കണ്ണൂർ
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രചാരണ കാൽനട ജാഥയ്‌ക്ക് കണ്ണൂർജില്ലയിൽ ഉജ്വല സ്വീകരണം. കടൽ സംരക്ഷണ ശൃംഖലയുടെ പ്രചാരണാർഥം ‘കടൽ കടലിന്റെ മക്കൾക്ക്’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ നയിക്കുന്ന ജാഥയെ കടലോര മക്കൾ ആവേശപൂർവം വരവേറ്റു. മുത്തുക്കുടകളുടെയും ബാൻഡ്‌മേളത്തിന്റെയും അകമ്പടിയോടെയാണ് ഓരോ കേന്ദ്രത്തിലും തീരദേശ ജാഥയെ സ്വീകരിച്ചത്.
കാസർകോട് ജില്ലയിൽ പര്യടനം പൂർത്തിയാക്കിയ ജാഥയ്‌ക്ക് ചൊവ്വാഴ്‌ച കണ്ണൂർ ജില്ലയിലെ എട്ടിക്കുളം പാലക്കോടായിരുന്നു ആദ്യസ്വീകരണം. ജാഥാ ലീഡർ പി പി ചിത്തരഞ്ജനെ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്റെ നേതൃത്വത്തിൽ ഹാരമണിയിച്ച് സ്വീകരിച്ചു. പൊതുയോഗത്തിൽ ഫെഡറേഷൻ ജില്ല സെക്രട്ടറി എൻ പി ശ്രീനാഥ് അധ്യക്ഷനായി. എം വി ജയരാജൻ, കെ പി സഹദേവൻ, ടി വി രാജേഷ്, എം സുരേന്ദ്രൻ, അഡ്വ. പി സന്തോഷ്, സി കൃഷ്‌ണൻ, കെ മനോഹരൻ എന്നിവർ സംസാരിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർക്ക് പുറമെ വൈസ് ക്യാപ്‌റ്റന്മാരായ യു സൈനുദ്ദീൻ, ടി മനോഹരൻ, മാനേജർ ക്ലൈനസ് റൊസാരിയോ, കെ രമേശൻ, എൻ യേശുദാസൻ, വി വി രമേശൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..