19 March Tuesday

കേന്ദ്ര സർവകലാശാലാ നിയമനം ; സ്വീപ്പർമുതൽ പ്രൊഫസർവരെ 
സംഘപരിവാർ പട്ടികയിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022


കാസർകോട്‌
കേരള കേന്ദ്രസർവകലാശാലയിൽ സ്വീപ്പർ തസ്‌തികമുതൽ ഉന്നതപദവിവരെ നിയമനം സംഘപരിവാർ പട്ടികയിൽനിന്ന്‌ മാത്രം. സ്ഥാനക്കയറ്റത്തിനുപോലും സംഘപരിവാർ സംഘടനകൾ സർവകലാശാലാ ഉന്നതരെ സ്വാധീനിക്കുന്നതായി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. അസിസ്റ്റന്റ്‌/ അസോസിയറ്റ്‌ പ്രൊഫസർ, പ്രൊഫസർ തസ്‌തികകളിലേക്ക്‌ ഇപ്പോൾ നിയമനം നടക്കുന്നുണ്ട്‌. ഇത്‌ നിയന്ത്രിക്കുന്നതിൽ പ്രധാനി ഭാരതീയ വിചാരകേന്ദ്രം മുൻ വൈസ്‌ പ്രസിഡന്റും മുൻ പ്രൊ വൈസ്‌ചാൻസലറുമായ അധ്യാപകനാണ്‌. ഇദ്ദേഹത്തെ പിവിസിയായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന്‌ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. ഇതിൽ കേസും നടക്കുന്നു. ഇന്റർനാഷണൽ റിലേഷൻസ്‌ ആൻഡ്‌ പൊളിറ്റിക്‌സ്‌ വിഭാഗത്തിൽ ഡീനായ ഇദ്ദേഹത്തിന്റെ വകുപ്പിൽ അധ്യാപകരായി നിയമനം ലഭിച്ചവർ സംഘപരിവാർ ഉന്നതവിദ്യാഭ്യാസ സംഘടനാനേതാക്കളും പ്രവർത്തകരുമാണ്‌.

എബിവിപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ നാഗലിംഗത്തെ ചട്ടം മറികടന്ന്‌ സോഷ്യൽ വർക്‌സ്‌ വകുപ്പിൽ അസോസിയറ്റ്‌ പ്രൊഫസറായി നിയമിച്ചത്‌ ഹൈക്കോടതി കഴിഞ്ഞയാഴ്‌ചയാണ്‌ തടഞ്ഞത്‌. ഗുജറാത്തിലെ ബിജെപി ഭരണമാതൃകയെ വാഴ്‌ത്തി ഗവേഷണം നടത്തിയ ഡോ. ജി ദുർഗാറാവുവിന്‌ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസറായി ജോലി കിട്ടി. ഇദ്ദേഹത്തേക്കാൾ ഗവേഷണ, അധ്യാപക പരിചയവും പ്രസിദ്ധീകരണങ്ങളുമുള്ളവരെ തഴഞ്ഞായിരുന്നു നിയമനം. കൊമേഴ്‌സ്‌, മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌ ഡിപ്പാർട്ട്‌മെന്റുകളിൽ നിയമിച്ചവർക്ക്‌ പിഎച്ച്‌ഡി പോലുമില്ല.

ലാസ്റ്റ്‌ ഗ്രേഡ്‌ കരാർ നിയമനങ്ങൾ മുഴുവൻ ബിജെപി നേതാക്കൾക്ക്‌ ബന്ധമുള്ള മാൻപവർ ഔട്ട്‌സോഴ്‌സ്‌ കമ്പനി മുഖേനയാണ്‌. സർവകലാശാലയ്‌ക്കായി പെരിയ മാളത്തുംപാറയിൽ സ്ഥലം ഏറ്റെടുത്തപ്പോൾ വീട്‌ നഷ്ടമായവർക്ക്‌ സർവകലാശാലയിൽ ജോലി വാഗ്‌ദാനം ചെയ്‌തിരുന്നു. ആർഎസ്‌എസിൽ പ്രവർത്തിക്കാമെന്ന ഉറപ്പുവാങ്ങിയാണ്‌ പലർക്കും ജോലി നൽകിയത്‌.

സംഘപരിവാറുകാരെ 
കുത്തിനിറച്ച് കേന്ദ്രം
ജെഎൻയു ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ സംഘപരിവാർ അനുകൂലികളെ സുപ്രധാന തസ്‌തികകളിൽ ചട്ടംലംഘിച്ച്‌ നിയമിക്കുന്നത്‌ കേന്ദ്ര സർക്കാരിന്റെ വിനോദം. യുജിസി ചെയർമാനായി മോദി സർക്കാർ നിയമിച്ച എം ജഗദേശ്‌കുമാർ ജെഎൻയു വൈസ്‌ചാൻസലർ ആയിരുന്നപ്പോൾ സംഘപരിവാർ അനുകൂലികളെ അധ്യാപകരായി നിയമിച്ചത്‌ വൻവിവാദമായി. 2017 ജൂൺ മുതൽ നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച്‌ നിരവധിപേരെ ഇദ്ദേഹം നിയമിച്ചു. 2018ൽ സെന്റർ ഫോർ കംപാരിറ്റീവ്‌ പൊളിറ്റിക്‌സ്‌ ആൻഡ്‌ പൊളിറ്റിക്കൽ തിയറിയിലെ (സിസിപിടി) വിവാദ നിയമനങ്ങൾക്കെതിരെ പ്രതികരിച്ച പ്രൊഫ. നിവേദിത മേനോനെ ചെയർപേഴ്‌സൺ സ്ഥാനത്തുനിന്ന്‌ നീക്കി. അസി. പ്രൊഫസർ അഭിമുഖത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്‌ചവച്ചയാളെ നിയമിക്കാനുള്ള വിസിയുടെ ഇടപെടൽ വെളിപ്പെടുത്തിയതിനായിരുന്നു അത്‌. ഇംഗ്ലീഷ്‌ ഡിപ്പാർട്ട്‌മെന്റിൽ ശ്രദ്ധേയ പ്രബന്ധംപോലും തയ്യാറാക്കാത്ത സംഘപരിവാർ അനുകൂലിയായ അസി. പ്രൊഫസർക്ക്‌ ഇരട്ട സ്ഥാനക്കയറ്റം നൽകി പ്രൊഫസറാക്കി. പ്രോക്ടർ, ചീഫ്‌പ്രോക്ടർ, ഹോസ്റ്റൽ വാർഡൻ തസ്‌തികകളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റി.

ജഗദേശ്‌കുമാറിനുപകരം ജെഎൻയു വിസിയാക്കിയത്‌ ഗാന്ധിഘാതകൻ ഗോഡ്‌സെയെ ന്യായീകരിച്ച ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റിനെ. പുണെ സാവിത്രിബായ്‌ ഫുലേ സർവകലാശാലയിൽ പ്രൊഫസറായിരിക്കെ, ചട്ടംലംഘിച്ച്‌ വിദ്യാർഥികൾക്ക്‌ പ്രവേശനം നൽകിയ ഇവർ അച്ചടക്കനടപടി നേരിട്ടിരുന്നു. യുജിസി മാനദണ്ഡപ്രകാരം കറപുരളാത്ത വ്യക്തിത്വമുള്ളവരെയാണ്‌ വിസിമാരായി നിയമിക്കേണ്ടത്‌. എന്നാൽ, അച്ചടക്കനടപടി നേരിട്ടയാളെ ജെഎൻയു വിസിയാക്കിയാണ്‌ കേന്ദ്ര സർക്കാർ ‘ആദരിച്ചത്‌’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top