23 April Tuesday

നികുതി വിഹിതം 
ഔദാര്യമല്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


തിരുവനന്തപുരം
ഒരുതട്ടിലുള്ള സർക്കാർ മറ്റൊരുതട്ടിലുള്ള സർക്കാരിന്‌ ഔദാര്യമായി നൽകുന്നതല്ല നികുതി വിഹിതമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര, -സംസ്ഥാന, -പ്രാദേശിക സർക്കാരുകൾക്ക്  വലിയ ഉത്തരവാദിത്വമാണുള്ളത്.  ആ നിലയ്ക്ക് സംസ്ഥാനങ്ങൾകൂടി ശാക്തീകരിക്കപ്പെട്ടാലേ യഥാർഥ ഫെഡറലിസം നിലിനിൽക്കൂയെന്നും അദ്ദേഹം പറഞ്ഞു. ഇൻകം ടാക്‌സ്‌ എംപ്ലോയീസ്‌ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പരിമിതമായ വിഭവസമാഹരണശേഷിയാണ്‌ സംസ്ഥാനങ്ങൾക്കുള്ളത്‌. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങൾ ഉൾപ്പെടുന്ന സാമൂഹ്യക്ഷേമ മേഖലകളുടെ ഭാരിച്ച ഉത്തരവാദിത്വവും ഏറ്റെടുക്കണം‌. വിഭവസമാഹരണ സ്രോതസ്സുകളിൽ നല്ലൊരു ഭാഗവും കേന്ദ്രത്തിന്റെ പക്കലാണ്‌. ഇത്‌ സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കും.

സംസ്ഥാനങ്ങൾ തമ്മിൽ പ്രതിശീർഷ വരുമാനത്തിൽ വലിയ അന്തരമുണ്ട്.  കേരളംപോലുള്ള ചുരുക്കം സംസ്ഥാനങ്ങളൊഴിച്ചാൽ, രാജ്യത്തുടനീളം പ്രാദേശിക സർക്കാരുകൾ വേണ്ടത്ര ശാക്തീകരിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതികൾ പലതവണ അഭിപ്രായപ്പെട്ടിരുന്നു. ദേശീയതലത്തിൽ പിരിക്കുന്ന നികുതികൾ, ഭരണഘടനാപരമായി സംസ്ഥാനങ്ങൾവഴി പ്രാദേശിക സർക്കാരുകൾക്ക്‌‌‌ വീതംവയ്‌ക്കുന്നത്‌ ഇത്തരം അസന്തുലിതാവസ്ഥകൾ കുറയ്ക്കാനാണ്. കേന്ദ്രം പിരിക്കുന്ന നികുതിയുടെ നിശ്ചിതഭാഗം സംസ്ഥാനങ്ങൾക്കായി വിഭജിക്കണമെന്ന്‌ ഭരണഘടനയുടെ അനുച്ഛേദം 270 പറയുന്നു. ഇതിനാണ്‌ അനുച്ഛേദം 280 വഴി അഞ്ചുവർഷത്തിലൊരിക്കൽ ധനകമീഷനെ രാഷ്‌ട്രപതി നിയമിക്കുന്നത്‌.

അടുത്തകാലത്തായി സർചാർജുകളുടെയും സെസുകളുടെയും അനുപാതം കുത്തനെ ഉയരുകയാണ്‌. മൊത്തം കേന്ദ്ര നികുതി വരുമാനത്തിന്റെ 15 ശമതാനത്തോളം ഇവ എത്തപ്പെട്ടിരിക്കുന്നു. ഈ വർധനയ്‌ക്ക്‌ ആനുപാതികമായി സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്ന നികുതി കുറയുന്നു. ഇതുകൊണ്ട്‌ സാമൂഹ്യക്ഷേമ നടപടികളിലും വികസന പ്രവർത്തനങ്ങളിലും ഏർപ്പെടാനുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തികശേഷി കുറയ്‌ക്കുന്നു. ഇത്‌ സംസ്ഥാനങ്ങളെമാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top