25 April Thursday

‘യശയ്യ പ്രവാചകന്റെ വാക്കുകൾ 
നടപ്പാക്കുന്ന പ്രസ്ഥാനം’ : ഫാദർ ജിജി തോമസ്‌

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022



പാലക്കാട്‌
കെഎസ്‌കെടിയു  സംസ്ഥാന സമ്മേളനത്തിൽ പള്ളീലച്ചനെന്താ കാര്യമെന്തെന്ന്‌ മൂക്കത്ത്‌ വിരൽ വയ്‌ക്കുന്നവരുണ്ട്‌. എന്നാൽ ഫാദർ ജിജി തോമസിനോട്‌ സംസാരിച്ചാലറിയാം  എന്തിനുവേണ്ടി അദ്ദേഹം ഇവിടെയെത്തി, എന്തിന്‌ ഈ തൊഴിലാളി സംഘടനയ്‌ക്കൊപ്പം കൂടി എന്ന്‌. 

വിവിധ സംഘടനകളെപ്പറ്റി ആഴത്തിൽ പഠിച്ചശേഷമാണ്‌ തന്റെ ആശയങ്ങളുമായി ഇഴ ചേർന്നു നിൽക്കുന്നത്‌ കെഎസ്‌കെടിയു ആണെന്ന്‌ മനസിലായതെന്ന്‌ ഫാ. ജിജി തോമസ്‌ പറയുന്നു. പാവപ്പെട്ടവരിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരുടെ സുഖത്തിലും ദുഃഖത്തിലും പങ്കാളിയായി  അവരിലൊരാളായി മാറാൻ ഈ സംഘടനയിലൂടെ സാധിച്ചു.   യശയ്യ പ്രവാചകന്റെ പുസ്‌തകത്തിൽ അഞ്ചാം അധ്യായത്തിൽ പറയുന്നുണ്ട്‌ ‘രോഗികളെ സന്ദർശിക്കുക, അനാഥരെ സംരക്ഷിക്കുക, തടവിലുള്ളവരെ കണ്ട്‌ ആശ്വാസം നൽകുക, നുകം ചുമക്കുന്നവനെ സ്വതന്ത്രനാക്കുക’. ഇതു തന്നെയാണ്‌ കെഎസ്‌കെടിയുവിലൂടെ സാധ്യമാവുന്നത്‌.

കോളനികളിലും ആദിവാസി മേഖലയിലും സജീവമായി  പ്രവർത്തിക്കുന്നു. അടൂരിൽ നാല്‌ തൊഴിലാളി  കുടുംബങ്ങളുടെ  ഉത്തരവാദിത്തം ഏറ്റെടുത്ത്‌ എല്ലാ ചെലവും വഹിച്ച്‌ പെൺമക്കളുടെ വിവാഹം നടത്തി. പുറം ലോകത്തേക്ക്‌ ബന്ധമില്ലാതെ ജീവിക്കുന്ന ശബരിമല അടിവാരത്ത്‌ മഞ്ഞത്തോട്‌ ആദിവാസി കോളനിയിൽ ആശ്വാസമെത്തിച്ചു. വിദ്യാർഥികൾക്ക്‌   പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും നൽകി.  പുഴുവരിച്ച്‌ കിടക്കുന്ന സ്‌ത്രീയെ ഏറ്റെടുത്ത്‌ ചികിത്സിച്ച്‌ അതിഥി മന്ദിരത്തിലേക്ക്‌ മാറ്റി.  ഇതൊക്കെ ചെയ്യാനായത്‌ ഈ  സംഘടനയുടെ മഹത്വം കൊണ്ടാണ്‌.  ജനങ്ങളിലിറങ്ങിയാണ്‌ പാർടി പ്രവർത്തനം നടത്തേണ്ടത്‌. ജീവിതം എന്താണെന്ന്‌ മനസിലാക്കണം. കെഎസ്‌കെടിയുവിലൂടെയുള്ള പ്രവർത്തനം  പൂർണമായും മാനസിക സംതൃപ്‌തി നൽകുന്നതാണെന്ന്‌ ഫാദർ പറഞ്ഞു.

മൂന്നു വർഷമായി കെഎസ്‌കെടിയുവിന്റെ സജീവ പ്രവർത്തകനാണ്‌. പത്തനംതിട്ട ജില്ലാക്കമ്മിറ്റിയംഗമാണ്‌.  സിപിഐ എം കോന്നി ഏരിയയിലെ മൂർത്തിമുരുപ്പ്‌ ബ്രാഞ്ചംഗവുമാണ്‌. സംസ്ഥാന സമ്മേളനത്തിൽ ആദ്യമായാണ്‌ പങ്കെടുക്കുന്നത്‌. പത്തനംതിട്ട മെഴുവേലി സെന്റ്‌ ജോർജ്‌ ഷാലെ യാക്കോബാ സുറിയാനി പള്ളിയുടെ ചുമതലയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top