26 April Friday

വെള്ളമെത്തി; കരുതലിലൂടെ കായലിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആലുവയിൽ ഗേജിങ് സ്റ്റേഷനിൽ ജലനിരപ്പ് വിലയിരുത്തുന്നു


കൊച്ചി
ആശങ്കകളുടെ മലവെള്ളപ്പാച്ചിലിലായിരുന്നു ചൊവ്വ പകൽ. ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറന്നതോടെ പെരിയാറിനുണ്ടാകാവുന്ന ഭാവമാറ്റം പ്രവചിക്കാനാകാതെ ഇരുകരകളും ആശങ്കയുടെ നിഴലിലായിരുന്നു. എന്നാൽ കൃത്യമായ ആസൂത്രണവും  മുൻകരുതലുകളും ജനങ്ങളുടെ ഭയപ്പാടുകൾക്കുമുകളിൽ സുരക്ഷിതത്വത്തിന്റെ വൻമതിലായി ഉയർന്നു.  കുത്തിക്കലങ്ങിയെത്തിയ പെരിയാർ ശാന്തമായി പടിഞ്ഞാട്ടൊഴുകിയതോടെ തീരങ്ങളിലെ നെഞ്ചിടിപ്പ്‌ കുറഞ്ഞു. ഇടമലയാറിൽനിന്ന്‌ വൈകിട്ട്‌ നാലരയോടെ കാലടി പിന്നിട്ട്‌ വെള്ളം ആലുവ യിലേക്ക്‌ കുതിക്കുമ്പോൾ പകൽ മുഴുവൻ മഴയൊഴിഞ്ഞുനിന്നതും വേലിയിറക്കവും രക്ഷയായി. ഇടുക്കിയിൽനിന്നുള്ള വെള്ളം കാലടിയിലെത്തുമെന്ന്‌ കണക്കാക്കുന്ന ബുധൻ പുലർച്ചെയും വേലിയിറക്കത്തിന്റെ സമയമാണ്‌.

ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ തുറന്നതോടെ ജില്ലാ അതിർത്തിക്ക് പുറത്തുള്ള കരിമണൽഭാ​ഗത്തെ ജലനിരപ്പ് 1.2 മീറ്റർ വർധിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് ഇടുക്കിയിൽനിന്നുള്ള ജലം ജില്ലാ അതിർത്തിയായ നേര്യമംഗലം പിന്നിട്ടത്. പുഴയ്ക്ക് വീതിയുള്ളതിനാൽ 30 സെന്റീമീറ്റർ മാത്രമാണ് ജലനിരപ്പുയർന്നത്. രാത്രി എട്ടോടെ ഭൂതത്താൻകെട്ടിലും അർദ്ധരാത്രിയോടെ കാലടി, ആലുവ ഭാ​ഗങ്ങളിലുമെത്തി. ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നതോടെ  ഭൂതത്താൻകെട്ടും മലയാറ്റൂരും കാലടിയും പിന്നിട്ട് വെള്ളം കായലിലെത്തിയെങ്കിലും ജലനിരപ്പിൽ വ്യതിയാനമുണ്ടായില്ല. തിങ്കൾ രാവിലെ ആറോടെയാണ് ഇടമലയാറിലെ ഷട്ടറുകൾ തുറന്നത്.

വൈകിട്ട് ആറിന് ആലുവ പെരിയാറിൽ മാർത്താണ്ഡവർമ പോയിന്റിൽ 0.935 മീറ്ററായിരുന്നു ജലനിരപ്പ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 2.50 മീറ്ററാണ്. മംഗലപ്പുഴ പോയിന്റിൽ 0.78 മീറ്റർ ജലനിരപ്പാണ് രേഖപ്പെടുത്തിയത്. മുന്നറിയിപ്പ് നില 3.30 മീറ്ററാണ്. കാലടിയിൽ 2.155 മീറ്ററായിരുന്നു ജലനിരപ്പ്. ഇവിടെ 5.50 മീറ്ററാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് ജലനിരപ്പ്. മഴയില്ലാത്തതിനാലും അണക്കെട്ടിൽനിന്ന്‌ എത്തിയ വെള്ളം ​സു​ഗമമായും ഒഴുകിപ്പോകുന്നതിനാലും മണിക്കൂറുകൾ പിന്നിടുന്തോറും മൂന്നുപോയിന്റിലെയും ജലനിരപ്പ് കുറയുകയായിരുന്നു.

ചൊവ്വ വൈകിട്ട് 5.10 മുതൽ ബുധൻ പുലർച്ചെ 12.40 വരെ വേലിയേറ്റസമയമാണ്. 12.40 മുതൽ രാവിലെ അഞ്ചുവരെ വേലിയിറക്കവും. ഇടുക്കിയിൽനിന്നുള്ള വെള്ളം കാലടി, ആലുവ ഭാഗത്ത് ഒഴുകിയെത്തുന്ന സമയത്ത് വേലിയിറക്കമായതിനാൽ വെള്ളം സുഗമമായി ഒഴുകിപ്പോകുമെന്നാണ് പ്രതീക്ഷ.ശക്തമായ മഴയുണ്ടായാൽ ജലനിരപ്പിൽ വ്യത്യാസം വന്നേക്കാം. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ ജാഗ്രത കൈവിടരുതെന്ന് അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top