25 April Thursday

തെളിവെടുപ്പ് : എല്ലാം ഓര്‍ത്തുപറഞ്ഞ് സന്ദീപ്

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023


കൊട്ടാരക്കര
ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ച് തെളിവെടുത്തു. 10ന് സന്ദീപ് ആശുപത്രിയിൽ ആക്രമണം നടത്തിയ സമയത്തിനു സമാനമായി പുലർച്ചെ 4.30നാണ് അന്വേഷക സംഘത്തലവൻ എം എം ജോസിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിന് എത്തിച്ചത്.  ഡോ. വന്ദന ദാസിനെ ഉൾപ്പെടെ കുത്താൻ ഉപയോ​ഗിച്ച കത്രികയെടുത്ത പ്രൊസീജിയർ റൂം, ഹോം​ഗാർഡിനെയും പൊലീസുകാരെയും ആക്രമിച്ചയിടം, ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന ഒബ്സർവേഷൻ മുറി, വെള്ളം കുടിക്കുകയും മുഖം കഴുകുകയും ചെയ്ത വാട്ടർ പ്യൂരിഫയർ, തിരിച്ചുവന്നിരുന്ന ഇരിപ്പടം എന്നിവിടെയെല്ലാം എത്തിച്ചു. സംഭവങ്ങൾ ഓരോന്നായി സന്ദീപ് ഓർത്തെടുത്ത് പറഞ്ഞു.  ശക്തമായ പൊലീസ് കാവലിൽ നടന്ന തെളിവെടുപ്പ് നടപടികൾ അഞ്ചുവരെ നീണ്ടു.

എവിടെ നിന്നാണ് കത്തിയെടുത്തത് എന്ന ചോദ്യത്തിന് പ്രൊസീജിയർ റൂമിൽ നിന്നാണെന്ന് മൊഴി നൽകി. നഴ്സിങ് അസിസ്റ്റന്റ് കാണാതെ കത്രിക എടുത്തതായി സമ്മതിച്ചു. ശേഷം വെളിയിലേക്കുവന്ന് കണ്ടവരെയെല്ലാം കത്രികകാെണ്ട് കുത്തുകയായിരുന്നു. തുടർന്ന്  ഡോ.വന്ദന നിന്നിരുന്ന ഒബ്സർവേഷൻ റൂമിലേക്ക് പോയതുമാത്രമാണ് ഓർമയിലുള്ളത്. ശേഷം സമീപത്തെ കസേരയിൽ വന്നിരുന്നു. തുടർന്ന് വാട്ടർ പ്യൂരിഫയറിൽ വെള്ളം കുടിച്ച്, മുഖവും കൈയും കഴുകിയശേഷം വീണ്ടും വന്ന് കസേരയിൽ ഇരുന്നു. അവിടെ ആയുധമിട്ടെന്നും സന്ദീപ് വിശദീകരിച്ചു.  പത്തിന് പുലർച്ചെ 4.30നാണ് പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സന്ദീപിനെ എത്തിച്ചത്. 4.40ന് മുറിവ് ക്ലീൻ ചെയ്യാൻ പ്രൊസീജിയർ റൂമിലേക്ക് കയറ്റിയ സന്ദീപ് പിന്നീട് പെട്ടെന്ന് അക്രമാസക്തനായി എല്ലാവരെയും ആക്രമിക്കുകയായിരുന്നു.

മാനസികനില പരിശോധിക്കാൻ 
പ്രതിയെ അഡ്മിറ്റ് ചെയ്യണം ; മെഡിക്കൽ ബോർഡിന്റെ ശുപാർശ
കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ  പ്രതി ജി സന്ദീപിന്റെ മാനസികനില വിലിയിരുത്താൻ അഡ്മിറ്റ് ചെയ്തുള്ള വിശദ പരിശോധന ആവശ്യമാണെന്ന് മെഡിക്കൽ ബോർഡിന്റെ ശുപാർശ. മനോരോ​ഗനിർണയ പരിശോധനകൾ ആവശ്യമാണ്‌. തലച്ചോറും നാഡിവ്യൂഹവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തകരാറുണ്ടോയെന്ന്  (ഉൽക്കണ്ഠ, ഭയം തുടങ്ങിയ ന്യൂറോ സൈക്കോളജിക്കൽ തകരാറുകൾ) പരിശോധിക്കണം. ഇതെല്ലാം ഒന്നോ രണ്ടോ ദിവസംകൊണ്ട് ചെയ്യാനാകില്ല. മെഡിക്കൽ ബോർഡിന്റെ പൂർണ നിരീക്ഷണത്തിൽ അഡ്മിറ്റ് ചെയ്ത് സമയമെടുത്ത് വിലയിരുത്തേണ്ടതാണ്. സന്ദീപ് ചില വിഭ്രാന്തികൾ കാണിച്ചിട്ടുണ്ട്. ഇത് മയക്കുമരുന്ന് ഉപയോ​ഗത്തിന്റെ ഭാ​ഗമായ വിത്ഡ്രോവൽ ലക്ഷണങ്ങളാണോയെന്ന്‌ വിശദമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാകൂ.

റിപ്പോർട്ട് അന്വേഷക സംഘത്തിന് വെള്ളിയാഴ്ച ലഭിച്ചു. ഈ റിപ്പോർട്ട് ശനിയാഴ്ച കോടതിയിൽ സമർപ്പിക്കും. കോടതി ഉത്തരവ്‌ അനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർഎംഒ മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള  വിദഗ്ധരടങ്ങിയ മെഡിക്കൽ ബോർഡ് ബുധനാഴ്ചയാണ് സന്ദീപിനെ പരിശോധിച്ചത്. സൈക്യാട്രിസ്റ്റ്‌, സൈക്കോളജിസ്റ്റ്, ഓർത്തോ, ഫിസിഷ്യൻ, ന്യൂറോ സർജൻ എന്നിവരടങ്ങിയ ഏഴം​ഗം ബോർഡാണ് സന്ദീപിന്റെ മാനസികനില വിലയിരുത്തിയത്.

ഇന്ന് കോടതിയിൽ 
ഹാജരാക്കും
സന്ദീപിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡി ശനിയാഴ്ച പകൽ ഒന്നിന് അവസാനിക്കും. ഇതിനുശേഷം സന്ദീപിനെ അന്വേഷക സംഘം കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ചയാണ് അഞ്ചുദിവസത്തെ കസ്റ്റഡിയിൽ സന്ദീപിനെ വിട്ടത്. വെള്ളിയാഴ്ച കൊട്ടാരക്കര താലൂക്കാശുപത്രിയിലും വ്യാഴാഴ്ച ജന്മനാടായ ചെറുകരക്കോണത്തും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. മെഡിക്കൽ ബോർഡിനു മുന്നിലും ഹാജരാക്കി. അതിനാൽ കസ്റ്റഡി കാലാവധി അന്വേഷക സംഘം നീട്ടി ചോദിക്കില്ല. അതേസമയം ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടാൻ അപേക്ഷ നൽകും.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top