26 April Friday

കോവിഡ്‌ രോഗികൾവരെ ആൾക്കൂട്ട സമരത്തിൽ; ഹൈക്കോടതി നിർദേശങ്ങൾക്ക്‌ പുല്ലുവില

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

തിരുവനന്തപുരം > ഹൈക്കോടതി നിർദേശത്തെ വെല്ലുവിളിച്ച്‌  യുഡിഎഫും ബിജെപിയും ആൾക്കൂട്ട അക്രമസമരം ശനിയാഴ്‌ചയും തുടർന്നു. ക്വാറന്റൈനിൽ കഴിയുന്നവരും കോവിഡ്‌ രോഗികളും വരെ സമരത്തിൽ പങ്കെടുത്തു. കോഴിക്കോടും പത്തനംതിട്ടയിലും സമരം അക്രമാസക്തമായി.

കോഴിക്കോട്‌ യൂത്ത്‌ കോൺഗ്രസ്‌ കലക്ടറേറ്റ്‌ മാർച്ചിൽ  കല്ലേറിൽ നോർത്ത്‌ അസി. കമീഷണർ കെ അഷ്‌റഫിന്‌ പരിക്കേറ്റു.  കാലിന്‌ പരിക്കേറ്റ‌ അസി. കമീഷണർ ആശുപത്രിയിൽ ചികിത്സ തേടി.‌  പൊലീസിൽനിന്ന്‌ ഷീൽഡ്‌ പിടിച്ചുവാങ്ങിയും ബാരിക്കേഡ്‌ തകർത്തും പ്രവർത്തകർ അഴിഞ്ഞാടി.  ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചിട്ടും   പിരിഞ്ഞുപോകാതെ കല്ലേറ്‌ തുടർന്ന സമരക്കാർക്കെതിരെ പൊലീസ്‌ ലാത്തി വീശി.

കൊല്ലം ശാസ്‌താംകോട്ടയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ഓഫീസിലേക്ക്‌ കോൺഗ്രസുകാർ കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌‌ മാർച്ച്‌ നടത്തി. ദൃശ്യം പകർത്തിയ ചാനൽ ക്യാമറാമാൻ സജീവിന്റെ ക്യാമറ നശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന കേരളകൗമുദി ലേഖകൻ എസ്‌ നവാസിനെയും അക്രമിച്ചു. നവാസിനെ ശാസ്‌താംകോട്ട താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടുകളിൽ ക്വാറന്റൈനിൽ കഴിഞ്ഞവരും സമരത്തിനുണ്ടായിരുന്നു. പത്തനംതിട്ടയിലും ശനിയാഴ്‌ച സമരം അക്രമാസക്തമായി. കൂട്ടമായി വന്ന സംഘം നിരവധി തവണ പൊലീസിനെ‌ പ്രകോപിപ്പിച്ച്‌ പ്രശ്‌നം സൃഷ്ടിക്കാൻ ശ്രമിച്ചു. മാസ്‌ക്‌ കൃത്യമായി ധരിക്കാതെയാണ്‌ ഭൂരിഭാഗം പ്രവർത്തകരും എത്തിയത്‌.  എറണാകുളത്ത്‌‌ കമീഷണർ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ മാസ്‌ക്‌ ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയുമാണ്‌ പ്രവർത്തകർ പങ്കെടുത്തത്‌. 

എംഎൽഎമാരായ ടി ജെ വിനോദ്‌, അൻവർ സാദത്ത്‌, വി പി സജീന്ദ്രൻ, റോജി എം ജോൺ എന്നിവരും കോടതി നിർദേശം പാലിക്കാൻ കൂട്ടാക്കിയില്ല. പാലക്കാട്ട്‌ സമരക്കാരെ സന്ദർശിച്ച ബിജെപി ജില്ലാ പ്രസിഡന്റ്‌ ഇ കൃഷ്ണദാസിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ബിജെപിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ പാതിരപ്പള്ളി, അരൂർ, ചേർത്തല, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ആൾക്കൂട്ട സമരം നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top