19 April Friday
വൈദ്യുതിമേഖല കുത്തകകൾക്ക്‌ 
തീറെഴുതാനുള്ള നീക്കത്തിന്റെ തുടർച്ച

സർക്കാർ കമ്പനികൾക്ക്‌ ‘കാലപരിധി’; റഗുലേറ്ററി കമീഷനിൽ വിലക്ക്‌ ; കരട്‌ ചട്ടഭേദഗതിയുമായി കേന്ദ്രം

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Saturday Jan 21, 2023



കൊച്ചി
വൈദ്യുതിമേഖലയിൽ വീണ്ടും കോർപറേറ്റ്‌ അനുകൂല ചട്ടഭേദഗതിയുമായി കേന്ദ്രസർക്കാർ. വിതരണ, പ്രസരണമേഖലയിലെ സർക്കാർ കമ്പനികളുടെ ലൈസൻസിന്‌ കാലപരിധി നിശ്ചയിച്ചും റഗുലേറ്ററി കമീഷൻ അംഗമാകാൻ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവർക്ക്‌ വിലക്കേർപ്പെടുത്തിയും കരട്‌ വൈദ്യുതി ചട്ടഭേദഗതി 2023 പുറത്തിറക്കി. 30 ദിവസത്തിനകം കരടിൽ അഭിപ്രായം അറിയിക്കാൻ സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടു.

രാജ്യത്തെ വൈദ്യുതിരംഗത്ത്‌ വൻപ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും കുത്തകകൾക്ക്‌ സഹായകരവുമാണ്‌ ഭേദഗതി. കേന്ദ്രവൈദ്യുതി നിയമത്തിനും സുപ്രീംകോടതി ഉത്തരവിനും വിരുദ്ധമാണിത്‌. വൈദ്യുതി നിയമം 2003 പ്രകാരം വിതരണ, പ്രസരണമേഖലയിലെ സർക്കാർ കമ്പനികളുടെ ലൈസൻസിന്‌ കാലപരിധിയില്ല. എന്നാൽ, വൈദ്യുതി നിയമം മറികടന്ന്‌ ലൈസൻസിന്‌ 25 വർഷം പരിധി നിശ്ചയിച്ചിരിക്കുകയാണ്‌. ഇതുപ്രകാരം കെഎസ്‌ഇബി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ലൈസൻസ്‌ 2028ൽ അവസാനിക്കും. 25 വർഷത്തിനുശേഷം ലൈൻസസ്‌ പുതുക്കാമെന്ന്‌ പറയുന്നുണ്ടെങ്കിലും ഉറപ്പില്ല. റഗുലേറ്ററി കമീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും തസ്‌തികകളിലേക്കുള്ള ഭേദഗതിയാണ്‌ പൊതുമേഖലാ കമ്പനികൾക്ക്‌ വില്ലനാകുക. കമീഷൻ ചെയർമാനും അംഗവുമാകാൻ സർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളിൽ സേവനമനുഷ്‌ഠിച്ചവരെ വിലക്കി.

നിയമനത്തിന്‌ തൊട്ടുമുമ്പുള്ള മൂന്ന്‌ വർഷങ്ങളിൽ ഇവർ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ സേവനമനുഷ്‌ഠിച്ചവരാകരുതെന്ന വിചിത്രമായ ഭേദഗതിയാണ്‌ പുറത്തിറക്കിയത്‌. പൊതുമേഖലയിലുള്ളവർ പുറന്തള്ളപ്പെടാനും സ്വകാര്യമേഖലയിലുള്ളവർക്ക്‌ എളുപ്പം കടന്നുവരാനും ഇത്‌ വഴിതുറക്കും. പൊതുമേഖലാ കമ്പനികൾ ലൈസൻസ്‌ പുതുക്കാൻ അപേക്ഷിക്കേണ്ടത്‌ ഈ കമീഷന്‌ മുന്നിലാണ്‌. ‘കോർപറേറ്റ്‌ അനുകൂല  കമീഷൻ’ ലൈസൻസ്‌ പുതുക്കിയില്ലെങ്കിൽ കെഎസ്‌ഇബി അടക്കമുള്ള പൊതുമേഖലാ കമ്പനികൾ ഈ മേഖലയിൽനിന്ന്‌ പുറത്താകും. വിതരണ, പ്രസരണരംഗങ്ങൾ സ്വകാര്യമേഖല കൈപ്പിടിയിലൊതുക്കും. പാർലമെന്റിനെ നോക്കുകുത്തിയാക്കി വൈദ്യുതിരംഗം കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കാനുള്ള നടപടിയുടെ തുടർച്ചയാണിതും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top