താമസംമാറിയത‌്. കമ്യൂണിസ‌്റ്റുകാരായതിന്റെപേരിൽ സംഘപരിവാർ ശക്തികളുടെ കൊലക്കത്തിക്കിരയായ മുജീബ് റഹ‌്മാന്റെയും മുഹമ്മദ് ഷിഹാബിന്റെയും സഹോദരന്റെ മകളാണ് ജഫ്രീന. 2006ലാണ് 27 വയസ്സുള്ള മുജീബ് റഹ‌്മാനെ എട്ടോളംവരുന്ന ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ഒമ്പത് വർഷത്തിനുശേഷം 2015ൽ മുജീബിന്റെ സഹോദരനായ 41കാരനായ മുഹമ്മദ് ഷിഹാബിനെയും അവർ വെട്ടിനുറുക്കി–- 45 വെട്ടുകൾ. തലച്ചോറ് പുറത്തുചാടിയ ആക്രമണത്തെ തുടർന്ന് ഷിഹാബും രക്തസാക്ഷിയായി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മനസ്സിനെ മരവിപ്പിക്കുന്ന, ഓർത്തെടുക്കാൻപോലും ഇഷ്ടപ്പെടാത്ത അനുഭവങ്ങൾമാത്രമുള്ള കുടുംബമാണ‌് ജഫ്രീനയുടേത‌്. രണ്ടാൺമക്കളെ നഷ്ടമായ പെറ്റമ്മയുടെ വേദനയിൽ പിടയുന്ന കുടുംബം. തന്റെ ബാപ്പയുടെ സഹോദരങ്ങളെ ഇല്ലാതാക്കിയത് വർഗീയ രാഷ്ട്രീയമാണെന്ന്  ജഫ്രീനക്കറിയാം. അവൾ പറയുന്നു.–- ആരും ആരെയും കൊല്ലരുത്, രാഷ്ട്രീയത്തിന്റെ പേരിൽ ആരും കൊലചെയ്യപ്പെടരുത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ചുമരെഴുത്തിന് ആദ്യം എത്തുന്നത് ജഫ്രീനയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി ശ്രീരാമകൃഷ്ണന് വേണ്ടിയുള്ള പ്രചാരണത്തിലും നിറസാന്നിധ്യമായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top