25 April Thursday

കൊച്ചി നഗരസഭ പഞ്ചവത്സരപദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


കൊച്ചി
കൊച്ചി കോർപറേഷന്റെ 2023-–-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതികൾക്ക്‌ രൂപംനൽകാൻ വികസന സെമിനാർ സംഘടിപ്പിച്ചു. എറണാകുളം ടൗൺഹാളിൽ ചേർന്ന വികസന സെമിനാർ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ എ അൻസിയ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷൻ പി ആർ റെനിഷ് വിഷയാവതരണം നടത്തി. നഗരസഭ ആസൂത്രണകമീഷൻ അംഗം അഡ്വ. ടി എസ് സെയ്ഫുദീൻ, സ്ഥിരംസമിതി അധ്യക്ഷരായ ഷീബ ലാൽ, ടി കെ അഷറഫ്, വി എ  ശ്രീജിത്, ജില്ലാ ആസൂത്രണസമിതി അംഗം ബെനഡിക്‌ട്‌ ഫെർണാണ്ടസ്‌, നഗരസഭാ അഡീഷണൽ സെകട്ടറി ടി ഷിബു എന്നിവർ സംസാരിച്ചു.

പതിനാലാം പഞ്ചവത്സര പദ്ധതിപ്രകാരമുള്ള പൊതുലക്ഷ്യങ്ങൾ, പൊതു മുൻഗണനകൾ, വികസന മേഖലകൾക്കുള്ള നിർദേശങ്ങൾ എന്നിവ കണക്കിലെടുത്തും വിവിധ വാർഡ് കമ്മിറ്റികളിൽനിന്നുള്ള നിർദേശങ്ങൾ പരിഗണിച്ചും ജനകീയ ചർച്ചയുടെ അടിസ്ഥാനത്തിലുമാണ്‌ പദ്ധതികൾ രൂപീകരിച്ചത്‌. വിവിധ വർക്കിങ് ഗ്രൂപ്പ് അധ്യക്ഷർ ചർച്ചയിൽ പങ്കെടുത്തു. നഗരവികസനത്തിൽ സുപ്രധാനപങ്കുള്ള വികസന സെമിനാർ യുഡിഎഫ്‌, ബിജെപി അംഗങ്ങൾ ബഹിഷ്കരിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ മേയർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ യുഡിഎഫ്‌, ബിജെപി കൗൺസിലർമാർ വികസന സെമിനാർ നടന്ന ടൗൺഹാളിനുമുന്നിൽ ധർണ നടത്തി.


നഗര മാലിന്യസംസ്‌കരണം വികേന്ദ്രീകരണം അനിവാര്യം: മേയർ
നഗര മാലിന്യസംസ്കരണം ഫലപ്രദവും കാര്യക്ഷമവുമാക്കാനുള്ള നടപടികളെ ശിക്ഷയായി നഗരവാസികൾ കണക്കാക്കരുതെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്‌ നടപടികളെടുക്കേണ്ടിവരുന്നത്‌. മുമ്പ്‌ നഗരത്തിൽ വിജയകരമായി നടപ്പാക്കിയിരുന്ന മാലിന്യസംസ്കരണ രീതികളിലേക്കുള്ള തിരിച്ചുപോക്ക്‌ അനിവാര്യമാണെന്നും മേയർ പറഞ്ഞു. നഗരത്തിലെ വികേന്ദ്രീകൃത മാലിന്യസംസ്കരണരീതികൾ പരിചയപ്പെടുത്താൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മേയർ.

സിഎംഎഫ്‌ആർഐ കോൺഫറൻസ് ഹാളിലെ യോഗത്തിൽ നഗരത്തിലെ വിവിധ ഫ്ലാറ്റ് ഉടമകൾ, റസിഡന്റ്‌സ്‌ അസോസിയേഷനുകളുടെ അപെക്സ് കൗൺസിൽ, ചേംബർ ഓഫ് കോമേഴ്സ്, റോട്ടറി ക്ലബ്, മർച്ചന്റ്‌സ്‌ ചേംബർ, മർച്ചന്റ്‌സ്‌ അസോസിയേഷൻ, വ്യാപാരി വ്യവസായി സംഘടനകൾ, ക്രെഡായി ഉൾപ്പെടെ മാലിന്യസംസ്കരണരംഗത്തെ സർവീസ് പ്രൊവൈഡർമാർ തുടങ്ങിയവരും സിറ്റി പൊലീസ്‌ കമീഷണർ കെ സേതുരാമനും പങ്കെടുത്തു. വികേന്ദ്രീകൃതവും ശാസ്ത്രീയവുമായ മാലിന്യസംസ്കരണ പദ്ധതിയുടെ ആശയം മേയർ അവതരിപ്പിച്ചു. ഫ്ലാറ്റ് ഉടമകൾ ആശങ്കകൾ പങ്കുവച്ചു. നിരവധി ഫ്ലാറ്റുകളിൽ ക്രെഡായി ശാസ്‌ത്രീയമായി മാലിന്യം സംസ്കരിക്കുന്നുണ്ട്‌. സ്വന്തംനിലയിൽ മാലിന്യസംസ്കരണ സംവിധാനം ഒരുക്കാത്ത ഫ്ലാറ്റ് ഉടമകളും യോഗത്തിൽ പങ്കെടുത്തിരുന്നു. ഏവരുമായി സഹകരിച്ച് ഈ സംവിധാനം എല്ലായിടത്തേക്കും വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന് മേയർ അറിയിച്ചു.

വൻതോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്നവർ സ്വന്തംനിലയിൽ സംസ്കരണം നടത്തണമെന്ന്‌ 2016ലെ ഖരമാലിന്യ സംസ്കരണനിയമം വ്യവസ്ഥചെയ്യുന്നു. ആരെ വേണമെങ്കിലും സർവീസ് പ്രൊവൈഡർമാരായി നിശ്ചയിക്കാം. ക്രെഡായ് ഉൾപ്പെടെ ശുചിത്വമിഷൻ അക്രഡിറ്റേഷനുള്ള ഏത് ഏജൻസിയെയും സർവീസ് പ്രൊവൈഡറായി തീരുമാനിക്കാം. നഗരസഭയ്ക്ക് നിർബന്ധബുദ്ധിയില്ലെന്നും പ്രത്യേക സാഹചര്യത്തിൽ മുമ്പ്‌ നടപ്പാക്കിയിരുന്ന സമ്പ്രദായത്തിലേക്ക്‌ യു ടേൺ എടുക്കാതെ നിവൃത്തിയില്ലെന്നും മേയർ പറഞ്ഞു. സംഘടനകൾ പുതിയ മാലിന്യസംസ്കരണ സംവിധാനത്തെ പൊതുവിൽ സ്വാഗതം ചെയ്തു. എല്ലാ പിന്തുണയും നൽകുമെന്നും അറിയിച്ചു. സംഘടനകളെയാകെ പങ്കെടുപ്പിച്ച്‌ യോഗവും എല്ലാമാസവും തുടർയോഗവും ചേരും. നഗരസഭാ സെക്രട്ടറി എം ബാബു അബ്ദുൾ ഖാദിർ, ക്യാമ്പ്‌ കമാൻഡന്റ്‌ സുരേഷ്‌ കുമാർ തുടങ്ങിയവരും ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, ക്ലീൻ കേരള പ്രതിനിധികൾ, കുടുംബശ്രീ ജില്ലാ മിഷൻ പ്രതിനിധികൾ തുടങ്ങി മൂന്നൂറോളംപേർ പങ്കെടുത്തു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top