26 April Friday

കെഎസ്‌ആർടിസിക്ക്‌ 12,100 കോടി കടം ; അധികൃതർ ഹൈക്കോടതിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022


കൊച്ചി
കെഎസ്ആർടിസിക്ക് 12,100 കോടിയുടെ കടബാധ്യത ഉണ്ടെന്ന്‌ അധികൃതർ ഹൈക്കോടതിയില്‍. സർക്കാർ അനുവദിച്ച 8713 കോടിയും ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നെടുത്ത 3030 കോടിയും കെടിഡിഎഫ്സിയിൽനിന്നെടുത്ത 356 കോടിയും ചേർന്നാണ് ഇത്രയും തുകയെന്ന് സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി. ജീവനക്കാർക്ക് ശമ്പളം മുടങ്ങാതെ നൽകണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാരായ ആർ ബാജിയും മറ്റും സമർപ്പിച്ച ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കോർപറേഷൻ ആസ്തിബാധ്യതകൾ അറിയിച്ചത്.

കോർപറേഷന് 417 ഏക്കർ ഭൂമിയുണ്ട്‌. പണിപൂർത്തിയായ എട്ട് ഷോപ്പിങ്‌ കോംപ്ലക്സുണ്ട്. ആറെണ്ണം നിർമാണത്തിലാണ്. 28 ഡിപ്പോയും 45 സബ് ഡിപ്പോയും 19 ഓപ്പറേറ്റിങ്‌ കേന്ദ്രവും 25 സ്റ്റേഷൻ മാസ്റ്റർ ഓഫീസും അഞ്ച്‌ വർക്‌ഷോപ്പും മൂന്ന് സ്റ്റാഫ് ട്രെയിനിങ്‌ കോളേജുമുണ്ട്. ഡിപ്പോകളിലും മേഖല, -ജില്ലാ കേന്ദ്രങ്ങളിലും ബസ്‌സ്‌റ്റാൻഡുകളിലും കെട്ടിടങ്ങളുണ്ട്. 5732 വാഹനത്തിൽ 5255 സർവീസ് ബസാണ്.

ശമ്പളവും പെൻഷനും നൽകാനാണ് സർക്കാർ വായ്‌പ അനുവദിക്കുന്നത്‌. കോവിഡ് പ്രതിസന്ധിയിൽ കൺസോർഷ്യം വായ്പാതിരിച്ചടവിന് 420 കോടി സർക്കാർ അനുവദിച്ചു.  കെടിഡിഎഫ്സിയിൽനിന്നെടുത്ത വായ്പ അടയ്‌ക്കുന്നുണ്ടെന്നും  ദിവസ തിരിച്ചടവ് 1.6 കോടിയാണെന്നും കോർപറേഷൻ അറിയിച്ചു.

ഗതാഗതമന്ത്രി 27ന്‌ യോഗം വിളിച്ചു
ശമ്പളപ്രശ്‌നത്തിൽ കെഎസ്‌ആർടിസി ജീവനക്കാർ സമരം ശക്തമാക്കുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു 27ന് യോഗം വിളിച്ചു. ട്രേഡ്‌ യൂണിയൻ  പ്രതിനിധികളുമായി വൈകിട്ട്‌ 4.30ന്‌ മന്ത്രിയുടെ ചേംബറിലാണ്‌ യോഗം. സിഎംഡി ബിജു പ്രഭാകർ പങ്കെടുക്കും.  ശമ്പളം എല്ലാമാസവും അഞ്ചിനകം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക്‌ പോകുമെന്ന്‌ കെഎസ്‌ആർടിഇഎ (സിഐടിയു) വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top