20 April Saturday
പി കെ കൃഷ‌്ണദാസിനും എം ടി രമേശിനും സീറ്റില്ല

ശ്രീധരൻപിള്ളയ്‌ക്ക‌് സീറ്റില്ല; വെട്ടിയത‌് കേന്ദ്ര നേതൃത്വം

പി ആര്‍ ചന്തുകിരണ്‍Updated: Thursday Mar 21, 2019

ന്യൂഡൽഹി
ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ‌് ശ്രീധരൻപിള്ളയെ പത്തനംതിട്ടയിൽനിന്ന‌് വെട്ടിയത‌് കേന്ദ്രനേതൃത്വം ഇടപെട്ട‌്. ആർഎസ്എസിന്റെ നിർദേശപ്രകാരം ദേശീയ അധ്യക്ഷൻ അമിത് ഷായാണ‌് ശ്രീധരൻപിള്ളയെ തഴഞ്ഞ‌് കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത‌്. കഴിഞ്ഞ ശനിയാഴ‌്ച തുടങ്ങിയ ചർച്ചയാണ‌് പത്തനംതിട്ടയിൽ തമ്മിലടിച്ച‌് നീണ്ടത‌്. തമ്മിലടി പൊട്ടിത്തെറിയിലേക്ക‌് പോകുമെന്ന സ്ഥിതിയിലാണ‌് കേന്ദ്രനേതൃത്വം ഇടപെട്ട‌് ശ്രീധരൻപിള്ളയുടെ പേര‌് പുറന്തള്ളിയത‌്.

സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രനെയും കേന്ദ്രമന്ത്രി അൽഫോൺസ‌് കണ്ണന്താനത്തെയും പട്ടികയിൽനിന്ന‌് ഒഴിവാക്കി ശ്രീധരൻപിള്ളയുടെ പേരുമാത്രമാണ‌് കേന്ദ്രനേതൃത്വത്തിന‌് സമർപ്പിച്ചത‌്. ഡൽഹിയിൽനിന്ന‌് മടങ്ങിയ ശ്രീധരൻപിള്ള ആർഎസ‌്എസ‌ിനോടുള്ള അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചു.

സ്ഥാനാർഥിനിർണയത്തിൽ ആർഎസ‌്എസ‌് ഇടപെട്ടോയെന്ന‌് അവരോടുതന്നെ ചോദിക്കണമെന്ന‌് ശ്രീധരൻപിള്ള പറഞ്ഞു. താൻ മത്സരിക്കുന്ന കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും മാധ്യമങ്ങളോട‌് ശ്രീധരൻപിള്ള പറഞ്ഞു. പത്തനംതിട്ട സീറ്റിലേക്ക് പരിഗണിക്കുന്ന ഒന്നാംപേരുകാരൻ കെ സുരേന്ദ്രൻ അല്ലെന്നും ഒട്ടേറെ മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ സ്ഥാനാർഥിപ്പട്ടികയിൽ തന്നെയാണ് ഒന്നാംപേരുകാരനായി പ്രവർത്തകർ നിർദേശിച്ചതെന്നും പി എസ് ശ്രീധരൻപിള്ള നേരത്തെ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. 

തൃശൂർ സീറ്റ‌് തുഷാർ വെള്ളാപ്പള്ളിക്ക‌് വിട്ടുകൊടുക്കാൻ കേന്ദ്രനേതൃത്വം പറഞ്ഞതോടെയാണ‌് പത്തനംതിട്ടയിൽ തർക്കം കടുത്തത‌്. കെ സുരേന്ദ്രനെ പരിഗണിച്ച ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും പാലക്കാട്ട‌് കൃഷ‌്ണകുമാറും മത്സരിക്കും. അൽഫോൺസ‌് കണ്ണന്താനം എറണാകുളത്തും കോൺഗ്രസ‌് വിട്ടുവന്ന ടോം വടക്കൻ കൊല്ലത്തും മത്സരിക്കാനുണ്ടാകും. മുൻ സംസ്ഥാന പ്രസിഡന്റ‌് സി കെ പദ്മനാഭൻ - കണ്ണൂരിലും  യുവമോർച്ച നേതാവ് പ്രകാശ് ബാബു - കാസർകോട്ടും  സംസ്ഥാന സെക്രട്ടറി വി കെ സജീവൻ -വടകരയിലും  മുൻ പിഎസ‌്സി ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്ണൻ - ആലപ്പുഴയിലും മത്സരിക്കുമെന്നാണ‌് സൂചന.  എം ടി രമേശും പി കെ കൃഷ‌്ണദാസും മത്സരിക്കില്ല. 

കാസർകോട‌്, കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് ബിജെപി മത്സരിക്കുക. തൃശൂർ, വയനാട്, ആലത്തൂർ, ഇടുക്കി, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ ബിഡിജെഎസും കോട്ടയത്ത് പി സി തോമസ് വിഭാഗവും മത്സരിക്കും. പി സി തോമസാണ് സ്ഥാനാർഥി. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി മുരളീധരറാവു, ബിജെപി കേരള തെരഞ്ഞെടുപ്പ് നിരീക്ഷകൻ വൈ സത്യ,  പി കെ കൃഷ്ണദാസ്, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് സീറ്റ് വിഭജനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top