25 September Sunday

കള്ളക്കഥകൾ കോടതിയിൽ പൊളിഞ്ഞു ; ഡിജിറ്റൽ തെളിവോടെ 
കുറ്റപത്രം ഉടൻ

സുജിത് ബേബിUpdated: Saturday Aug 20, 2022


തിരുവനന്തപുരം
സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെല്ലാം കോടതിയിൽ പൊളിഞ്ഞതോടെ പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്നുനടത്തിയ കള്ളക്കഥകളെല്ലാം ചവറ്റുകുട്ടയിലായി.  കുറ്റപത്രം നൽകാനുള്ള ഒരുക്കത്തിലാണ്‌ അന്വേഷകസംഘം. കോടതി മുഖേന ഡിജിറ്റൽ തെളിവുകൾ ലഭിച്ചാലുടൻ പ്രത്യേക അന്വേഷകസംഘം കുറ്റപത്രം നൽകും.

തിരുവനന്തപുരത്തും എറണാകുളത്തുമായി അഞ്ചിടത്താണ്‌ ഗൂഢാലോചന നടന്നത്‌. സ്വപ്നയ്ക്കും ജോർജിനും പുറമെ സരിത്, ക്രൈം നന്ദകുമാർ എന്നിവരും ഗൂഢാലോചനയിൽ ഉൾപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. സാക്ഷിമൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥിരീകരണം. സ്വപ്നയുടെ കൈപ്പടയിൽ പി സി ജോർജിനു നൽകിയ കത്ത് കണ്ടെത്തി അന്വേഷകസംഘം ശാസ്ത്രീയ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഇതുകൂടിയാകുന്നതോടെ ഗൂഢാലോചന കേസിന് കൂടുതൽ ബലമാകും. കോടതി ഉത്തരവ് ലഭ്യമായാലുടൻ ഡിജിറ്റൽ തെളിവുകളും റിപ്പോർട്ടും ഫോറൻസിക് ലാബിൽനിന്ന് ശേഖരിച്ച് പരിശോധിക്കും. ഇതോടെ കൃത്യമായ തെളിവും കുറ്റപത്രത്തിനൊപ്പം നൽകാനാകും.

സ്വർണക്കടത്ത് സംബന്ധിച്ച് ആദ്യഘട്ടത്തിൽ സ്വപ്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കസ്റ്റംസിനും നൽകിയ മൊഴികൾക്ക് പരസ്പരവിരുദ്ധമായാണ് ഗൂഢാലോചനയ്ക്കുശേഷമുള്ള മൊഴികൾ. എഫ്ഐആർ റദ്ദാക്കാനാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി പരിഗണിക്കവേ കോടതി ഇക്കാര്യങ്ങളും പരിശോധിച്ചിരുന്നു. അതിന്റെകൂടി അടിസ്ഥാനത്തിലാണ് കോടതി ഹർജി തള്ളിയത്. അന്വേഷകസംഘം ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ ശരിവയ്‌ക്കുന്നതാണ് കോടതി ഉത്തരവ്.

തകർന്നത്‌ ‘സ്വപ്‌ന’ക്കോട്ടകൾ
ഗൂഢാലോചനക്കേസ്‌ റദ്ദാക്കണമെന്ന ഹർജികൾ ഹൈക്കോടതി തള്ളിയതോടെ ഇടിഞ്ഞുവീണത്‌ മാധ്യമങ്ങളുടെ സഹായത്തോടെ സ്വപ്‌ന കെട്ടിപ്പൊക്കിയ നുണക്കഥകളുടെ ചീട്ടുകൊട്ടാരം.  നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷ്‌  16 മാസത്തെ ജയിൽവാസക്കാലത്തുംഅതിനുശേഷം എട്ടുമാസവും പറയാതിരുന്ന ‘വെളിപാടു’കളാണ്‌ രണ്ടുമാസം മാധ്യമങ്ങൾക്കുമുന്നിൽ എഴുന്നള്ളിച്ചത്‌. ആർഎസ്‌എസ്‌ പിന്തുണയുള്ള എച്ച്‌ആർഡിഎസ്‌ കോർപറേറ്റ്‌ റെസ്‌പോൺസിബിലിറ്റി ഡയറക്ടറായ ശേഷമായിരുന്നു കോടതിയിലെ ‘രഹസ്യമൊഴി’യും പുറത്തെ ‘മാധ്യമ അഭിമുഖ’ങ്ങളും അതിനെ തുടർന്നുള്ള ആരോപണങ്ങളും.  2021 നവംബർ ആറിന്‌ ജയിൽമോചിതയായ സ്വപ്‌ന ഫെബ്രുവരി എട്ടിനാണ്‌ എച്ച്‌ആർഡിഎസിലെത്തിയത്‌.

കള്ളപ്പണകേസിൽ രഹസ്യമൊഴിനൽകുംമുമ്പ്‌ കസ്‌റ്റംസ്‌ കേസിൽ 2020 ഡിസംബറിലും ഇവർ കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു.  ജയിലിൽ നിന്നിറങ്ങിയ ശേഷം 2021 നവംബർ 11ന്‌  ഇഡി കൊച്ചി ഓഫീസിലും മൊഴിനൽകി. അന്നൊന്നും പറയാനില്ലാത്ത കഥകളാണ്‌ ആർഎസ്‌എസ്‌ തിരക്കഥയിൽ പിന്നെ തുടർച്ചയായി ഏതാനും ചാനലുകൾക്കുമാത്രം സ്വപ്‌ന വിളമ്പിയത്‌. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക്‌ ബിരിയാണി ചെമ്പിൽ സ്വർണം കൊണ്ടുപോകുന്നത്‌ കണ്ടെന്നുവരെ കള്ളം പറഞ്ഞ സ്വപ്‌ന ഇഷ്‌ടമുള്ള ചാനലുകളോട്‌ വാതോരാതെ കഥപറഞ്ഞു. ചോദ്യംചെയ്‌തവരോടൊക്കെ രോഷാകുലയായി. ഒടുവിൽ കോഴിക്കോട്‌ വിവാഹ സൽക്കാരത്തിനെത്തിയ യുഎഇ സർക്കാർ ഉദ്യോഗസ്ഥൻ സാറ്റലൈറ്റ്‌ ഫോണുമായി പിടിയിലായത്‌ ചാരക്കഥയാക്കി മാറ്റാനും അതിന്റെ മറവിൽ പുകമറ സൃഷ്‌ടിക്കാനും  നോക്കി. തെളിവു സഹിതം മാധ്യമങ്ങൾ അതു പൊളിച്ചടുക്കിയപ്പോൾ മറുപടിയില്ലാതെ ഒളിച്ചോടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top