26 April Friday

ജനകീയ പ്രശ്‌നങ്ങളിൽ ഒരേ നിലപാട്‌ ; പാർലമെന്റ്‌ സ്‌തംഭിപ്പിച്ച്‌ ബിജെപി , നിയമസഭയിൽ യുഡിഎഫും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


തിരുവനന്തപുരം
ജനകീയ പ്രശ്‌നങ്ങളിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും കേരളത്തിൽ പ്രതിപക്ഷമായ യുഡിഎഫിനും ഒരേ നിലപാട്‌. നാടിന്റെ വിഷയങ്ങൾ ചർച്ച ചെയ്‌ത്‌ പരിഹാരം തേടുന്നതിന്‌ വേദിയായ പാർലമെന്റിനെയും നിയമസഭയെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന പിടിവാശിയിലാണ്‌ ഇരുകൂട്ടരും. ബജറ്റ്‌ പാസാക്കൽ ചർച്ചകളും ചോദ്യോത്തരവേളയുമടക്കം തടസ്സപ്പെടുത്തി നിയമനിർമാണ സഭകളുടെ അന്തസ്സ്‌ കെടുത്താനും ഭരണഘടനാ സ്ഥാപനങ്ങളിലുള്ള ജനവിശ്വാസം ഇല്ലാതാക്കാനും ഇവർ മത്സരിക്കുന്നു.

പാർലമെന്റിന്റെ ഇരുസഭയും തുടർച്ചയായി തടസ്സപ്പെടുത്തുന്ന ബിജെപി അംഗങ്ങൾ പാർലമെന്റ്‌ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിക്കുന്നു. അദാനി വിഷയമടക്കം ചർച്ചയാകാതിരിക്കാനുള്ള അടവാണിത്‌.  സംഘപരിവാർ അജൻഡകൾക്കൊപ്പം തുള്ളുന്ന കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ നിലപാട്‌ നിയമസഭയിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയ ഘട്ടംമുതലാണ്‌ യുഡിഎഫിന്‌ ഹാലിളകിത്തുടങ്ങിയത്‌.  ആർഎസ്‌എസിന്റെയും കേന്ദ്ര സർക്കാരിന്റെയും വർഗീയ അജൻഡകൾ ആരെങ്കിലും തുറന്നുകാട്ടാൻ ശ്രമിച്ചാൽ പ്രതിപക്ഷ നേതാവ്‌ അസ്വസ്ഥനാകും. കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിലപാടുകൾ, പാചകവാതകത്തിന്‌ അടിക്കടി വില ഉയർത്തൽ, അമിത്‌ ഷായുടെയും മോദിയുടെയും കേരള വിരുദ്ധ പ്രസ്‌താവനകൾ തുടങ്ങിവയിലൊന്നും പ്രതിപക്ഷ നേതാവിന്‌ ഒരു അഭിപ്രായവുമില്ല. ഈ പ്രീണനനയം മന്ത്രിമാരടക്കം തുറന്നുകാട്ടാൻ തുടങ്ങിയതോടെയാണ്‌ പ്രതിപക്ഷത്തിന്റെ സഭാസ്‌തംഭന നിലപാടുകളുടെ തുടക്കം.

കലുഷിത സാഹചര്യങ്ങളിലും നിയമസഭയുടെ ചോദ്യോത്തരവേള തടസ്സപ്പെട്ടിട്ടില്ല. വിവിധ വിഷയങ്ങളിൽ വിവിധ വിഭാഗങ്ങളിലെ പരിണതപ്രജ്ഞരുടെ വീക്ഷണകോണുകളിലൂടെയുള്ള വിലയിരുത്തലാണ്‌ അപ്പോൾ നടക്കുക. നയരൂപീകരണത്തിനും പുനർചിന്തനത്തിനുമൊക്കെ പങ്കുവഹിക്കുന്ന വേള.  ജനങ്ങൾ ആഗ്രഹിക്കുന്ന ഈ അവസരമാണ്‌ പ്രതിപക്ഷം അട്ടിമറിച്ചത്‌.

പൊതുജനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും നിലകൊള്ളുന്ന ജനപ്രതിനിധികളുടെ പ്രധാന ഉത്തരവാദിത്വമാണ്‌ നിയമ നിർമാണ പ്രക്രിയയുടെ ഭാഗമാകുക എന്നത്‌. എന്നാൽ, ഇത്തരം കാര്യങ്ങളിലൊന്നും തങ്ങൾക്ക്‌ താൽപ്പര്യമില്ലെന്നാണ്‌ നിയമസഭയുടെ പ്രവർത്തനങ്ങളെ അലങ്കോലപ്പെടുത്തുകവഴി പ്രതിപക്ഷം പ്രഖ്യാപിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top