20 April Saturday

ബ്രഹ്മപുരം തീപിടിത്തം മുന്നറിയിപ്പെന്ന്‌ ഹൈക്കോടതി ; മാലിന്യസംസ്കരണത്തിന്‌ ചട്ടങ്ങൾ നടപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


കൊച്ചി
സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ചട്ടങ്ങൾ നടപ്പാക്കാൻ സമയക്രമം പ്രഖ്യാപിച്ചു. ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാൻ അടിയന്തരമായും ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ വേർതിരിച്ചും തദ്ദേശഭരണ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ സമയക്രമം അംഗീകരിച്ചാണ്‌ നടപടി. ബ്രഹ്മപുരം തീപിടിത്തം വരാനിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്നും കോടതി വിലയിരുത്തി.  

സംസ്ഥാനത്തെ മാലിന്യസംസ്കരണത്തിന്റെ മേൽനോട്ടത്തിന്‌ മൂന്ന്‌ അമിക്കസ്‌ ക്യൂറിമാരെയും നിയമിച്ചു. തൃശൂർ, എറണാകുളം ജില്ലകളെ ഒരുമേഖലയായി കണക്കാക്കി ടി വി വിനുവിനും പാലക്കാടുമുതൽ കാസർകോടുവരെയുള്ള ജില്ലകളുടെ ചുമതല പൂജാമേനോനും കോട്ടയംമുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളുടെ ചുമതല എസ്‌ വിഷ്‌ണുവിനും നൽകിയാണ്‌ കോടതി ഉത്തരവിട്ടത്‌.  

കേരളത്തിലെ മാലിന്യസംസ്കരണരംഗത്തെ വിജയമാതൃകയായ തുമ്പൂർമുഴിയെക്കുറിച്ച്, കോടതിയിൽ ഹാജരായ അഡീഷണൽ ചീഫ്‌ സെക്രട്ടറിയും ഏലൂർ മാതൃകയെക്കുറിച്ച്‌ കലക്ടറും കോടതിയെ അറിയിച്ചു. കർമ പരിപാടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കോടതി നിർദേശം നൽകി. മൂന്നാറിലും മറ്റു ടൂറിസം മേഖലകളിലും പ്ലാസ്‌റ്റിക് നിയന്ത്രിക്കാൻ ഗ്രീൻ ചെക്ക് പോയിന്റുകൾ സ്ഥാപിക്കാനുള്ള തീരുമാനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി അറിയിച്ചു. ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ കലക്ടറും കൈമാറി.

ബ്രഹ്‌മപുരം മാലിന്യസംസ്കരണ പ്ലാന്റിൽ തീപടർന്നതിനെത്തുടർന്ന്‌ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയാണ്‌ ജസ്‌റ്റിസ്‌ എസ്‌ വി ഭാട്ടി, ജസ്‌റ്റിസ്‌ ബസന്ത്‌ ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ പരിഗണിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top