25 April Thursday

ക്യാപ്‌റ്റൻ നിർമലിന്‌ വിട

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

വിട, പ്രിയനേ... ഫോട്ടോ: സുനോജ് നൈനാൻ മാത്യു


കൊച്ചി
മധ്യപ്രദേശിൽ പ്രളയത്തിൽ അകപ്പെട്ട്‌ മരിച്ച ക്യാപ്‌റ്റൻ നിർമൽ ശിവരാജന്‌(30) വിട നൽകി നാട്‌. വെള്ളി പകൽ 3.30ന്‌ കലൂർ കറുകപ്പിള്ളിയിലെ പെരുമൂഴിക്കൽവീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം വൈകിട്ട്‌ ആറിന്‌ പൂർണ ഔദ്യോഗിക ബഹുമതികളോടെ പച്ചാളം ശ്‌മശാനത്തിൽ സംസ്‌കരിച്ചു. മന്ത്രി പി രാജീവ്‌ സംസ്ഥാന സർക്കാരിനുവേണ്ടി റീത്ത്‌ സമർപ്പിച്ചു.

വെള്ളി പകൽ 2.15നാണ്‌ നിർമലിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്‌. ജബൽപുരിൽ സൈനിക ആശുപത്രിയിൽ നഴ്‌സായ ഭാര്യ ഗോപീചന്ദ്രയും രണ്ട്‌ സൈനിക ഓഫീസർമാരും അനുഗമിച്ചു. നിർമലിന്റെ അച്ഛൻ പി കെ ശിവരാജനും അമ്മ സുബൈദയും മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിരുന്നു. വിമാനത്താവളത്തിൽ തിരുവനന്തപുരം ആർമി റെജിമന്റിലെ ഉദ്യോഗസ്ഥർ ഗാർഡ്‌ ഓഫ്‌ ഓണർ നൽകി. കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ നിർമലിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്‌, ഉമ തോമസ്‌, അനൂപ്‌ ജേക്കബ് തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു. നിർമലിനൊപ്പം സ്‌കൂളിൽ പഠിച്ചവരും നാട്ടുകാരുമടക്കം നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്കെത്തി. ഭാര്യ ഗോപീചന്ദ്ര സല്യൂട്ട്‌ നൽകി നിർമലിന്‌ വിട ചൊല്ലി. വീട്ടിൽ കേരള പൊലീസും പച്ചാളം ശ്‌മശാനത്തിൽ സൈനികരും ഗാർഡ്‌ ഓഫ്‌ ഓണർ നൽകി.


 

ജബൽപുരിലെത്തി ഗോപീചന്ദ്രയെ കണ്ടശേഷം 15ന്‌ രാത്രി പച്മഡിയിലുള്ള ആർമി എഡ്യുക്കേഷൻ കോർ സെന്ററിലേക്ക്‌ പോകുമ്പോഴായിരുന്നു    അപകടം. പച്മഡിയിൽനിന്ന്‌ 80 കിലോമീറ്റർ മാറി വ്യാഴം  ഉച്ചയോടെ മൃതദേഹം കണ്ടെത്തി. മഴ കാരണം റോഡിൽ കടുത്ത ഗതാഗതതടസ്സം ഉണ്ടെന്നും മറ്റ്‌ വഴി നോക്കുന്നുണ്ടെന്നും ഭാര്യയോട്‌ ഫോണിൽ പറഞ്ഞിരുന്നു. രാത്രി ഒമ്പതോടെ ഫോൺ സ്വിച്ച് ഓഫായി. റോഡിൽ വെള്ളമായിരുന്നതിനാൽ റോഡ്‌ കാണാനാകാതെ സമീപത്തെ പുഴയിലേക്ക്‌ കാർ മറിഞ്ഞതാകാമെന്നാണ്‌ കരുതുന്നത്‌. പുഴയിൽ 25 അടിയിലധികം വെള്ളമുണ്ടായിരുന്നു.

നോവായി ഐശ്വര്യയുടെ കാത്തിരിപ്പ്‌
മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച ക്യാപ്‌റ്റൻ നിർമൽ ശിവരാജന്റെ മൃതദേഹവുമായി ആംബുലൻസ്‌ വീട്ടിലെത്തുമ്പോൾ ഏവർക്കും നോവായി സഹോദരി ഐശ്വര്യ. ചേട്ടനെ അവസാനമായി കാണാൻ  വീടിന്‌ പുറത്ത്‌ കാത്തിരിക്കുകയായിരുന്നു ഐശ്വര്യ. അച്ഛനമ്മമാർക്കൊപ്പം  വിമാനത്താവളത്തിലേക്ക്‌ പോയില്ല.

വിമാനം നെടുമ്പാശേരിയിൽ ഇറങ്ങിയെന്ന്‌ അറിഞ്ഞപ്പോൾമുതൽ പുറത്തെ പന്തലിൽ കസേരയിട്ട്‌ ഇരിപ്പായി. ആംബുലൻസ്‌ ദൂരെ വഴിയിൽ എത്തിയപ്പോഴേക്കും, ബന്ധുക്കളുടെ തടസത്തിന്‌ വഴങ്ങാതെ അതിനടുത്തേക്ക്‌ എത്തി. ഐശ്വര്യ നൽകുന്ന പേന ഉപയോഗിച്ചാണ്‌ നിർമൽ എല്ലാ പരീക്ഷയും എഴുതിയിരുന്നത്‌. പരീക്ഷക്കാലത്ത്‌ വീട്ടിൽ അമ്മ കൂടെയുണ്ടാകണമെന്നതും നിർമലിന്‌ നിർബന്ധമായിരുന്നു. അടുത്തമാസം നടക്കുന്ന വകുപ്പുതല പരീക്ഷയ്‌ക്ക്‌ ചേട്ടന്‌ നൽകാൻ മികച്ച പേന വാങ്ങാനിരിക്കുകയായിരുന്നു ഐശ്വര്യ. പേന നൽകാനും പരീക്ഷയ്‌ക്ക്‌ ആത്മവിശ്വാസം പകരാനുമായി കുടുംബസമേതം നിർമലിന്‌ അടുത്തുപോകാൻ സെപ്‌തംബർ മൂന്നിന്‌ വിമാന ടിക്കറ്റും ബുക്ക്‌ ചെയ്‌തിരുന്നു. 

ഐശ്വര്യ തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ആർക്കിടെക്‌ചറിൽ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌.   കെഎസ്ഇബിയിലെ  സീനിയർ അക്കൗണ്ടന്റായിരുന്നു നിർമലിന്റെ അച്ഛൻ പി കെ ശിവരാജൻ. അമ്മ സുബൈദ ഇന്ത്യൻ ഓവർസീസ്‌ ബാങ്ക്‌ ഉദ്യോഗസ്ഥയായിരുന്നു. ഭാര്യ ഗോപീചന്ദ്ര തിരുവനന്തപുരം സ്വദേശിയാണ്‌. എട്ടുമാസംമുമ്പായിരുന്നു വിവാഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top